അവർ അവരുടെ ജനത്തിന്റെ ആവശ്യമനുസരിച്ച് നയം സ്വീകരിക്കുന്നു’; ഇന്ത്യയുടെ വിദേശനയത്തെ പുകഴ്ത്തി ഇമ്രാൻ ഖാൻ

0

ഇസ്ലാമബാദ് : ഇന്ത്യയുടെ വിദേശനയം സ്വതന്ത്രനയമെന്ന് പ്രകീർത്തിച്ചു പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. റഷ്യയിൽ നിന്നും ക്രൂഡ് ഓയിൽ വാങ്ങുന്ന സംബന്ധിച്ചുള്ള ഇന്ത്യയുടെ നിലപാടിനെയും അത് പൊതുതലത്തിൽ അറിയിച്ച വിദേശകാര്യ മന്ത്രി എസ് ജയശങ്കറിനെയും പ്രകീർത്തിക്കുകയായിരുന്നു ഇമ്രാൻ ഖാൻ. റഷ്യയിൽ നിന്നും ഇന്ധനം വാങ്ങുന്നതിന് ഇന്ത്യയെ  വിമർശിക്കുന്ന പാശ്ചാത്യ രാജ്യങ്ങൾക്കെതിരെ ഇമ്രാൻ ഖാൻ തന്റെ പ്രസംഗത്തിലൂടെ തുറന്നടിക്കുകയും ചെയ്തു.

ലാഹോറിൽ ജനങ്ങളെ അഭിസംബോധന ചെയ്യവെ ഇമ്രാൻ ഖാൻ എസ് ജയശങ്കറിന്റെ വീഡിയോ പങ്കുവക്കുകയും ചെയ്തു. സ്ലോവാക്യയിൽ വെച്ച് നടന്ന ബ്രാറ്റിസ്ലാവ ഫോറത്തിൽ വെച്ച് യുഎസിന്റെ സമ്മർദം നിലനിൽക്കവെ ഇന്ത്യ റഷ്യയിൽ നിന്നും കുറഞ്ഞ വിലയ്ക്ക് ഇന്ധനം സ്വീകരിക്കുന്ന നിലപാട് വ്യക്തമാക്കുന്ന എസ് ജയശങ്കറിന്റെ വീഡിയോയാണ് മുൻ പാക് പ്രധാനമന്ത്രി തന്റെ പ്രസംഗത്തിനിടെ കാണിക്കുന്നത്.

“ഇന്ത്യക്കും പാകിസ്ഥാനും ഒരേ സമയത്താണ് സ്വാതന്ത്ര്യം ലഭിക്കുന്നത്. ഇന്ത്യ തങ്ങളുടെ ജനത്തിന്റെ ആവശ്യം അനുസരിച്ച് വിദേശനയം സ്വീകരിക്കും അവർ അതിൽ ഉറച്ച് നിൽക്കുകയും ചെയ്യും. യുഎസ് ഇന്ത്യയോട് റഷ്യയിൽ നിന്നും ഇന്ധനം വാങ്ങിക്കരുത് പറഞ്ഞു. ഇന്ത്യക്ക് അമേരിക്കയുമായി നയതന്ത്ര സഖ്യമുണ്ട്, പാകിസ്ഥാന് ഇല്ല. എന്നാൽ നമ്മുക്ക് കാണാം എന്താണ് ഇന്ത്യയുടെ വിദേശകാര്യ മന്ത്രി യുഎസിനോട് പറഞ്ഞതെന്ന്” ഇമ്രാൻ ഖാൻ പറഞ്ഞു. തുടർന്ന് ജയശങ്കറിന്റെ വീഡിയോ പ്രദർശിപ്പിക്കുകയായിരുന്നു.

“ജയശങ്കർ പറയുന്നത് ആരാണ് നിങ്ങൾ? റഷ്യയുടെ പക്കൽ നിന്നും യുറോപ്പ് ഇന്ധനം വാങ്ങുന്നു, ഞങ്ങളുടെ ജനത്തിന് ആവശ്യമുണ്ട് അതുകൊണ്ട് ഞങ്ങൾ വാങ്ങിച്ചിരിക്കുമെന്ന് ജയശങ്കർ പറഞ്ഞു. ഇതാണ് സ്വതന്ത്രരാജ്യം” ഇമ്രാൻ ഖാൻ കൂട്ടിച്ചേർത്തു.

റഷ്യയിൽ നിന്നും ഇന്ധനം വാങ്ങിക്കാതെ അമേരിക്കയുടെ മുന്നിൽ ഷെബാസ് ഷെരീഫ് സർക്കാർ വണങ്ങി നിൽക്കുകയാണെന്ന് മുന പാക് പ്രധാനമന്ത്രി കുറ്റപ്പെടുത്തി. “റഷ്യയോട് കുറഞ്ഞ വിലയ്ക്ക് ഇന്ധനം വാങ്ങിക്കുന്നത് സംബന്ധിച്ച് ഞങ്ങൾ സംസാരിച്ചിരുന്നു. പക്ഷെ ഈ സർക്കാർ യുഎസ് സമർദ്ദത്തിന് മുമ്പിൽ അത് വേണ്ടയെന്നു വെച്ചു. റോക്കറ്റ് വേഗത്തിലാണ് ഇന്ധന വില ഉയരുന്നത്. ജനങ്ങൾ ദാരിദ്രരേഖയുടെ താഴേക്കെത്തുന്നു. ഞാൻ ഈ അടിമത്വത്തിനെതിരെയാണ്” മുൻ പാക് പ്രധാനമന്ത്രി പറഞ്ഞു.

ജൂൺ മൂന്നിന് സ്ലോവാക്യയിൽ വെച്ച് നടന്ന ബ്രാറ്റിസ്ലാവ ഫോറത്തിൽ വെച്ച് ഇന്ത്യയുടെ വിദേശകാര്യ മന്ത്രി നടത്തിയ പ്രസംഗത്തിന്റെ ഭാഗമാണ് ഇമ്രാൻ ഖാൻ പങ്കുവച്ചത്. ഇന്ത്യ വാങ്ങുന്ന ഇന്ധനം യുദ്ധത്തിന് റഷ്യയ്ക്ക് ലഭിക്കുന്ന വരുമാനമല്ലയെന്ന് ചോദ്യത്തിന് ജയശങ്കർ മറുപടി നൽകുന്നതാണ് വീഡയോ. യുക്രൈൻ പ്രതിസന്ധി എങ്ങനെ വികസിത രാജ്യങ്ങളെ ബാധിക്കുന്നു. എന്തുകൊണ്ട് ഇന്ത്യയെ മാത്രം കുറ്റപ്പെടുത്തു, യുറോപ്പും ഇന്ധനം വാങ്ങുന്നത് തുടരുന്നില്ലയെന്ന് എസ് ജയശങ്കർ ചോദിച്ചു.

Leave A Reply

Your email address will not be published.