പാലിക്കാനാകാത്ത വാഗ്ദാനങ്ങൾ നൽകി ജനങ്ങളെ കബളിപ്പിക്കാൻ എനിക്കാവില്ല ,ഋഷി സുനക്

0

ലണ്ടന്‍: ബ്രിട്ടീഷ് പ്രധാനമന്ത്രി സ്ഥാനത്തേക്കുള്ള മത്സരത്തില്‍ ചരിത്രം സൃഷ്ടിച്ചുകൊണ്ട് അവസാന ഘട്ടത്തില്‍ എത്തിനില്‍ക്കുകയാണ് ഇന്ത്യന്‍ വംശജനായ റിഷി സുനക്. ബ്രിട്ടന്റെ വിദേശകാര്യ സെക്രട്ടറി ലിസ് ട്രസും റിഷി സുനകുമാണ് പ്രധാനമന്ത്രി സ്ഥാനത്തേക്കുള്ള അവസാനഘട്ടത്തില്‍ പരസ്പരം മത്സരിക്കുന്നത്.

തെരഞ്ഞെടുപ്പ് വിജയത്തെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാട് തുറന്നുപറഞ്ഞിരിക്കുകയാണ് റിഷി.

സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ബ്രിട്ടനില്‍ അത് മറികടക്കുന്നതിന് തെറ്റായ വാഗ്ദാനങ്ങള്‍ ജനങ്ങള്‍ക്ക് നല്‍കി വിജയിക്കുന്നതിനെ താന്‍ വിലമതിക്കുന്നില്ല എന്നതരത്തിലായിരുന്നു റിഷി സുനകിന്റെ പ്രതികരണം. പാലിക്കാനാവാത്ത വാഗ്ദാനങ്ങള്‍ നല്‍കി വിജയിക്കുന്നതിനേക്കാള്‍ നല്ലത് പരാജയപ്പെടുന്നതാണെന്നും ബി.ബി.സിക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കവെ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

”ജീവിതച്ചെലവിന്റെ പ്രതിസന്ധി നേരിടുന്ന ഏറ്റവും ദുര്‍ബലരായ കുടുംബങ്ങളെ സഹായിക്കാന്‍ ഞാന്‍ പ്രതിജ്ഞാബദ്ധനാണ്. ശൈത്യകാലത്ത് ജനങ്ങള്‍ക്ക് കൂടുതല്‍ സഹായം നല്‍കാനും എനിക്ക് ധാര്‍മിക ഉത്തരവാദിത്തമുണ്ട്.

ജനങ്ങള്‍ക്ക് തെറ്റായ വാഗ്ദാനങ്ങള്‍ നല്‍കി വിജയിക്കുന്നതിനേക്കാള്‍ ഞാന്‍ പരാജയപ്പെടുന്നതാണ് നല്ലത്,” അഭിമുഖത്തില്‍ സുനക് പറഞ്ഞു.

”ലക്ഷക്കണക്കിനാളുകള്‍ വിലക്കയറ്റത്തെയും പണപ്പെരുപ്പത്തെയും കുറിച്ച് ആശങ്കാകുലരാണെന്ന് എനിക്കറിയാം, പ്രത്യേകിച്ച് അവരുടെ എനര്‍ജി ബില്ലുകളുടെ കാര്യത്തില്‍.

ഞാന്‍ പ്രധാനമന്ത്രിയാവുകയാണെങ്കില്‍, കൂടുതല്‍ സഹായം അര്‍ഹിക്കുന്ന കുടുംബങ്ങളെ പിന്തുണക്കുന്നതില്‍ മുന്‍ഗണന നല്‍കുമെന്ന് ഞാന്‍ പറഞ്ഞിരുന്നു. കാരണം ഈ വര്‍ഷമാദ്യം ഞാന്‍ ഇക്കാര്യം പ്രഖ്യാപിച്ച സമയത്തിനേക്കാള്‍ മോശമാണ് ഇപ്പോഴത്തെ സാഹചര്യം,” റിഷി സുനക് കൂട്ടിച്ചേര്‍ത്തു.

നേരത്തെ, പ്രധാനമന്ത്രി സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ വംശീയത, ലിംഗഭേദം എന്നീ ഘടകങ്ങള്‍ക്ക് സ്ഥാനമുണ്ടെന്ന് കരുതുന്നില്ല എന്നും റിഷി സുനക് പ്രതികരിച്ചിരുന്നു.

രാജി വെച്ച പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയില്‍ നിന്ന് തന്നെയുള്ള റിഷി സുനക്, പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിത്വത്തിന് പാര്‍ട്ടി എം.പിമാര്‍ക്കിടയില്‍ നടത്തിയ ആദ്യ മൂന്ന് ഘട്ട വോട്ടെടുപ്പുകളിലും ഒന്നാമതെത്തിയിരുന്നു.

ഇന്‍ഫോസിസ് സഹ സ്ഥാപകന്‍ നാരായണ മൂര്‍ത്തിയുടെ മരുമകന്‍ കൂടിയാണ് റിഷി സുനക്.

Leave A Reply

Your email address will not be published.