ഇന്ദിര ലുക്കിൽ മഞ്ജുവും ചർക്കയുമായി സൗബിനും; വെള്ളരി പട്ടണത്തിന്റെ സ്വാതന്ത്ര്യദിന പ്രത്യേക പോസ്റ്റർ; ചിത്രം ഓണത്തിന് റിലീസാകും

0

മഞ്ജു വാര്യര്‍, സൗബിന്‍ ഷാഹിര്‍ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന വെള്ളരി പട്ടണത്തിന്റെ പുതിയ പോസ്റ്റർ പുറത്ത് വിട്ടു. സ്വാതന്ത്ര്യദിന പ്രത്യേക പോസ്റ്ററാണ് അണിയറ പ്രവർത്തകർ പങ്കുവച്ചിരിക്കുന്നത്. ഇന്ത്യയുടെ മുൻ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയുടെ ലുക്കിൽ മഞ്ജു വാര്യറും ചർക്കയിൽ നൂല് കോർക്കുന്ന സൗബിനെയുമാണ് പോസ്റ്ററിൽ അവതരിപ്പിച്ചിരിക്കുന്നത്. ചിത്രം സെപ്റ്റംബറിൽ റിലീസ് ചെയ്യും. ആക്ഷേപഹാസ്യ സ്വഭാവമുള്ള ചിത്രമാണോ വെള്ളരി പട്ടണം എന്ന് തോന്നിപ്പിക്കുന്ന വിധത്തിലുള്ള ടീസറുകളായിരുന്നു നേരത്തെ പങ്കുവച്ചിരുന്നത്. ലീഡർ കെപി സുരേഷ് എന്ന കഥാപാത്രത്തെയാണ് സൗബിൻ ചിത്രത്തിൽ അവതരിപ്പിക്കുന്നത്.

മഹേഷ് വെട്ടിയാര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഫുള്‍ ഓണ്‍ സ്റ്റുഡിയോസ് ആണ് ചിത്രം നിർമിക്കുന്നത്. ആക്ഷന്‍ ഹീറോ ബിജു, അലമാര, മോഹന്‍ലാല്‍, കുങ്ഫു മാസ്റ്റര്‍ എന്നീ സിനിമകൾ നിർമിച്ചതും ഫുള്‍ ഓണ്‍ സ്റ്റുഡിയോസ് ആണ്. സംവിധായകൻ മഹേഷ് വെട്ടിയാർ, മാധ്യമപ്രവര്‍ത്തകനായ ശരത്കൃഷ്ണയും ചേര്‍ന്നാണ് രചന നിർവഹിച്ചിരിക്കുന്നത്. സലിം കുമാര്‍, സുരേഷ്‌ കൃഷ്ണ, കൃഷ്ണശങ്കര്‍, ശബരീഷ് വര്‍മ, അഭിരാമി ഭാര്‍ഗവന്‍, മാല പാര്‍വതി, വീണ നായര്‍, പ്രമോദ് വെളിയനാട് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ.

അലക്‌സ് ജെ പുളിക്കല്‍ ആണ് ഛായാഗ്രഹണം നിർവഹിച്ചിട്ടുള്ളത്. മധു വാസുദേവൻ വിനായക് ശശികുമാർ എന്നിവരുടെ വരികൾക്ക് സച്ചിന്‍ ശങ്കര്‍ മന്നത്താണ് സംഗീതം പകരുന്നത്. ജ്യോതിഷ് ശങ്കറാണ് കലാസംവിധായകന്‍. വെള്ളരിക്കാ പട്ടണം എന്നായിരുന്നു ചിത്രത്തിന് ആദ്യം പേര് നൽകിയിരുന്നത്. എന്നാൽ വെള്ളരിക്കപ്പട്ടണം എന്ന പേര് തനിക്ക് അവകാശപ്പെട്ടതാണെന്ന് അറിയിച്ച് സംവിധായകന്‍ മനീഷ് കുറുപ്പ് രംഗത്തെത്തിയിരുന്നു. ഇതിനെ തുടർന്നാണ് പേര് മാറ്റിയത്.

Leave A Reply

Your email address will not be published.