രാജ്യം പൂര്‍ണമായും പാപ്പരായെന്ന് പ്രധാനമന്ത്രി; ഐ.എം.എഫിന് മുന്നില്‍ കടം പുനക്രമീകരണ പദ്ധതി അവതരിപ്പിക്കാന്‍ ശ്രീലങ്ക

0

കൊളംബോ: ശ്രീലങ്ക സാമ്പത്തികമായി തകര്‍ന്നെന്നും പൂര്‍ണമായും പാപ്പരായെന്നും പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെ.

ഇന്റര്‍നാഷണല്‍ മോണിറ്ററി ഫണ്ടിന് മുന്നില്‍ കൂടിയാലോചനകള്‍ക്കായി ‘പാപ്പരായ രാജ്യം’ (bankrupt country) എന്ന നിലക്കായിരിക്കും ശ്രീലങ്ക ഹാജരാകുക എന്നും പ്രധാനമന്ത്രി കഴിഞ്ഞ ദിവസം വ്യക്തമാക്കി.

ഈ വരുന്ന ഓഗസ്റ്റിലാണ് ഐ.എം.എഫിന് മുന്നില്‍ ശ്രീലങ്ക കടം പുനക്രമീകരണ പദ്ധതി (debt restructuring programme) അവതരിപ്പിക്കാനിരിക്കുന്നത്. ജാമ്യ പാക്കേജിന് വേണ്ടിയാണ് ലങ്കയുടെ ഈ നീക്കം. ശ്രീലങ്കന്‍ പാര്‍ലമെന്റിന് മുന്നിലും പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്.

”ഐ.എം.എഫുമായുള്ള ആദ്യ റൗണ്ട് ചര്‍ച്ചകള്‍ വിജയമായിരുന്നു. എന്നാല്‍ ശ്രീലങ്ക അവതരിപ്പിക്കാന്‍ പോകുന്ന കടം പുനക്രമീകരണ പദ്ധതിയിലാണ് രാജ്യത്തിന് വേണ്ടിയുള്ള കൂടുതല്‍ സഹായങ്ങള്‍ ആശ്രയിച്ചിരിക്കുന്നത്.

നിയമ- സാമ്പത്തിക വിദഗ്ധര്‍ തയാറാക്കുന്ന കടം പുനക്രമീകരണ പദ്ധതിയിലാണ് ശ്രീലങ്ക ഇപ്പോള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഓഗസ്റ്റ് മാസത്തോടെ ഈ റിപ്പോര്‍ട്ട് ഐ.എം.എഫിന് മുന്നില്‍ സമര്‍പ്പിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതിന് ശേഷം നമുക്ക് ഒരു കരാറിലെത്താനാകും,” പാര്‍ലമെന്റില്‍ വിക്രമസിംഗെ പറഞ്ഞു.

പഴയ പോലെയല്ല, രാജ്യം സാമ്പത്തികമായി പാപ്പരായെന്നും അതുകൊണ്ട് തന്നെ ഐ.എം.എഫുമായി ചര്‍ച്ചകള്‍ നടത്തുന്നത് കൂടുതല്‍ ബുദ്ധിമുട്ടേറിയതും സങ്കീര്‍ണവുമാണെന്നും പ്രധാനമന്ത്രി പ്രതികരിച്ചു.

ജൂണ്‍ 20ന് ഐ.എം.എഫിന്റെ ഒരു സംഘം ശ്രീലങ്ക സന്ദര്‍ശിച്ചിരുന്നു. രാജ്യത്തിന് നല്‍കാവുന്ന സാമ്പത്തിക സഹായങ്ങളെക്കുറിച്ചും പദ്ധതികളെക്കുറിച്ചും സന്ദര്‍ശനത്തില്‍ ചര്‍ച്ച ചെയ്തിരുന്നു.

ശ്രീലങ്കന്‍ അധികൃതരുമായി ക്രിയാത്മകമായ ചര്‍ച്ചകള്‍ നടത്തിയതായി ഐ.എംഎഫും വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ പ്രതിസന്ധിയില്‍ പെട്ടിരിക്കുന്ന ദ്വീപ് രാജ്യമായ ശ്രീലങ്ക കടം പുനഃക്രമീകരിക്കുന്നതില്‍ കൂടുതല്‍ കാര്യങ്ങള്‍ ചെയ്യേണ്ടതുണ്ടെന്നും ജാമ്യ പാക്കേജ് അന്തിമമാക്കുന്നതിന് മുമ്പ് അഴിമതി പരിഹരിക്കുന്നതിന് ഘടനാപരമായ പരിഷ്‌കാരങ്ങള്‍ നടത്തണമെന്നും ഐ.എം.എഫ് മുന്നറിയിപ്പ് നല്‍കിയിരുന്നു.

1948ല്‍ സ്വാതന്ത്ര്യം നേടിയതിന് ശേഷമുള്ള ഏറ്റവും വലിയ പ്രതിസന്ധിയിലൂടെയാണ് ശ്രീലങ്ക കടന്നുപോകുന്നത്. വിലക്കയറ്റവും ഇന്ധനക്ഷാമവും വിദേശനാണ്യ കരുതല്‍ ശേഖരത്തിലുള്ള ഇടിവും ഭക്ഷ്യക്ഷാമവുമടക്കമുള്ള പ്രതിസന്ധികളിലൂടെയാണ് രാജ്യം കടന്നുപോകുന്നത്.സര്‍ക്കാരിനെതിരായ ജനകീയ പ്രക്ഷോഭങ്ങള്‍ ശക്തമായതിനെത്തുടര്‍ന്നായിരുന്നു പ്രധാനമന്ത്രി സ്ഥാനത്ത് നിന്നും മഹീന്ദ രജപക്‌സെ രാജി വെച്ചിരുന്നു. എന്നാല്‍ ഗോതബയ രജപക്‌സെ തന്നെയാണ് പ്രസിഡന്റായി തുടരുന്നത്.

Leave A Reply

Your email address will not be published.