സംഘപരിവാറിന് വളമാകുന്ന ഒന്നിനും കൂട്ട് നില്ക്കാൻ ആവില്ല ,വർഗീയത വളർത്താൻ മാതൃ സംഘടനയും സംഘപരിവാറും ശ്രമിക്കുന്നു.എസ്,സുദീപ്

0

കോഴിക്കോട്: സംഘപരിവാര്‍ മുന്നോട്ടുവെക്കുന്ന ഭൂരിപക്ഷ വര്‍ഗീയതയെ വളര്‍ത്തുന്നതില്‍ ക്യാമ്പസ് ഫ്രണ്ടിനും അവരുടെ മാതൃ സംഘടനയായ പോപ്പുലര്‍ ഫ്രണ്ടിനുമുള്ള പങ്കിനെക്കുറിച്ച് സംസാരിച്ച് മുന്‍ ജഡ്ജ് എസ്. സുദീപ്.

ഭൂരിപക്ഷ വര്‍ഗീയത വളര്‍ത്തുന്നതില്‍ ന്യൂനപക്ഷ വര്‍ഗീയതക്കുള്ള പങ്കിനെക്കുറിച്ച് തന്നെ കാണാനെത്തിയ ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകരായ വിദ്യാര്‍ത്ഥികളോട് സംസാരിച്ചതിനെക്കുറിച്ചാണ് എസ്. സുദീപ് ഫേസ്ബുക്കില്‍ കുറിച്ചത്.

സിറ്റിസണ്‍സ് ഫോര്‍ ഡെമോക്രസിയുടെ വേദിയില്‍ വെച്ചായിരുന്നു സംഭവമെന്നാണ് സുദീപ് പോസ്റ്റില്‍ പറയുന്നത്. വേദിയില്‍ പ്രസംഗിച്ച ശേഷം ഇറങ്ങി വരികയായിരുന്ന തന്നെ, ഒരു പുസ്തകം തന്നുകൊണ്ട് ഫോട്ടോ എടുക്കാന്‍ വേണ്ടി ക്യാമ്പസ് ഫ്രണ്ട് കുട്ടികള്‍ സമീപിച്ചുവെന്നും എന്നാല്‍ താന്‍ ചിരിച്ചുകൊണ്ട് വിസമ്മതിച്ചുവെന്നുമാണ് സുദീപ് പറയുന്നത്.

ഇതിന്റെ കാരണം ആ കുട്ടികളോട് വിശദീകരിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംഘപരിവാര്‍ വര്‍ഗീയതയെ ഒളിഞ്ഞും തെളിഞ്ഞും വളര്‍ത്തുന്നതില്‍ ക്യാമ്പസ് ഫ്രണ്ടിനും മാതൃസംഘടനകള്‍ക്കുമുള്ള പങ്ക് വളരെ വലുതാണെന്നും സംഘപരിവാറിനു വളമാകുന്ന ഒന്നിനും കൂട്ടുനില്‍ക്കാന്‍ കഴിയാത്ത ഒരു മനുഷ്യനാണു താനെന്നും സുദീപ് പറഞ്ഞു.

ന്യൂനപക്ഷ വര്‍ഗീയത നിലനില്‍ക്കുകയും വളരുകയും ചെയ്യേണ്ടത് മറ്റാരെക്കാളും സംഘപരിവാറിന്റെ ആവശ്യമാണ്. ന്യൂനപക്ഷ വര്‍ഗീയതയെക്കാണിച്ചു വേണം സംഘപരിവാറിന് ഭൂരിപക്ഷ വിഭാഗത്തിനിടയില്‍ ഭയവും അരക്ഷിതാവസ്ഥയും സൃഷ്ടിക്കാന്‍. എന്നിട്ട് ന്യൂനപക്ഷ വര്‍ഗീയതയെ ചെറുക്കാന്‍ സംഘപരിവാര്‍ വേണമെന്ന തോന്നല്‍ അവരില്‍ വളര്‍ത്തണം. അങ്ങനെ സംഘപരിവാറിനു വളരണം.

അതിന് ന്യൂനപക്ഷ വര്‍ഗീയത നിലനില്‍ക്കേണ്ടത് അത്യന്താപേക്ഷിതമാണ്. അതുകൊണ്ടു തന്നെ ന്യൂനപക്ഷ വര്‍ഗീയതയെയും ന്യൂനപക്ഷ വര്‍ഗീയ സംഘടനകളെയും സംഘപരിവാര്‍ എല്ലാ തരത്തിലും പരിപോഷിപ്പിക്കും. അതൊരു കൊടുക്കല്‍- വാങ്ങല്‍ പ്രകിയയാണ്. ഒന്നില്ലാതെ മറ്റൊന്നിനു നിലനില്‍പും വളര്‍ച്ചയുമില്ല,” ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകരോട് താന്‍ പറഞ്ഞതായി സുദീപ് പോസ്റ്റില്‍ വ്യക്തമാക്കി.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം;

പ്രസംഗശേഷം ഞാനിറങ്ങി വന്നപ്പോള്‍ സദസിലുണ്ടായിരുന്ന ക്യാമ്പസ് ഫ്രണ്ട് കുട്ടികള്‍ എന്നെ സമീപിച്ചു. അവരുടെ ഒരു പുസ്തകം എനിക്കുതരുന്ന ചിത്രം അവര്‍ക്കെടുക്കണം. ചിരിച്ചുകൊണ്ടു വിസമ്മതിച്ചു.

ചോദിക്കാതെ തന്നെ കാരണവും വിശദീകരിച്ചു; സംഘപരിവാര്‍ വര്‍ഗീയതയെ ഒളിഞ്ഞും തെളിഞ്ഞും വളര്‍ത്തുന്നതില്‍ നിങ്ങള്‍ക്കും മാതൃസംഘടനകള്‍ക്കുമുള്ള പങ്ക് വളരെ വലുതാണ്. സംഘപരിവാറിനു വളമാകുന്ന ഒന്നിനും കൂട്ടുനില്‍ക്കാന്‍ കഴിയാത്ത ഒരു മനുഷ്യനാണു ഞാന്‍.

ന്യൂനപക്ഷ വര്‍ഗീയത നിലനില്‍ക്കുകയും വളരുകയും ചെയ്യേണ്ടത് മറ്റാരെക്കാളും സംഘപരിവാറിന്റെ ആവശ്യമാണ്. ന്യൂനപക്ഷ വര്‍ഗീയതയെക്കാണിച്ചു വേണം സംഘപരിവാറിന് ഭൂരിപക്ഷ വിഭാഗത്തിനിടയില്‍ ഭയവും അരക്ഷിതാവസ്ഥയും സൃഷ്ടിക്കാന്‍. എന്നിട്ട് ന്യൂനപക്ഷ വര്‍ഗീയതയെ ചെറുക്കാന്‍ സംഘപരിവാര്‍ വേണമെന്ന തോന്നല്‍ അവരില്‍ വളര്‍ത്തണം. അങ്ങനെ സംഘപരിവാറിനു വളരണം.

അതിന് ന്യൂനപക്ഷ വര്‍ഗീയത നിലനില്‍ക്കേണ്ടത് അത്യന്താപേക്ഷിതമാണ്. അതുകൊണ്ടു തന്നെ ന്യൂനപക്ഷ വര്‍ഗീയതയെയും ന്യൂനപക്ഷ വര്‍ഗീയ സംഘടനകളെയും സംഘപരിവാര്‍ എല്ലാ തരത്തിലും പരിപോഷിപ്പിക്കും. അതൊരു കൊടുക്കല്‍- വാങ്ങല്‍ പ്രകിയയാണ്. ഒന്നില്ലാതെ മറ്റൊന്നിനു നിലനില്‍പും വളര്‍ച്ചയുമില്ല.

തോളില്‍ കൈയിട്ടു നിന്നാണ് ഞാനവരോട് ഇത്രയും പറഞ്ഞത്. കാരണം ഞാനാ കുട്ടികളെയോ മുതിര്‍ന്ന മനുഷ്യരെയോ വെറുക്കുന്നില്ല. വെറുക്കപ്പെടേണ്ടത് വെറുപ്പിന്റെ, വര്‍ഗീയതയുടെ പ്രത്യയശാസ്ത്രങ്ങളാണ്. ഞാന്‍ തോളില്‍ കൈയിട്ടു ചേര്‍ത്തുപിടിക്കുന്നത് നിങ്ങളെയാണ്, നിങ്ങളുടെ പ്രത്യയശാസ്ത്രങ്ങളെയല്ല.

(സ്ഥലം: ശ്രീജ നെയ്യാറ്റിന്‍കര, ആബിദ് അടിവാരം എന്നിവരുടെയൊക്കെ നേതൃത്വത്തിലുള്ള സിറ്റിസണ്‍സ് ഫോര്‍ ഡെമോക്രസിയുടെ ഉദ്ഘാടന വേദി)

Leave A Reply

Your email address will not be published.