കോണ്‍ഗ്രസ് സീറ്റുകള്‍ തീരുമാനിച്ചു; മന്ത്രിസഭാ വികസനം 16ന്

0

പട്‌ന: ബീഹാറിലെ മഹാഗഡ്ബന്ധന്‍ സര്‍ക്കാരില്‍ കോണ്‍ഗ്രസിന് എത്ര മന്ത്രിസ്ഥാനങ്ങള്‍ ലഭിക്കുമെന്ന് തീരുമാനിച്ചു. സഖ്യകക്ഷികളുമായുള്ള ചര്‍ച്ചകള്‍ക്ക് ശേഷമായിരുന്നു തീരുമാനം. ഇതോടെ ബീഹാറില്‍ പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞ ആഗസ്റ്റ് 16ന് നടക്കും.

എ.ഐ.സി.സി ബീഹാര്‍ ഇന്‍ചാര്‍ജ് ഭക്ത ചരണ്‍ ദാസ് ആണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്. കോണ്‍ഗ്രസിന് ലഭിക്കുന്ന മന്ത്രിസ്ഥാനങ്ങളുടെ എണ്ണം വെളിപ്പെടുത്തിയിട്ടില്ല. സഭയിലെ പാര്‍ട്ടിയുടെ ശക്തി അനുസരിച്ചായിരിക്കും സീറ്റുകളെന്നും ആരൊക്കെയാണെന്നത് സംബന്ധിച്ച് തീരുമാനമായിട്ടില്ലെന്നും ചരണ്‍ ദാസ് കൂട്ടിച്ചേര്‍ത്തു.

‘ഞങ്ങളുടേത് ഒരു വലിയ പാര്‍ട്ടിയായി കഴിഞ്ഞു. പലരും ഞങ്ങളോടൊപ്പം ചേര്‍ന്നിട്ടുണ്ട്. അതെല്ലാം കണക്കിലെടുത്ത് മാന്യമായ മന്ത്രിസ്ഥാനങ്ങള്‍ പാര്‍ട്ടിക്കുണ്ടാകും,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബീഹാറില്‍ പുതിയ സര്‍ക്കാര്‍ രൂപീകരിച്ചതിന് പിന്നാലെ ദാസ് രാഷ്ട്രീയ ജനതാദള്‍ (ആര്‍.ജെ.ഡി) തലവന്‍ ലാലു പ്രസാദ് യാദവുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

ബീഹാറിലെ പുതിയ മന്ത്രിസഭയില്‍ പാര്‍ട്ടിക്ക് നാല് മന്ത്രിസ്ഥാനങ്ങള്‍ ലഭിക്കുമെന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍ നേരത്തെ സൂചിപ്പിച്ചിരുന്നു. നിലവില്‍ മുഖ്യമന്ത്രിയായി നിതീഷ് കുമാറും ഉപമുഖ്യമന്ത്രിയായി തേജസ്വി യാദവുമാണ് ചുമതലയേറ്റിരിക്കുന്നത്. ഈ മന്ത്രിസഭയായിരിക്കും വരുന്ന 16ന് വിപുലീകരിക്കുക.

എന്‍.ഡി.എയുമായി സഖ്യം ഒഴിവാക്കിയ നിതീഷ് കുമാര്‍ പിന്നീട് കോണ്‍ഗ്രസ്, ആര്‍.ജെ.ഡി തുടങ്ങിയ പാര്‍ട്ടികളുമായി സഖ്യത്തിലെത്തിയിരുന്നു. രണ്ടാം തവണയാണ് ബീഹാറില്‍ ഇത്തരത്തില്‍ സഖ്യം രൂപീകരിക്കുന്നത്. സഖ്യം രൂപീകരിച്ച് അടുത്ത ദിവസം തന്നെയായിരുന്നു മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും സത്യപ്രതിജ്ഞ ചെയ്തത്.

Leave A Reply

Your email address will not be published.