രാത്രിയിൽ പെൺകുട്ടികളെ അയയ്ക്കണമെന്ന് മജിസ്ട്രേട്ട് പറഞ്ഞു; ഇല്ലെങ്കിൽ നീ വരണമെന്നും

0

ഭോപാൽ ∙ മധ്യപ്രദേശിലെ ശിവപുരി ജില്ലയിൽ പിഛോരെയിലെ സബ് ഡിവിഷനൽ മജിസ്ട്രേട്ട് (എസ്ഡിഎം) ബിജേന്ദ്ര സിങ് യാദവിനെതിരെ ഗുരുതര ആരോപണവുമായി മുൻ ഹോസ്റ്റൽ വാർഡൻ. വനിതാ ഹോസ്റ്റലിലെ കുട്ടികളെ രാത്രിയിൽ തന്റെ അടുത്തേക്ക് അയയ്ക്കണമെന്ന് ബിജേന്ദ്ര സിങ് ആവശ്യപ്പെട്ടെന്നും എന്നാൽ ഇതു നിഷേധിച്ചപ്പോൾ തന്നോട് ചെല്ലാൻ ആവശ്യപ്പെട്ടെന്നും മുൻ വാർഡൻ വെളിപ്പെടുത്തി.

ബിജേന്ദ്ര യാദവ് ശിവപുരി ജില്ലയുടെ കോ–ഓർഡ‍ിനേറ്ററായിരുന്ന സമയത്താണ് ഇക്കാര്യങ്ങൾ സംഭവിച്ചതെന്നു ചൂണ്ടിക്കാട്ടി ചീഫ് സെക്രട്ടറിക്കും ആഭ്യന്തര വകുപ്പിനും ഇവർ പരാതി നൽകി. ജില്ലാ കലക്ടർ‌ അക്ഷയ് സിങ് അന്വേഷണത്തിന് ഉത്തരവിട്ടു. 2016ലാണ് സംസ്ഥാന സർക്കാർ, ജില്ലാ ഭരണകൂടത്തിന്റെ മേൽനോട്ടത്തിൽ ശിവപുരിയിൽ ആറു ഹോസ്റ്റലുകൾ സ്ഥാപിച്ചത്. നാലെണ്ണം പെൺകുട്ടികൾക്കും രണ്ടെണ്ണം ആൺകുട്ടികൾക്കുമായിരുന്നു.ഈ വർഷമാദ്യമാണ് ബിജേന്ദ്ര സിങ് യാദവ് ഹോസ്റ്റലുകളുടെ ചുമതല ഏറ്റെടുത്തത്. ജൂലൈ 29നു പിഛോരെയിലെ എസ്ഡിഎം ആയി നിയമിതനാകും വരെ ഹോസ്റ്റൽ സംബന്ധിച്ച കാര്യങ്ങൾ ബിജേന്ദ്രയാണ് നോക്കിയിരുന്നത്. സ്വന്തം താൽപര്യങ്ങൾക്ക് അനുസരിച്ചാണ് ബിജേന്ദ്ര ഹോസ്റ്റൽ വാർഡന്മാരെ നിയമിച്ചിരുന്നതെന്നു മുൻ ഹോസ്റ്റൽ വാർഡൻ പരാതിയിൽ പറയുന്നു.

വേനലവധിയായിരുന്ന മേയ്, ജൂൺ മാസങ്ങളിൽ ഹോസ്റ്റലിലെത്തിയ ബിജേന്ദ്ര, പെൺകുട്ടികളെ ‘സപ്ലൈ’ ചെയ്യാൻ തന്നോട് ആവശ്യപ്പെട്ടു. ഹോസ്റ്റലിലെ വിസിറ്റിങ് സമയത്തിന് ശേഷവും ബിജേന്ദ്ര അവിടെ വരാറുണ്ടായിരുന്നെന്നും മറ്റു ഹോസ്റ്റലുകളിലെ വാർഡൻമാരുമായി സംസാരിക്കുന്നത് കാണാറുണ്ടെന്നും പരാതിയിൽ ആരോപിച്ചു.

സ്വകാര്യ കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന നാല് ഹോസ്റ്റലുകൾ സർക്കാർ കെട്ടിടത്തിലേക്ക് മാറ്റിയതിന്റെ അസംതൃപ്തി കാരണമാണ് മുൻ വാർഡൻ ആരോപണങ്ങൾ ഉന്നയിക്കുന്നതെന്ന് ബിജേന്ദ്ര പ്രതികരിച്ചു. ഹോസ്റ്റലിന്റെ പുനർനിർമാണ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനാണ് അവിടെ എത്തിയത്. ഹോസ്റ്റലിനുള്ളിൽ പ്രവേശിച്ചിട്ടില്ല. പുറത്തുനിൽക്കുകയായിരുന്നു. വാർഡനെ ജില്ലയിലെ ആദിവാസി ക്ഷേമ വിഭാഗത്തിലേക്കു മാറ്റിയിരുന്നതായും അദ്ദേഹം വ്യക്തമാക്കി.

Leave A Reply

Your email address will not be published.