സംസ്ഥാനത്ത് അതിതീവ്ര മഴ;11 ജില്ലകളിൽ യെല്ലോ അലർട്ട്; ജാഗ്രതാ നിർദേശം

0

തിരുവനന്തപുരം: സംസ്ഥാനത്ത് അതിതീവ്ര മഴ തുടരുന്നു . വടക്കൻ ജില്ലകളിലാണ് ശക്തമായ മഴ . കണ്ണൂരിൽ പലയിടത്തും വെള്ളക്കെട്ടാണ് . വീടുകളിൽ വെള്ളം കയറി.മലയോര മേഖലകളിലും കനത്ത നാശനഷ്ടമുണ്ടായതായി റിപ്പോർട്ടുണ്ട് . തൃശൂരിലും കനത്ത മഴയിൽ വ്യാപക കൃഷിനാശമുണ്ടായി . സംസ്ഥാനത്ത് 11 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു . കേരള തീരത്ത് കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പുണ്ട് . മൺസൂൺ പാത്തി അതിന്റെ സാധാരണ സ്ഥാനത്ത് നിന്ന് തെക്കോട്ട് മാറി സജീവമായി .

ഗുജറാത്ത് തീരം മുതൽ കർണാടക തീരം വരെ ന്യൂന മർദ പാത്തിയും നിലനിൽക്കുന്നു . ഇതിന്റെ ഫലമായി കേരളത്തിൽ അടുത്ത 4 ദിവസം വ്യാപകമായ മഴയ്ക്കും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്കും സാധ്യത എന്നാണ് മുന്നറിയിപ്പ് . മലയോര മേഖലകളിലും ജാഗ്രതാ നിർദേശം നൽകി . കേരള തീരത്ത് രാത്രി 11.30 വരെ 3.5 മുതല്‍ 4.0 മീറ്റർ വരെ ഉയരത്തിൽ തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട് . ഇതേ തുടർന്ന് മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം . ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കണം . കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ താമസിക്കുന്നവർ അധികൃതരുടെ നിർദേശമനുസരണം മാറി താമസിക്കണം . ബോട്ട്,വള്ളം മുതലായവ മത്സ്യബന്ധന  യാനങ്ങൾ ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കണം . വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാൻ സഹായകരമാവും .

കനത്ത മഴയുടെ പശ്ചാത്തലത്തിൽ ഇടുക്കിയിലും കണ്ണൂരിലും ഇന്ന് സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു . കണ്ണൂരിൽ CBSE, ICSE സ്കൂളുകൾ, അംഗൻവാടികൾ, മദ്രസ്സകൾ എന്നിവയ്ക്കും അവധി ബാധകമായിരിക്കും . കോളേജുകൾക്ക് അവധി ബാധകമല്ലെന്നും ജില്ലാ കളക്ടർ അറിയിച്ചു . ഇടുക്കി ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്നും അവധിയാണ് .  CBSE, ICSE കേന്ദ്രീയ വിദ്യാലയങ്ങൾ, അംഗൻവാടികൾ, നഴ്സറികൾ,പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ആയിരിക്കും . ഇടുക്കി ജില്ലയിൽ മഴയും,കാറ്റും,മണ്ണിടിച്ചിലും തുടരാൻ സാധ്യതയുണ്ട് . മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്കും ഇന്റവ്യൂകൾക്കും മാറ്റമില്ല.

Leave A Reply

Your email address will not be published.