ഇളയരാജ, വി. വിജയേന്ദ്ര പ്രസാദ്, വീരേന്ദ്ര ഹെഗ്‌ഡെ; പി.ടി. ഉഷക്കൊപ്പം രാജ്യസഭയിലേക്കെത്തുന്നവര്‍

0

ന്യൂദല്‍ഹി: സംഗീതജ്ഞന്‍ ഇളയരാജ, ബാഹുബലി അടക്കമുള്ള സിനിമകളുടെ എഴുത്തുകാരന്‍ വി. വിജയേന്ദ്ര പ്രസാദ്,
ജീവകാരുണ്യ പ്രവര്‍ത്തകന്‍ വീരേന്ദ്ര ഹെഗ്‌ഡെ എന്നിവരെയും രാജ്യസഭയിലേക്ക് രാഷ്ട്രപതി നാമനിര്‍ദേശം ചെയ്തു.

മലയാളി ഒളിമ്പ്യനായ പി.ടി. ഉഷയെ അടക്കം രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്യപ്പെട്ട നാല് പേരെയും പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു. എല്ലാ ഇന്ത്യക്കാര്‍ക്കും പ്രചോദനമാണ് പി.ടി. ഉഷയെന്ന് പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു. തലമുറകളെ സ്വാധീനിച്ച സംഗീതജ്ഞനാണ് ഇളയരാജയെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

പി.ടി. ഉഷ ജി ഓരോ ഇന്ത്യക്കാരനും പ്രചോദനമാണ്. സ്പോര്‍ട്സിലെ അവരുടെ നേട്ടങ്ങള്‍ രാജ്യത്തിന് അഭിമാനമാണ്. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി വളര്‍ന്നുവരുന്ന അത്‌ലറ്റുകളെ പരിശീലിപ്പിക്കുന്ന ഉഷയുടെ പ്രവര്‍ത്തനവും പ്രശംസനീയമാണ്. രാജ്യസഭയിലേക്ക് നോമിനേറ്റ് ചെയ്യപ്പെട്ടതിന് അഭിനന്ദനങ്ങള്‍,’ എന്നാണ് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തത്.

ഡോ. ബി.ആര്‍. അംബേദ്കറിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും താരതമ്യം ചെയ്ത് ഇളയരാജ പറഞ്ഞത് വിവാദമായിരുന്നു. ബ്ലൂ കാര്‍ട്ട് ഡിജിറ്റല്‍ ഫൗണ്ടേഷന്‍ പ്രസിദ്ധീകരിച്ച ‘അംബേദ്കര്‍ ആന്റ് മോദി: റീഫോമേഴ്‌സ് ഐഡിയാസ് പെര്‍ഫോമന്‍സ് ഇംപ്ലിമെന്റേഷന്‍’ എന്ന പുസ്തകത്തിലെ ആമുഖത്തിലാണ് ഇളയരാജ മോദിയേയും അംബേദ്കറേയും താരതമ്യം ചെയ്യുന്നത്.

സമൂഹത്തില്‍ അധഃസ്ഥിതവിഭാഗങ്ങളില്‍ നിന്ന് പ്രതിസന്ധികളോട് പോരാടിയാണ് മോദിയും അംബേദ്കറും വിജയിച്ചുവന്നത്. അടിച്ചമര്‍ത്തുന്ന സാമൂഹ്യ വ്യവസ്ഥയും പട്ടിണിയും ഇരുവരും നേരിട്ടിട്ടുണ്ട്. അവയെ ഇല്ലാതാക്കാന്‍ ഇരുവരും പ്രവൃത്തിച്ചുവെന്നും പുസ്തകത്തില്‍ പറയുന്നുമോദിയും അംബേദ്ക്കറും ഇന്ത്യക്ക് വേണ്ടി സ്വപ്നം കണ്ടു. ഇരുവരും പ്രായോഗികതയിലും പ്രവൃത്തിയിലും വിശ്വസിക്കുന്നവരായിരുന്നുവെന്നും ഇളയരാജ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഇളയരാജയെ രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്യുന്നത്.

Leave A Reply

Your email address will not be published.