വിവാദമായ പൗരത്വ ഭേദഗതി ബില്‍ പാര്‍ലമെന്റിലേക്ക് തിരിച്ചയച്ച് നേപ്പാള്‍ പ്രസിഡന്റ്

0

കാഠ്മണ്ഡു: വിവാദമായ പൗരത്വ ഭേദഗതി ബില്‍ സഭയിലേക്ക് തിരിച്ചയച്ച് നേപ്പാള്‍ പ്രസിഡന്റ് ബിധ്യ ദേവി ഭണ്ഡാരി. ഞായറാഴ്ചയായിരുന്നു ബില്‍ ജനപ്രതിനിധി സഭയുടെ അവലോകനത്തിന് വേണ്ടി പ്രസിഡന്റ് തിരിച്ചയച്ചത്.

പ്രസിഡന്റിന്റെ അപൂര്‍വ നീക്കത്തിനെതിരെ വിമര്‍ശനവും ഉയരുന്നുണ്ട്.

ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 113(3) പ്രകാരം പൗരത്വ നിയമ ഭേദഗതി ബില്‍ പുനപരിശോധിക്കണമെന്ന് ചൂണ്ടിക്കാട്ടി രാഷ്ട്രപതി ജനപ്രതിനിധി സഭയിലേക്ക് അയച്ചു,” രാഷ്ട്രപതിയുടെ ഓഫീസ് വക്താവ് സാഗര്‍ ആചാര്യ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു

പ്രസിഡന്റിന്റെ അനുമതിക്ക് അയക്കുന്നതിന് മുമ്പ് ബില്‍ പാര്‍ലമെന്റിന്റെ ഇരു സഭകളും അംഗീകരിച്ചിരുന്നു.

നേപ്പാള്‍ പൗരന്മാരെ വിവാഹം കഴിച്ച വിദേശ വനിതകള്‍ക്ക് ഉടന്‍ പൗരത്വത്തിന് യോഗ്യത നല്‍കുക, നേപ്പാളില്‍ താമസിക്കാത്ത നേപ്പാള്‍ പൗരന്മാര്‍ക്ക് എല്ലാ അവകാശങ്ങള്‍ക്കും അര്‍ഹത നല്‍കുക എന്നിവയാണ് പുതിയ പൗരത്വ ഭേദഗതി ബില്ലില്‍ പറയുന്ന കാര്യങ്ങള്‍.

നേപ്പാളി പുരുഷന്മാരുമായുള്ള വിവാഹം കഴിഞ്ഞാലുടന്‍ വിദേശ വനിതകള്‍ക്ക് പൗരത്വം നല്‍കരുതെന്നും കൂടുതല്‍ കാലയളവ് വേണമെന്നും നേരത്തെ നേപ്പാളിലെ പാര്‍ട്ടികള്‍ക്കിടയില്‍ അഭിപ്രായമുയര്‍ന്നിരുന്നു. എന്നാല്‍ പിന്നീട് പാര്‍ലമെന്റിലെ മിക്കവാറും എല്ലാ പാര്‍ട്ടികളും ബില്ലിനെ അംഗീകരിക്കുകയായിരുന്നു.ബില്‍ ഇപ്പോള്‍ പ്രസിഡന്റ് തിരിച്ചയച്ചതോടെ ബില്ലിലെ വകുപ്പുകള്‍ സംബന്ധിച്ച് ഒരു വിഭാഗം ജനങ്ങള്‍ സംശയമുന്നയിക്കുന്നുണ്ട്.

ഇരുസഭകളുടെയും അംഗീകാരം ലഭിച്ചതിന് പിന്നാലെ ഇക്കഴിഞ്ഞ ജൂലൈ 31നായിരുന്നു ബില്‍ പ്രസിഡന്റിന്റെ വസതിയായ ശീതള്‍ നിവാസിലേക്ക് സ്പീക്കര്‍ അയച്ചത്. സ്പീക്കറുടെ അനുമതി കൂടി ലഭിച്ചാല്‍ മാത്രമേ ബില്‍ നിയമമായി മാറുകയുള്ളൂ.

രണ്ടാഴ്ച മുമ്പായിരുന്നു ബില്‍ ‘ഫാസ്റ്റ് ട്രാക്കിലൂടെ’ സ്വീകരിച്ചത്.

Leave A Reply

Your email address will not be published.