ആത്മഹത്യയെന്ന സി.ബി. ഐ .യുടെ കുറ്റപത്രം തള്ളി പുനരന്വേഷണത്തിന് ഉത്തരവിട്ട് പോക്‌സോ കോടതി

0

പാലക്കാട്: വാളയാറിൽ രണ്ട് പെൺകുട്ടികൾ ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ട സംഭവത്തിൽ സിബിഐ സമർപ്പിച്ച കുറ്റപത്രം കോടതി തള്ളി. കൂടാതെ കേസിന്റെ പുനരന്വേഷണത്തിനും പോക്സോ കോടതി ഉത്തരവിട്ടിട്ടുണ്ട്. പെൺകുട്ടികളുടെ കുടുംബം ആവശ്യപ്പെട്ടതിനെ തുടർന്നാണ് കോടതി കുറ്റപത്രം തള്ളി പുനരന്വേഷണത്തിന് ഉത്തരവിട്ടത്. സിബിഐയുടെ കുറ്റപത്രത്തിലും പെൺകുട്ടികളുടേത് ആത്മഹത്യ തന്നെയാണെന്നാണ് പറഞ്ഞിരിക്കുന്നത്. ക്രൈം ബ്രാഞ്ച് സമർപ്പിച്ചതിന് സമാനമായ കുറ്റപത്രം തന്നെയാണ് സിബിഐയും കേസിൽ സമർപ്പിച്ചിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് കുട്ടികളുടെ ‘അമ്മ സംഭവത്തിൽ പുനരന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. ഈ ആവശ്യം പരിഗണിച്ചാണ് സിബിഐയുടെ  കുറ്റപത്രം കോടതി തള്ളിയത്.

മരണപ്പെട്ട കുട്ടികളുടെ അമ്മയുടെ ആവശ്യത്തെ തുടർന്നും, സർക്കാരിന്റെ തീരുമാനത്തെ തുടർന്നുമാണ് കേസിന്റെ അന്വേഷണം സിബിഐയ്ക്ക് കൈമാറിയത്. എന്നാൽ സംഭവത്തിൽ ക്രൈം ബ്രാഞ്ച് കണ്ടെത്തിയതിന് സമാനമായ കാര്യങ്ങളാണ് സിബിഐയ്ക്കും കണ്ടെത്താൻ കഴിഞ്ഞത്. കേസിന്റെ അന്വേഷണത്തിന്റെ ഭാഗമായി സിബിഐ ഉദ്യോഗസ്ഥർ  ഡമ്മി പരീക്ഷണം ഉൾപ്പടെ നടത്തിയിരുന്നു. കൂടാതെ സിബിഐയിലെ തന്നെ മറ്റൊരു ഉദ്യോഗസ്ഥൻ കേസ് അന്വേഷിക്കണമെന്നും കുട്ടികളുടെ ‘അമ്മ ആവശ്യപ്പെട്ടിട്ടുണ്ട്.

പതിമുന്നും ഒന്‍പതും വയസുള്ള സഹോദരങ്ങളായ ദളിത് പെണ്‍കുട്ടികളെ 2017 ജനുവരിയിലും മാര്‍ച്ചിലുമാണ്  അവിശ്വസനീയമായ സാഹചര്യത്തില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്. മൂത്ത പെൺകുട്ടിയെ ജനുവരി 13നും ഇളയകുട്ടിയെ മാര്‍ച്ച് നാലിനുമാണ് വീടിനുള്ളില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. രണ്ട് പേരും ലൈംഗിക അതിക്രമണങ്ങള്‍ക്ക് ഇരയായതായിരുന്നതായി പോസ്റ്റുമോര്‍ട്ടം റിപ്പോർട്ടിൽ വ്യക്തമായിരുന്നു.  കേസിലെ പ്രതികൾ ജാമ്യത്തിൽ പുറത്തിറങ്ങിയിരുന്നു.

Leave A Reply

Your email address will not be published.