ഫോണ്‍ കോളുകളില്‍ ഇനി ഹലോ വേണ്ട, പകരം വന്ദേ മാതരം മതി’: പുതിയ പ്രഖ്യാപനവുമായി സാംസ്‌കാരിക മന്ത്രി

0

മുംബൈ: ഫോണ്‍ സംഭാഷണങ്ങളില്‍ ഹലോ പറയുന്നതിന് പകരം വന്ദേ മാതരം പറഞ്ഞ് തുടങ്ങണമെന്ന പ്രഖ്യാപനവുമായി മഹാരാഷ്ട്ര സാംസ്‌കാരിക വകുപ്പ് മന്ത്രി സുധീര്‍ മുന്‍ഗന്തിവാര്‍. മുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡെ സാംസ്‌കാരിക വകുപ്പിന്റെ ചുമതല കൈമാറി മണിക്കൂറുകള്‍ക്കകമായിരുന്നു മന്ത്രിയുടെ പ്രഖ്യാപനം. സാംസ്‌കാരിക വകുപ്പ് അധികാരികള്‍ക്കാണ് ഇത്തരത്തില്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്.

രാജ്യം 75-ാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്നതിന്റെ ഭാഗമായാണ് മന്ത്രിയുടെ പ്രഖ്യാപനം.

രാജ്യം 75ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന വേളയില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഫോണ്‍ സംഭാഷണങ്ങള്‍ ആരംഭിക്കുമ്പോള്‍ ഹലോ എന്നതിന് പകരം വന്ദേ മാതരം ഉപയോഗിച്ച് ആരംഭിക്കണം,’ സുധീര്‍ മുന്‍ഗന്തിവാര്‍ പറഞ്ഞു.ട്വിറ്ററിലും അദ്ദേഹം തന്റെ പ്രഖ്യാപനത്തെ കുറിച്ച് പറഞ്ഞിരുന്നു.

മുഖ്യമന്ത്രിയായി ഏക് നാഥ് ഷിന്‍ഡെയും ഉപമുഖ്യമന്ത്രിയായി ദേവേന്ദ്ര ഫഡ്‌നാവിസും അധികാരത്തിലെത്തി 40 ദിവസങ്ങള്‍ക്ക് ശേഷമായിരുന്നു മന്ത്രിസഭ വികസനം നടന്നത്. 18 അംഗ നിയമസഭയാണ് നിലവിലുള്ളത്.

മന്ത്രിസഭാ രൂപീകരണത്തിന് പിന്നാലെയും സഖ്യത്തിന് നേരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ഒരുമാസത്തിലധികം സമയമെടുത്ത് രൂപീകരിച്ച മന്ത്രിസഭയില്‍ സ്ത്രീകളെ ഉള്‍പ്പെടുത്തിയിരുന്നില്ല. ഇതിനെതിരെ വിവിധ ഭാഗങ്ങളില്‍ നിന്നും പ്രതിഷേധം ഉയര്‍ന്നിരുന്നു.

വിമര്‍ശനങ്ങളോട് പ്രതികരിക്കവേ അടുത്ത മന്ത്രിസഭാ വികസനത്തില്‍ സ്ത്രീകള്‍ ഉണ്ടാകുമെന്ന് ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് പറഞ്ഞു. നേരത്തെ മന്ത്രിസഭാ രൂപീകരിക്കാത്തതിനായിരുന്നു വിമര്‍ശനം. അത് കേട്ട് മന്ത്രിസഭ വികസിപ്പിച്ചപ്പോള്‍ സ്ത്രീകള്‍ ഇല്ലാത്തതായി പ്രശ്നമെന്നും ഫഡ്നാവിസ് പറഞ്ഞു.

മന്ത്രിസഭാ രൂപീകരണത്തില്‍ സഖ്യത്തിനുള്ളില്‍ തന്നെ വലിയ രീതിയിലുള്ള പ്രതിഷേധങ്ങള്‍ ഉയര്‍ന്നിരുന്നു. വിമത നീക്കത്തിനിടെ എം.എല്‍.എമാരില്‍ പലര്‍ക്കും ഷിന്‍ഡെ മന്ത്രിസ്ഥാനം വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ അത് നടപ്പിലാക്കിയിട്ടില്ലെന്ന ആരോപണങ്ങള്‍ മന്ത്രിസഭാ വികസനത്തിന് പിന്നാലെ ഉയര്‍ന്നിരുന്നു.

വിമത നീക്കത്തിനിടെ നാല്‍പതോളം എം.എല്‍.എമാരെ ഷിന്‍ഡെ തനിക്ക് അനുകൂലമാക്കി മാറ്റിയിരുന്നു. എന്നാല്‍ ഇതില്‍ പലരേയും പരിഗണിച്ചില്ലെന്നതാണ് വിമര്‍ശനങ്ങള്‍ക്ക് വഴിയൊരുക്കിയത്.

മന്ത്രിസഭാ രൂപീകരണ ദിവസം തന്നെ ഉദ്ധവ് താക്കറെ സര്‍ക്കാരില്‍ സഹമന്ത്രിയായിരുന്ന പ്രഹാര്‍ ജന്‍ശക്തി നേതാവ് ബച്ചു കദു ഷിന്‍ഡെയെ രൂക്ഷമായി വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു. വിമത നീക്കം നടത്തുമ്പോള്‍ മന്ത്രിസ്ഥാനം നല്‍കുമെന്ന് ഷിന്‍ഡെ തനിക്ക് ഉറപ്പുനല്‍കിയിരുന്നു എന്നാണ് ബച്ചു കദു പ്രതികരിച്ചത്.
ചെറു പാര്‍ട്ടി നേതാക്കള്‍ പോലും മന്ത്രിസ്ഥാനം നല്‍കാത്തതില്‍ കടുത്ത അതൃപ്തി അറിയിച്ചിരുന്നു.അട്ടിമറിയിലൂടെ കോണ്‍ഗ്രസ്-എന്‍.സി.പി-ശിവസേന സഖ്യത്തിലുള്ള മഹാവികാസ് അഘാഡി സര്‍ക്കാരിനെ താഴെയിറക്കിയായിരുന്നു ഷിന്‍ഡെ വിഭാഗം അധികാരത്തിലെത്തിയത്.

Leave A Reply

Your email address will not be published.