സാംസ്കാരിക നായകര്‍ എന്ന കാറ്റഗറിയില്‍പ്പെട്ടവരുടെ ശബ്ദമുയരാതെ സാംസ്കാരിക മന്ത്രിയെ പുറത്താക്കി; അവാര്‍ഡും അക്കാദമി അംഗത്വവുമായി പരാദജീവികള്‍ ഹാപ്പിയായി ഇരിക്കട്ടെ: വി.ടി. ബല്‍റാം
തിരുവനന്തപുരം: ഭരണഘടനാ വിരുദ്ധ പരാമര്‍ശം നടത്തിയതില്‍ മന്ത്രി സജി ചെറിയാന് രാജിവെച്ചതിന് പിന്നാലെ സാംസകാരികപ്രവര്‍ത്തകരെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് വി.ടി. ബല്‍റാം. സാംസ്കാരിക നായകര്‍ എന്ന കാറ്റഗറിയില്‍പ്പെട്ടവരുടെ ശബ്ദമുയരാതെ സാംസ്കാരിക മന്ത്രിയെ പുറത്താക്കിയെന്ന് ബല്‍റാം പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു വി.ടി. ബല്‍റാമിന്റെ പ്രതികരണം.
‘സാംസ്കാരിക നായകര്‍ എന്ന പതിവ് കാറ്റഗറിയില്‍പ്പെട്ട ആരുടേയും ശബ്ദമുയരാതെ തന്നെ ഒരു സാംസ്ക്കാരിക മന്ത്രിയെ പുറത്താക്കിക്കാന്‍ കഴിഞ്ഞു എന്നതാണ് ഈ രാജിയുടെ ഏറ്റവും വലിയ പ്രത്യേകത. അവാര്‍ഡും അക്കാദമി അംഗത്വവും പരിപാടിക്കുള്ള ടി.എയുമൊക്കെയായി ആ വക പരാദജീവികള്‍ ഹാപ്പിയായിത്തന്നെ ഇരിക്കട്ടെ,’ എന്നാണ് ബല്‍റാം ഫേസ്ബുക്കില്‍ എഴുതിയത്.
സജി ചെറിയാന്റെ രാജി തീരുമാനം പ്രതിപക്ഷം സ്വാഗതം ചെയ്തു. പ്രതിപക്ഷ ആവശ്യം അംഗീകരിച്ച് സജി ചെറിയാന് മന്ത്രി സ്ഥാനം രാജിവെച്ചതിനെ സ്വാഗതം ചെയ്യുന്നതായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് പറഞ്ഞു. രാജി പ്രഖ്യാപനത്തിലും തന്റെ വിവാദ പ്രസംഗത്തെ തള്ളിപറഞ്ഞിട്ടില്ലെന്നും സതീശന് പറഞ്ഞു.അദ്ദേഹം പറഞ്ഞത് എല്ലാവരും കേട്ടതാണ്. രാജി സ്വതന്ത്ര തീരുമാനം എന്നാണ് അദ്ദേഹം പറഞ്ഞത്. അപ്പോള്‍ ഈ വിഷയത്തില്‍ പാര്‍ട്ടിയുടെയും മുഖ്യമന്ത്രിയുടെയും നിലപാട് എന്താണ് എന്നും സതീശന് ചോദിച്ചു.
അദ്ദേഹം ഇപ്പോഴും പ്രസംഗത്തെ തള്ളിപ്പറഞ്ഞിട്ടില്ല. ഇപ്പോഴും അദ്ദേഹം അതിനെ ന്യായീകരിക്കുകയാണ്. ചെയ്തത് ക്രമിനല്‍ കുറ്റമാണ്. ഭരണഘടനയെ തള്ളിപ്പറഞ്ഞയാള്‍ എം.എല്‍.എ സ്ഥാനം കൂടി രാജിവെക്കണമെന്നും സതീശന് പറഞ്ഞു.
വിവാദത്തില്‍ മുഖ്യമന്ത്രി മൗനം പാലിക്കുകയാണ്. ഒരു പത്രക്കുറിപ്പ് പോലുമില്ല. സര്‍ക്കാര്‍ കേസ് എടുത്തില്ലെങ്കില്‍ പ്രതിപക്ഷം നിയമവഴി തേടുമെന്നും നാവുപിഴ എന്ന് പറയുന്നത് സാമാന്യ ബോധത്തിനോടുള്ള വെല്ലുവിളിയാണെന്നും സതീശന് കൂട്ടിച്ചേര്‍ത്തു.രണ്ടാം എല്‍ഡിഎഫ് സര്‍ക്കാരിലെ ഒന്നാം വിക്കറ്റാണ് സജി ചെറിയാന്റെ രാജിയെന്നായിരുന്നു കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകര്‍ പറഞ്ഞു. രണ്ടാം വിക്കറ്റ് ഉടന്‍ വീഴും. സ്വര്‍ണക്കടത്ത് കേസില്‍ ആരോപണ വിധേയനായ ക്യാപ്റ്റന്റെ വിക്കറ്റും തെറിക്കുമെന്നും സുധാകരന് പരിഹസിച്ചു.