സിനിമ കാണാൻ തിയേറ്ററിൽ ആളില്ല എന്ന പരാതി തീർന്നു. ” തല്ലുമാല “യും ” ന്നാ താൻ കേസ് കൊട് ” എന്ന ചിത്രവും കോടികൾ വാരുന്നു.

0

ഓഗസ്റ്റ് 11നും 12നുമായി മലയാളത്തില്‍ റിലീസ് ചെയ്ത കുഞ്ചാക്കോ ബോബന്‍ ചിത്രം ന്നാ താന്‍ കേസ് കൊടും, ടൊവിനോ തോമസ് ചിത്രം തല്ലുമാലയും മികച്ച പ്രേക്ഷക പ്രതികരണം നേടി പ്രദര്‍ശനം തുടരുകയാണ്.

നിരവധി പ്രതിസന്ധികള്‍ക്കും, മലയാളം സിനിമക്ക് തിയേറ്ററില്‍ ആളില്ല എന്ന പരാതികള്‍ക്കും ശേഷം റിലീസ് ചെയ്ത ഇരു ചിത്രങ്ങളും നിറഞ്ഞ സദസിലാണ് പ്രദര്‍ശിപ്പിക്കുന്നത്. രണ്ട് ചിത്രങ്ങള്‍ക്കും കളക്ഷനായും കോടികളാണ് ലഭിക്കുന്നത്.

പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ടൊവിനോ ചിത്രം തല്ലുമാല രണ്ട് ദിവസം കൊണ്ട് ലോകമെമ്പാടുനിന്നും 15 കോടിയിലേറെ സ്വന്തമാക്കിയപ്പോള്‍, കുഞ്ചാക്കോ ബോബന്‍ ചിത്രം കേരളത്തില്‍ നിന്ന് മാത്രം മൂന്ന് ദിവസം കൊണ്ട് നാലര കോടിക്ക് മുകളിലാണ് കളക്ഷനായി നേടിയത്. രണ്ട് കോടിയോളം രൂപ ന്നാ താന്‍ കേസ് കൊടിന് ഷെയറായി ലഭിച്ചു എന്നും റിപ്പോര്‍ട്ടുകളുണ്ട്.

തല്ലുമാലക്ക് രണ്ട് ദിവസം കൊണ്ട് തന്നെ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും ഏഴ് കോടിയോളം രൂപ കളക്ഷന്‍ കിട്ടിയെന്നും പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

വരും ദിവസങ്ങളിലും രണ്ട് ചിത്രങ്ങള്‍ക്കും മികച്ച കളക്ഷന്‍ സ്വന്തമാക്കാന്‍ കഴിയും എന്നാണ് ട്രെന്‍ഡുകള്‍ സൂചിപ്പിക്കുന്നത്. വ്യത്യസ്ത ജോണറുകളിലുള്ള സിനിമകള്‍ ആയിട്ട് കൂടി മികച്ച രീതിയില്‍ രണ്ട് ചിത്രങ്ങളേയും പ്രേക്ഷകര്‍ സ്വീകരിച്ചത് പോസിറ്റീവായി തന്നെയാണ് റിലീസ് ചെയ്യാനിരിക്കുന്ന ചിത്രങ്ങളുടെ അണിയറ പ്രവര്‍ത്തകരും കാണുന്നത്.

റിലീസ് ദിവസത്തേക്കാള്‍ കൂടുതല്‍ തിയേറ്ററുകളില്‍ നിലവില്‍ കുഞ്ചാക്കോ ബോബന്‍ ചിത്രം ന്നാ താന്‍ കേസ് കൊട് പ്രദര്‍ശിപ്പിക്കുന്നുണ്ട്. ഇതിനൊപ്പം തന്നെ ഇരു ചിത്രങ്ങളും നിശ്ചയിച്ച ഷോകള്‍ക്ക് പുറമെ സ്പെഷ്യല്‍ ഷോകളും കളിക്കുന്നുണ്ട്.

കോര്‍ട്ട് റൂം ഡ്രാമയായി ഒരുങ്ങിയ ന്നാ താന്‍ കേസ് കൊട് സംവിധാനം ചെയ്തിരിക്കുന്നത് രതീഷ് ബാലകൃഷ്ണ പൊതുവാളാണ്, കളര്‍ഫുള്‍ ആക്ഷന്‍ എന്റര്‍ടൈനറായി ഒരുക്കിയിരിക്കുന്ന തല്ലുമാല സംവിധാനം ചെയ്തിരിക്കുന്നത് ഖാലിദ് റഹ്മാനാണ്. മുഹ്സിന്‍ പരാരിയാണ് തിരക്കഥ.

Leave A Reply

Your email address will not be published.