ബി.സി.സി.ഐക്കെതിരെ വിമർശനവുമായി ഇര്‍ഫാന്‍ പത്താന്‍

0

ഇന്ത്യയുടെ വിന്‍ഡീസ് പര്യടനത്തില്‍ സീനിയര്‍ താരങ്ങളെ ഒഴിവാക്കിയതിന് പിന്നാലെ വിമര്‍ശനവുമായി മുന്‍ ഇന്ത്യന്‍ സൂപ്പര്‍ താരം ഇര്‍ഫാന്‍ പത്താന്‍.

ഇന്ത്യന്‍ ഓള്‍ ഫോര്‍മാറ്റ് നായകന്‍ രോഹിത് ശര്‍മ, മുന്‍ നായകന്‍ വിരാട് കോഹ്‌ലി, ജസ്പ്രീത് ബുംറ അടക്കമുള്ള സൂപ്പര്‍ താരങ്ങള്‍ക്ക് വിശ്രമം അനുവദിച്ചതിന്ന പിന്നാലെയാണ് വിമര്‍ശനവുമായി പത്താന്‍ രംഗത്തെത്തിയത്.

ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

‘വിശ്രമിക്കുമ്പോള്‍ ഒരാള്‍ പോലും ഫോമിലേക്ക് മടങ്ങിവരില്ല’ എന്നായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്. ബി.സി.സി.ഐയെയോ കോച്ച് രാഹുല്‍ ദ്രാവിഡിനെയോ മറ്റേതെങ്കിലും താരത്തേയോ മെന്‍ഷന്‍ ചെയ്യാതെയായിരുന്നു പത്താന്റെ ട്വീറ്റ് എന്നതും ശ്രദ്ധേയമാണ്.

വിരാട് കോഹ്‌ലിയും രോഹിത് ശര്‍മയും മോശം ഫോം തുടരുമ്പോഴാണ് പത്താന്റെ ട്വീറ്റ്.

ബുധനാഴ്ചയായിരുന്നു വിന്‍ഡീസ് പര്യടനത്തിനുള്ള ഏകദിന സ്‌ക്വാഡിനെ പ്രഖ്യാപിച്ചത്. സീനിയര്‍ താരങ്ങള്‍ക്ക് വിശ്രമം അനുവദിച്ച പരമ്പരയില്‍ ഇന്ത്യയെ നയിക്കുന്നത് ശിഖര്‍ ധവാനാണ്. സ്റ്റാര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയാണ് ഉപനായകന്‍.

മൂന്ന് ഏകദിനങ്ങളാണ് ഇന്ത്യയുടെ വിന്‍ഡീസ് പര്യടനത്തിലുള്ളത്. ഓവലിലെ ക്യൂന്‍സ് പാര്‍ക്ക്, പോര്‍ട്ട് ഓഫ് സ്പെയ്ന്‍, ട്രിനിഡാഡ് എന്നിവിടങ്ങളിലായാണ് മത്സരം നടക്കുക.

മലയാളി താരം സഞ്ജു സാംസണും എകദിന സ്‌ക്വാഡില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഏറെ നാളുകള്‍ക്ക് ശേഷമാണ് സഞ്ജു ഏകദിന സ്‌ക്വാഡിലേക്ക് മടങ്ങിയെത്തിയിരിക്കുന്നത്.

സഞ്ജുവിന് പുറമെ ഋതുരാജ് ഗെയ്ക്വാദ്, ദീപക് ഹൂഡ, ശുഭ്മന്‍ ഗില്‍ എന്നിവര്‍ സ്‌ക്വാഡില്‍ ഉള്‍പ്പെട്ടപ്പോള്‍ ഹര്‍ദിക് പാണ്ഡ്യയ്ക്കും മുഹമ്മദ് ഷമിക്കും വിശ്രമം അനുവദിച്ചു.

ജൂലൈ 22, ജൂലൈ 24, ജൂലൈ 27 എന്നീ ദിവസങ്ങളിലാണ് ഏകദിന പരമ്പരകള്‍ ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. ഏകദിന പരമ്പരയ്ക്ക് ശേഷം അഞ്ച് മത്സരങ്ങളുടെ ടി-20 പരമ്പരയും നടക്കും.വിന്‍ഡീസിനെതിരായ പരമ്പരയില്‍ വിശ്രമം അനുവദിച്ചെങ്കിലും ഇംഗ്ലണ്ടിനെതിരായ ടി-20, ഏകദിന പരമ്പരകളില്‍ കോഹ്ലി, രോഹിത് ശര്‍മ, ബുംറ, ഹര്‍ദിക് പാണ്ഡ്യ അടക്കമുള്ള സൂപ്പര്‍ താരങ്ങള്‍ ഇടം നേടിയിട്ടുണ്ട്.

വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീം:

ശിഖര്‍ ധവാന്‍ (ക്യാപ്റ്റന്‍), രവീന്ദ്ര ജഡേജ (വൈസ് ക്യാപ്റ്റന്‍), ഋതുരാജ് ഗെയ്ക്വാദ്, ശുഭ്മന്‍ ഗില്‍, ദീപക് ഹൂഡ, സൂര്യകുമാര്‍ യാദവ്, ശ്രേയസ് അയ്യര്‍, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), ഷര്‍ദുല്‍ താക്കൂര്‍, യൂസ്വേന്ദ്ര ചഹല്‍, അക്‌സര്‍ പട്ടേല്‍, ആവേശ് ഖാന്‍, പ്രസിദ് കൃഷ്ണ, മുഹമ്മദ് സിറാജ്, അര്‍ഷ്ദീപ് സിംഗ്

Leave A Reply

Your email address will not be published.