ആ റോള്‍ ചെയ്യാന്‍ വിരാടിനും സൂര്യക്കും ഹര്‍ദിക്കിനുമൊക്കെ പറ്റില്ലെ? പിന്നെന്തിന് അവന്‍? ഇന്ത്യന്‍ വിക്കറ്റ് കീപ്പറിനെതിരെ ആഞ്ഞടിച്ച് മുന്‍ താരം

0

ഈ വര്‍ഷം അവസാനം ആരംഭിക്കുന്ന ലോകകപ്പില്‍ മികച്ച ഇലവന്‍ തന്നെ ഇറക്കാനുള്ള തയ്യാറെടുപ്പിലാണ് ടീം ഇന്ത്യ. കഴിഞ്ഞ ലോകകപ്പില്‍ ആദ്യ റൗണ്ടില്‍ പുറത്തായതിന് ശേഷം ഇത്തവണ മികച്ച തിരിച്ചുവരവിനുള്ള ശ്രമത്തിലാണ് ടീം.

താര പ്രസന്നമായ ഇന്ത്യന്‍ ടീമില്‍ ആരൊക്കെ കളിക്കുമെന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമായിട്ടില്ല. എന്നാല്‍ ടീമിന്റെ ചില പൊസിഷനിലെ താരങ്ങളെ തീരുമാനിച്ചിട്ടുണ്ട്. ദിനേഷ് കാര്‍ത്തിക് ടീമിന്റെ ഫിനിഷിങ് റോളില്‍ കാണുമെന്ന് ഏകദേശം ഉറപ്പാണ്.

എന്നാല്‍ ടീമിലെ അദ്ദേഹത്തിന്റെ സ്ഥാനം ചോദ്യം ചെയ്ത് രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരവും ക്രിക്കറ്റ് കമന്റേറ്ററുമായ വിവേക് റസ്ദാന്‍. കാര്‍ത്തിക്കിന്റെ റോള്‍ സൂര്യകുമാറിനോ, വിരാട് കോഹ്‌ലിക്കോ, ഹര്‍ദിക് പാണ്ഡ്യക്കോ, ദീപക് ഹൂഡക്കോ സാധിക്കുമെന്നാണ് റസ്ദാന്‍ പറയുന്നത്. ടീമിലെ പ്രധാനപ്പെട്ട ഒരു പൊസിഷന്‍ കാര്‍ത്തിക്കിന് വേണ്ടി ബ്ലോക്ക് ചെയ്യപ്പെട്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

കാര്‍ത്തിക് ഒരു ഫിനിഷറല്ലെന്നും എട്ടാമത്തെയോ 10ാമത്തെയോ ഓവറില്‍ നിന്ന് ഒരു മത്സരം വിജയലക്ഷ്യത്തിലേക്ക് കൊണ്ടുപോകുന്ന ഒരു കളിക്കാരനാണ് ഫിനിഷറെന്നും കൃഷ്ണമാചാരി ശ്രീകാന്ത് പറഞ്ഞതിനോട് റസ്ദാന്‍ യോജിച്ചു.

‘ഫിനിഷിങ് ടച്ചുകള്‍ നല്‍കാന്‍ മാത്രം ദിനേശ് കാര്‍ത്തിക്കിനായി മറ്റുള്ളവരുടെ സ്‌പോട്ട് ബ്ലോക്ക് ചെയ്യുന്നത് ശരിയല്ല. ഐ.പി.എല്‍ യുഗത്തില്‍ അതൊരിക്കലും ശരിയല്ല, വിരാട് കോഹ്‌ലിക്കോ സൂര്യകുമാര്‍ യാദവിനോ, ഹാര്‍ദിക് പാണ്ഡ്യയ്ക്കോ, അല്ലെങ്കില്‍ ദീപക് ഹൂഡയ്ക്കോ ആ റോള്‍ ചെയ്യാന്‍ സാധിക്കില്ലെന്നാണോ പറയുന്നത്?,’ ഫാന്‍ക്കോഡില്‍ അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ഐ.പി.എല്‍ സീസണിന് ശേഷമാണ് ദിനേഷ് കാര്‍ത്തിക് ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്തിയത്. മോശമല്ലാത്ത പ്രകടനവും അദ്ദേഹം ടീമിനായി കാഴ്ചവെച്ചിരുന്നു.

Leave A Reply

Your email address will not be published.