ഇതെന്താ മറ്റു സംസ്ഥാനങ്ങളില്‍ നടക്കുന്നില്ലേ? ദളിത് വിദ്യാര്‍ത്ഥി മരണപ്പെട്ട സംഭവത്തില്‍ രാജസ്ഥാന്‍ മുഖ്യമന്ത്രി

0

ജയ്പൂര്‍: രാജസ്ഥാനിലെ ജലോറില്‍ ഉയര്‍ന്ന ജാതിയിലുള്ള അധ്യാപകര്‍ക്ക് വേണ്ടി സ്ഥാപിച്ച കുടത്തില്‍ നിന്നും വെള്ളം കുടിച്ചതിന് അധ്യാപകരുടെ മര്‍ദ്ദനമേറ്റ് കുട്ടി മരിച്ച സംഭവത്തില്‍ പ്രതികരണവുമായി മുഖ്യമന്ത്രി അശോക് ഗെലോട്ട്. ഇത് മറ്റു സംസ്ഥാനങ്ങളില്‍ നടക്കുന്നില്ലേ എന്നായിരുന്നു ഗെലോട്ടിന്റെ ചോദ്യം. സംഭവത്തെ ശക്തമായി അപലപിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞതായി ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു. ബി.ജെ.പിയെ സംബന്ധിച്ച് ഇത് വെറും രാഷ്ട്രീയ പോരിനുള്ള സംഭവം മാത്രമാണെന്നും നടപടിയെടുക്കുകയല്ലാതെ സര്‍ക്കാരിന് മറ്റെന്ത് ചെയ്യാനാകുമെന്നും അദ്ദേഹം ചോദിച്ചു.

‘ഇത്തരത്തിലുള്ള സംഭവങ്ങള്‍ എല്ലാ സംസ്ഥാനങ്ങളിലും നടക്കുന്നുണ്ട്. അത് നിങ്ങള്‍ ടി.വി കാണുകയോ പത്രങ്ങള്‍ വായിക്കുകയോ ചെയ്താല്‍ മനസിലാവും.

സംഭവത്തെ ഞങ്ങള്‍ ശക്തമായി അപലപിക്കുന്നു. അത് നമ്മുടെ സംസ്ഥാനത്ത് നടന്നതായാലും മറ്റേതെങ്കിലും സംസ്ഥാനത്തായാലും. ഉദയ്പൂരിലെ സംഭവമായാലും ജലോറിലെ സംഭവമായാലും ജനങ്ങള്‍ക്ക് ബോധ്യപ്പെടുന്ന തീരുമാനങ്ങളാണ് ഞങ്ങള്‍ എടുത്തിട്ടുള്ളത്. വിഷയത്തില്‍ സര്‍ക്കാര്‍ നടപടി എടുത്ത് ടീച്ചറെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇതില്‍ കൂടുതല്‍ എന്ത് ചെയ്യാനാവും?,’ ഗെലോട്ട് പറഞ്ഞു.

രാജസ്ഥാനിലെ ജലോര്‍ ജില്ലയിലെ സുറാനാ ഗ്രാമത്തിലെ ഒരു സ്വകാര്യ സ്‌കൂളില്‍ ജൂലൈ 20നായിരുന്നു സംഭവം. മര്‍ദനമേറ്റ കുട്ടി അഹമ്മദാബാദ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. എന്നാല്‍ ശനിയാഴ്ചയോടെയായിരുന്നു മരണം.

കൊലപാതക കുറ്റം, പട്ടികജാതി-പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തടയല്‍ എന്നീ വകുപ്പുകള്‍ പ്രകാരമാണ് പ്രതിയായ ചൈല്‍ സിങ്ങിനെതിരെ കേസെടുത്തിരിക്കുന്നത്.

അന്വേഷണം വേഗത്തില്‍ പൂര്‍ത്തിയാക്കാനായി കേസ് ഓഫീസേഴ്‌സ് സ്‌കീമിന് കീഴില്‍ ഏറ്റെടുക്കാന്‍ രാജസ്ഥാന്‍ പട്ടികജാതി കമ്മീഷന്‍ ചെയര്‍മാന്‍ ഖിലാഡി ലാല്‍ ബൈര്‍വ ഉത്തരവിട്ടിട്ടുണ്ട്.

‘കുട്ടി ക്രൂരമായി മര്‍ദിക്കപ്പെട്ടു, അതിന്റെ കാരണം അധ്യാപകന്റെ കുടിവെള്ള പാത്രത്തില്‍ തൊട്ടതാണ്, കേസ് അന്വേഷണഘട്ടത്തിലാണ്. ഞങ്ങള്‍ അധ്യാപകനായ ചൈല്‍ സിങിനെതിരെ ഐ.പി.സി 302, പട്ടികജാതി പട്ടികവര്‍ഗ നിയമം എന്നിവ പ്രകാരം കേസ് ഫയല്‍ ചെയ്യുകയും അറസ്റ്റ് ചെയ്യുകയും ചെയ്തു,’ ജലോര്‍ പൊലീസ് സൂപ്രണ്ട് ഹര്‍ഷ് വര്‍ദ്ധന്‍ അഗര്‍വാല പറഞ്ഞു.മര്‍ദനമേറ്റ കുട്ടി അബോധാവസ്ഥയിലായിരുന്നെന്നും മുഖത്തും ചെവിയിലും മുറിവുകളുണ്ടായിരുന്നെന്നും കുട്ടിയുടെ പിതാവ് ദേവറാം മേഘ്വാള്‍ പറഞ്ഞു.

Leave A Reply

Your email address will not be published.