രാത്രിയിൽ ചോറ് ഒഴിവാക്കുന്നവരാണോ നിങ്ങൾ ? എങ്കിൽ ആരോഗ്യ വിദഗ്ധർ പറയുന്നത് കേൾക്കൂ

0

രാത്രിയിൽ ചോറ് ഒഴിവാക്കുന്നവരാണ് ഭൂരിഭാഗം പേരും. അതിനൊരു കാരണം അമിതഭാരം നിയന്ത്രിക്കുക എന്ന ഉദ്ദേശമാണ്. രാത്രിയിൽ ചോറ് കഴിച്ചാൽ വീണ്ടും ഭാരം വർധിക്കുമെന്നാണ് പൊതുവെയുള്ള ധാരണ. ചോറ് കാർബോഹൈഡ്രേറ്റ് വിഭാഗത്തിൽ വരുന്നതുകൊണ്ടാണ് ഇത്. എന്നാൽ രാത്രി ചോറ് ഒഴിവാക്കുന്നത് നല്ലതാണോ ? ഇത്തരം ഉത്തരം നൽകുകയാണ് ലൈഫ് സ്റ്റൈൽ കോച്ച് ലൂക്ക് കുട്ടീഞ്ഞോ. ( is avoiding rice at dinner healthy )കാർബോഹൈഡ്രേറ്റ് ഭക്ഷണങ്ങൾ രാത്രിയിൽ ഒഴിവാക്കരുതെന്നാണ് ലൂക്കിന്റെ അഭിപ്രായം. അത്താഴം ആ ദിവസത്തിലെ ഏറ്റവും കനം കുറഞ്ഞ ഭക്ഷണമായിരിക്കണം. അതിലൂടെ ശരീരത്തിന് വിശ്രമം ലഭിക്കാനും ദഹനപ്രക്രിയ എളുപ്പമാക്കാനും സാധിക്കും. എന്നാൽ കട്ടി കുറഞ്ഞത് എന്നതിനർഥം കാർബോഹൈഡ്രേറ്റ് പാടില്ല എന്നല്ലെന്ന് ലൂക്ക് പറയുന്നു.

ഉറങ്ങുമ്പോൾ, ശരീരത്തിലെ വിഷാംശം ഇല്ലാതാക്കുന്നതിനും പുനരുജ്ജീവനത്തിനും കോശ വളർച്ചയ്ക്കും അറ്റകുറ്റപ്പണികൾക്കും കാർബോഹൈഡ്രേറ്റുകളിൽ നിന്നുള്ള ഊർജം ആവശ്യമാണ്. ഈ ഊർജം ലഭിക്കാത്തപ്പോൾ കൊഴുപ്പ് സംഭരണം വർധിപ്പിക്കുന്നു. കൊഴുപ്പ് ഇല്ലാതാക്കാനുള്ള പ്രക്രിയ ഉറങ്ങുമ്പോഴാണ് പ്രവർത്തിക്കുന്നത്, വ്യായാമം ചെയ്യുമ്പോൾ അല്ലെന്നും ലൂക്ക് ചൂണ്ടിക്കാട്ടി.രാത്രിയിൽ കാർബോഹൈഡ്രേറ്റ് കഴിക്കുന്നത് ലെപ്റ്റിനെ നിയന്ത്രിക്കുകയും ഗ്രെലിൻ (വിശപ്പ് ഹോർമോൺ) നിയന്ത്രിക്കുകയും ചെയ്യുന്നു. ഇത് രാത്രി ലഘുഭക്ഷണം കഴിക്കാനുള്ള ആഗ്രഹത്തെയും പഞ്ചസാര കഴിക്കാനുള്ള ആസക്തിയെയും നിയന്ത്രിക്കുന്നു. കാർബോഹൈഡ്രേറ്റ് ഇല്ലാത്ത ഭക്ഷണം കഴിക്കുമ്പോൾ മാനസികാവസ്ഥയെ നിയന്ത്രിക്കാൻ ആവശ്യമായ ഊർജം തലച്ചോറിന് ലഭിക്കുന്നില്ല. ഇത് നിരാശ, ദേഷ്യം എന്നിവയിലേക്ക് നയിച്ചേക്കാമെന്ന് അദ്ദേഹം പറഞ്ഞു.

കാർബോഹൈഡ്രേറ്റ് വേണ്ടെന്നു വയ്ക്കുന്നതിനുപകരം അവയുടെ അളവ് പരിമിതപ്പെടുത്തുകയാണ് വേണ്ടത്. കാർബോഹൈഡ്രേറ്റ് കുറഞ്ഞ ഭക്ഷണങ്ങൾ കഴിക്കാം. പാൽ, തൈര്, പാൽക്കട്ടി മുതലായ പാലുൽപ്പന്നങ്ങൾ, ഓട്‌സ്, വാഴപ്പഴം, ബ്ലൂബെറി, പച്ചക്കറികൾ, മുഴുധാന്യങ്ങൾ, മധുരക്കിഴങ്ങ്, പയർ വർഗങ്ങൾ, അണ്ടിപ്പരിപ്പുകൾ എന്നിവയിൽ നല്ല അന്നജം അടങ്ങിയിരിക്കുന്നു. ചോറ് ഇഷ്ടമുള്ളവർ അത് പൂർണമായി ഒഴിവാക്കാതെ കുറഞ്ഞ അളവിൽ കഴിക്കുന്നതിലും തെറ്റില്ല.

Leave A Reply

Your email address will not be published.