സ്ത്രീകളുടെ പ്രതിഷേധസമരത്തിന് നേരെ വെടിയുതിര്‍ത്ത് താലിബാന്‍

0

കാബൂള്‍: അഫ്ഗാനിസ്ഥാന്‍ തലസ്ഥാനമായ കാബൂളില്‍ സ്ത്രീകളുടെ പ്രതിഷേധസമരത്തിന് നേരെ താലിബാന്‍ വെടിയുതിര്‍ത്തതായി റിപ്പോര്‍ട്ട്. സമരത്തില്‍ പങ്കെടുത്ത സ്ത്രീകളെ പിരിച്ചുവിടുന്നതിന് വേണ്ടിയായിരുന്നു വായുവിലേക്ക് വെടിയുതിര്‍ത്തതെന്നാണ് എ.എഫ്.പി റിപ്പോര്‍ട്ട് ചെയ്യുന്നത്.

ശനിയാഴ്ചയായിരുന്നു സംഭവം. കാബൂളില്‍ റാലി നടത്തുകയായിരുന്നു പ്രതിഷേധം ചെയ്ത സ്ത്രീകള്‍.സമരം ചെയ്ത സ്ത്രീകളെ താലിബാന്‍ സേന മര്‍ദ്ദിച്ചതായും സമരം കവര്‍ ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകര്‍ക്കും മര്‍ദ്ദനമേറ്റതായും റിപ്പോര്‍ട്ടില്‍ പറയുന്നു.ഓഗസ്റ്റ് 15 ഒരു കറുത്ത ദിനമാണ്’ (August 15 is a black day) എന്നടക്കം എഴുതിയ ബാനറുകള്‍ ഉയര്‍ത്തിപ്പിടിച്ചാണ് പ്രതിഷേധം. ‘ഭക്ഷണം, ജോലി, സ്വാതന്ത്ര്യം’ എന്നെഴുതിയ ബാനറുകളും സമരത്തില്‍ കാണാം.

‘നീതി, നീതി, ഈ അവഗണനയില്‍ ഞങ്ങള്‍ മടുത്തു,’ എന്നടക്കമുള്ള മുദ്രാവാക്യങ്ങളും പ്രതിഷേധക്കാര്‍ ഉയര്‍ത്തുന്നുണ്ട്. ജോലി ചെയ്യാനും രാഷ്ട്രീയ ഇടപെടലിനുമുള്ള (Political participation) അവകാശമാണ് സമരക്കാര്‍ ആവശ്യപ്പെടുന്നത്.

താലിബാന്‍ സര്‍ക്കാരിന്റെ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ കാബൂളിലെ ഓഫീസിന് മുന്നിലേക്കായിരുന്നു 40ഓളം വനിതാ സമരക്കാര്‍ മാര്‍ച്ച് നടത്തിയത്. ഈ സമയത്തായിരുന്നു സൈന്യം ഇവരെ പിരിച്ചുവിടാന്‍ വായുവിലേക്ക് വെടിവെച്ചത്.വെടിവെപ്പിന് ശേഷം ഓടി മാറിയ സ്ത്രീകളെ സൈന്യം തെരഞ്ഞുപിടിച്ച് മര്‍ദ്ദിച്ചതായും എ.എഫ്.പി പറഞ്ഞു.

ഏറെ മാസങ്ങള്‍ക്ക് ശേഷമാണ് അഫ്ഗാനില്‍ സ്ത്രീകള്‍ സമരരംഗത്തിറങ്ങുന്നത്.അഫ്ഗാനില്‍ താലിബാന്‍ ഭരണം പിടിച്ചെടുത്ത് ഒരു വര്‍ഷം തികയുന്ന ഘട്ടത്തിലാണ് ഇപ്പോള്‍ രാജ്യത്തെ സ്ത്രീകള്‍ പ്രതിഷേധത്തിനിറങ്ങിയിരിക്കുന്നതും താലിബാന്‍ ഇവര്‍ക്കെതിരെ അക്രമ നടപടികള്‍ സ്വീകരിക്കുന്നതും.

അധികാരത്തിലേറിയത് മുതല്‍ വിദ്യാഭ്യാസവും സഞ്ചാര സ്വാതന്ത്ര്യവുമടക്കമുള്ള സ്ത്രീകളുടെ അവകാശങ്ങളെ നിരാകരിക്കുന്ന തരത്തിലുള്ള നടപടികളാണ് താലിബാന്‍ സര്‍ക്കാര്‍ കൈക്കൊണ്ടിട്ടുള്ളത്.യു.എസ് സേന അഫ്ഗാനില്‍ നിന്ന് പിന്മാറിയതിന് പിന്നാലെ 2020 ഓഗസ്റ്റ് 15നായിരുന്നു താലിബാന്‍ രാജ്യത്ത് ഭരണം പിടിച്ചെടുത്തത്.

Leave A Reply

Your email address will not be published.