തേങ്ങ വാങ്ങാനും മദ്യക്കുപ്പി നല്‍കാനും ഡിഐജിയുടെ കാറിൽ വിലസി മോൻസൻ

0

കൊച്ചി∙ പുരാവസ്തു തട്ടിപ്പ് കേസ് പ്രതി മോന്‍സന്‍ മാവുങ്കല്‍ സ്വകാര്യ യാത്രകള്‍ക്കായി ഉപയോഗിച്ചത് ഡിഐജിയുടെ ഔദ്യോഗിക വാഹനമെന്നു വെളിപ്പെടുത്തല്‍. പൊലീസുകാര്‍ക്കു മദ്യം വിതരണം ചെയ്യാനും വീട്ടാവശ്യങ്ങള്‍ക്കും പുറമെ തന്റേതായ ഇടപാടുകള്‍ക്കും റിട്ട. ഡിഐജിയുടെ ഔദ്യോഗിക വാഹനം ഉപയോഗിച്ചതായി ഡ്രൈവര്‍ ജെയ്സണ്‍ മനോരമ ന്യൂസിനോടു പറഞ്ഞു. പൊലീസ് പരിശോധനയില്‍നിന്നു രക്ഷപ്പെടാന്‍ ഐജി ലക്ഷ്മണിന്റെ സീലും ഒപ്പുമടങ്ങിയ പാസുകളും ഉപയോഗിച്ചതായും ജെയ്സണ്‍ വെളിപ്പെടുത്തി.

പുരാവസ്തു തട്ടിപ്പുകേസില്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്കു ക്രൈംബ്രാഞ്ച് ക്ലീന്‍ചിറ്റ് നല്‍കുമ്പോള്‍ പുറത്തുവരുന്നതു ഞെട്ടിക്കുന്ന വിവരങ്ങളാണ്. കടുത്ത യാത്രാ നിയന്ത്രണങ്ങളുണ്ടായിരുന്ന കോവിഡ് കാലത്താണ് ഡിഐജി എസ്. സുരേന്ദ്രന്‍റെ ഔദ്യോഗിക വാഹനം മോന്‍സൻ തന്‍റെ ആവശ്യങ്ങള്‍ക്കായി യഥേഷ്ടം ഉപയോഗിച്ചത്. ആലപ്പുഴയില്‍ സഹോദരിയുടെ വീട്ടില്‍നിന്ന് തേങ്ങയെടുക്കാനും മീന്‍ വാങ്ങാനും സുഹൃത്തായ പൊലീസുകാരനു മദ്യക്കുപ്പി നല്‍കാനും ഔദ്യോഗിക വാഹനം ഉപയോഗിച്ചതായി ജെയ്സണ്‍ പറയുന്നു.

തൃശൂരില്‍ അനിത പുല്ലയിലിന്‍റെ സഹോദരിയുടെ വിവാഹ വേദിയില്‍നിന്നു നെടുമ്പാശേരി എയര്‍പോര്‍ട്ടിലേക്കുള്ള മോന്‍സന്‍റെ യാത്രയും പൊലീസ് വാഹനത്തിലായിരുന്നു. സ്വന്തം വാഹനത്തില്‍ യാത്രചെയ്യുന്ന ഘട്ടത്തിലാണു പരിശോധനകള്‍ ഒഴിവാക്കാന്‍ ഐജി ലക്ഷ്മണിന്റെ കയ്യൊപ്പും സീലും അടങ്ങിയ പാസുകള്‍ ഉപയോഗിച്ചത്. മറ്റു ചിലരുടെ യാത്രകള്‍ക്കും ഈ പാസുകള്‍ നല്‍കിയിരുന്നതായും ജെയ്സണ്‍ വെളിപ്പെടുത്തുന്നു.

  • കേസില്‍ സാക്ഷിയായ ജെയ്സണ്‍ ക്രൈംബ്രാഞ്ചിനോടും ഇക്കാര്യങ്ങള്‍ തുറന്നു പറഞ്ഞിട്ടുണ്ട്. ചില ഫോട്ടോകളും തെളിവുകളായി കൈമാറിയെങ്കിലും അന്വേഷണം എങ്ങുമെത്തിയില്ല. ഉന്നത ഉദ്യോഗസ്ഥരിലേക്കു നീളുന്ന തെളിവുകള്‍ അന്വേഷണത്തിനിടെ പൊലീസ് തന്നെ നശിപ്പിച്ചതായും പരാതിക്കാര്‍ സംശയിക്കുന്നു.
Leave A Reply

Your email address will not be published.