തീരദേശത്തെ പള്ളികളില്‍ കരിങ്കൊടി; മത്സ്യത്തൊഴിലാളികള്‍ സമരം ശക്തമാക്കുന്നു

0

തിരുവനന്തപുരം∙ തീരശോഷണത്തിനെതിരെ മത്സ്യത്തൊഴിലാളികള്‍ സമരം ശക്തമാക്കുന്നു. തിരുവനന്തപുരത്തെ തീരദേശത്തുള്ള പള്ളികളിലും പാളയം പള്ളിയിലും കരിങ്കൊടി ഉയര്‍ത്തി. തീരദേശ ജനതയോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് കരിങ്കൊടി ഉയര്‍ത്തിയത്. വിവിധ ഇടവകകളില്‍നിന്നെത്തുന്ന മത്സ്യത്തൊഴിലാളികള്‍ ഇന്നു വിഴിഞ്ഞം തുറമുഖ നിര്‍മാണ പ്രദേശം ഉപരോധിക്കും. മത്സ്യത്തൊഴിലാളികളുടെ നിലനില്‍പ്പ് പ്രതിസന്ധിയിലാണെന്ന് ലത്തീന്‍ അതിരൂപത വികാരി ജനറാള്‍ യൂജിന്‍ പെരേര പറഞ്ഞു.ആവാസവ്യവസ്ഥ നഷ്ടപ്പെടുന്നതിനെതിരെയാണു തീരവാസികളുടെ അതിജീവന പോരാട്ടം. കഴിഞ്ഞ ദിവസം തിരമാല പോലെ അവര്‍ തലസ്ഥാനത്തേയ്ക്ക് ഇരച്ചെത്തിയിരുന്നു. പ്രശ്നപരിഹാരമുണ്ടാകാത്തതോടെയാണു സമരം വിഴിഞ്ഞം തുറമുഖപ്രദേശത്തേക്കു വ്യാപിപ്പിക്കുന്നത്. കരയിലും കടലിലും മത്സ്യത്തൊഴിലാളികളെ അണിനിരത്തി അനിശ്ചിതകാല ഉപരോധ സമരത്തിനാണു തീരുമാനം. രാവിലെ പത്തരയോടെ തുറമുഖ നിര്‍മാണം നടക്കുന്ന മുല്ലൂരിലെ പ്രധാന കവാടം ഉപരോധിക്കും.

തുടര്‍ന്നുളള ദിവസങ്ങളില്‍ വിവിധ ഇടവകകളുടെ നേതൃത്വത്തില്‍ തുറമുഖത്തിന്‍റെ പ്രധാന കവാടം ഉപരോധിക്കും. പങ്കെടുക്കുന്ന മത്സ്യത്തൊഴിലാളികള്‍ തുറമുടക്കിയാകും സമരത്തിനെത്തുക. എല്ലാ ഇടവകകളിലും കരിങ്കൊടി ഉയര്‍ത്തും. തുറമുഖ നിര്‍മാണം നിര്‍ത്തിവച്ച് തീരശോഷണത്തെക്കുറിച്ചു പഠിക്കുക, കടലാക്രമണത്തില്‍ വീടുകള്‍ നഷ്ടപ്പെട്ടവര്‍ക്കു പുനരധിവാസം ഉറപ്പാക്കുക, ക്യാംപുകളില്‍ കഴിയുന്നവരുടെ പുനരധിവാസം, നഷ്ടപ്പെട്ട വീടിനും വസ്തുവിനും നഷ്ടപരിഹാരം, കുറഞ്ഞ വിലയ്ക്കു മണ്ണെണ്ണ നൽകുക തുടങ്ങിയ വിവിധ ആവശ്യങ്ങളാണു മത്സ്യത്തൊഴിലാളികള്‍ ഉയര്‍ത്തുന്നത്. മറ്റു ലത്തീന്‍ രൂപതകളും സമരത്തിനു പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

Leave A Reply

Your email address will not be published.