സിനിമ പറയുന്ന കാര്യങ്ങളിൽ സത്യമുണ്ട് ,കണ്ട് പ്രതികരിക്കുക ,കുഞ്ചാക്കോ ബോബൻ

0

റിലീസ് ദിനത്തില്‍ തന്നെ വിവാദത്തിലായിരിക്കുകയാണ് കുഞ്ചാക്കോ ബോബന്‍ ചിത്രം ന്നാ താന്‍ കേസ് കൊട്. റിലീസിനോടനുബന്ധിച്ച് വന്ന പോസ്റ്ററാണ് വിവാദങ്ങള്‍ക്ക് തുടക്കമിട്ടത്. തിയേറ്ററിലേക്കുള്ള വഴിയില്‍ കുഴികളുണ്ട്, എന്നാലും വന്നേക്കണേ,’ എന്നായിരുന്നു പോസ്റ്ററിലെ ക്യാപ്ഷന്‍.

ഇതോടെ ചിത്രത്തിനെതിരെ ഇടത് പ്രൊഫൈലുകളില്‍ നിന്നും വിമര്‍ശനവും പിന്നാലെ ബഹിഷ്‌കരണ ക്യാമ്പെയ്‌നുള്‍പ്പെടെയുള്ള സൈബര്‍ അറ്റാക്കും വന്നിരുന്നു. എന്നാല്‍ ചിത്രത്തില്‍ കുഴിയെ പറ്റി മാത്രമല്ല പറയുന്നതെന്നും സര്‍ക്കാരിനെയൊ ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടികളെയോ ടാര്‍ഗെറ്റ് ചെയ്യുന്നില്ലെന്നും കുഞ്ചാക്കോ ബോബന്‍ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.

ജനവിരുദ്ധ സര്‍ക്കാരിന്റെ ഭാഗമാണ് എന്ന് തെളിയിക്കാനുള്ള ശ്രമമാണ് ഈ സിനിമ എന്നാണ് വിമര്‍ശനം എന്ന് ഒരു മാധ്യമപ്രവര്‍ത്തക പറഞ്ഞപ്പോള്‍ ജനവിരുദ്ധമോ എന്നാണ് ആശ്ചര്യത്തോടെ കുഞ്ചാക്കോ ബോബന്‍ ചോദിച്ചത്.

ഈ സിനിമ ആളുകള്‍ കാണരുത്, ബോയ്‌കോട്ട് ചെയ്യണമെന്ന ക്യാമ്പെയ്ന്‍ സൈബര്‍ ഇടങ്ങളില്‍ പ്രത്യേകിച്ച് ലെഫ്റ്റ് പ്രൊഫൈലുകളില്‍ നിന്നും വരുന്നുണ്ടല്ലോയെന്ന് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ അതിനെ പറ്റി തനിക്ക് അറിയില്ലെന്നാണ് കുഞ്ചാക്കോ ബോബന്‍ പ്രതികരിച്ചത്.

‘ഇത് സര്‍ക്കാരിനെയോ രാഷ്ട്രീയ പാര്‍ട്ടിയെയോ ടാര്‍ഗെറ്റ് ചെയ്യുന്നില്ല എന്ന് ഞാന്‍ നേരത്തെ പറഞ്ഞതാണ്. പിന്നെ സിനിമ നടക്കുന്ന കാലഘട്ടം പോലും അങ്ങനെയാണ് പറഞ്ഞിരിക്കുന്നത്. രാഷ്ട്രീയ കക്ഷികളെ പോലും നമ്മള്‍ കാണിക്കുന്നില്ല. മലയാളികള്‍ എത്രയോ വര്‍ഷങ്ങളായി കണ്ടും കേട്ടും അനുഭവിച്ചും പോകുന്ന കാര്യങ്ങളാണ്. റോഡ് പണി വേനല്‍ക്കാലത്ത് നടത്തേണ്ട സ്ഥാനത്ത് മഴക്കാലത്തൊക്കെയാവും നടത്തുന്നത്,’ കുഞ്ചാക്കോ ബോബന്‍ പറഞ്ഞു.

‘സിനിമ പറയുന്ന കാര്യങ്ങളില്‍ സത്യമുണ്ട്. അത് കണ്ട് പ്രതികരിക്കുക. എന്നാല്‍ കുറച്ച് പേര്‍ അതിനപ്പുറം ചിന്തിച്ച് മറ്റ് തലങ്ങളിലേക്ക് പോവുകയാണ്. സിനിമയില്‍ കുഴി മാത്രമല്ല പ്രശ്നം. കുഴി ഒരു പ്രധാനകാരണമാണ്. അത് ഒരു സാധാരണക്കാരന്റെ ജീവിതത്തെ എങ്ങനെയൊക്കെ ബാധിക്കുന്നു എന്നാണ് ആക്ഷേപഹാസ്യ രൂപത്തില്‍ പറയുന്നത്.

ഏതെങ്കിലും പാര്‍ട്ടിയെയൊ ജനവിഭാഗത്തെയോ മാത്രം ടാര്‍ഗെറ്റ് ചെയ്യുന്ന സ്വഭാവത്തിലല്ല സിനിമ പോകുന്നത്. മാറി മാറി വരുന്ന ഏത് സര്‍ക്കാരും ജനങ്ങളെ എങ്ങനെ മനസിലാക്കണമെന്നും ഏതൊക്കെ തരത്തിലുള്ള പ്രശ്നങ്ങള്‍ നടക്കുന്നു എന്നതുമൊക്കെയാണ് വളരെ സിമ്പിളായി കാണിക്കുന്നത്,’ കുഞ്ചാക്കോ ബോബന്‍ പറഞ്ഞു.

Leave A Reply

Your email address will not be published.