ക്രൂരമായി പെരുമാറുന്ന ഭർത്താവ് വീടൊഴിയണം; ഇല്ലെങ്കിൽ ഒഴിപ്പിക്കും: മദ്രാസ് ഹൈക്കോടതി

0

ചെന്നൈ ∙ പതിവായി വഴക്കുണ്ടാക്കുകയും ഭാര്യയെ ഉപദ്രവിക്കുകയും ചെയ്യുന്നയാളോട് രണ്ടാഴ്ചയ്ക്കകം വീട് ഒഴിയണമെന്ന് ഉത്തരവിട്ട മദ്രാസ് ഹൈക്കോടതി, ഇല്ലെങ്കിൽ പൊലീസ് നടപടിയിലൂടെ ഒഴിപ്പിക്കുമെന്നു മുന്നറിയിപ്പ് നൽകി. വീട്ടിലെ സമാധാനം നിലനിർത്താൻ ഭർത്താവിനെ മാറ്റിനിർത്തിയേ പറ്റൂ എങ്കിൽ കോടതികൾ ആ തീരുമാനമെടുക്കണം. അയാൾക്കു താമസിക്കാൻ ഇടമുണ്ടോ ഇല്ലയോ എന്നതൊന്നും പരിഗണിക്കേണ്ടതില്ലെന്ന് കോടതി വ്യക്തമാക്കി.

ബോംബ് പൊട്ടുമെന്നു ഭയന്നു ജീവിക്കുന്നവർക്ക് ആശ്വാസം കിട്ടണമെങ്കിൽ ബോംബ് എടുത്തു മാറ്റണം. ഭർത്താവ് മർദിക്കുമോ കുട്ടികളുടെ മുന്നിൽ മോശം ഭാഷയിൽ സംസാരിക്കുമോ എന്ന് എല്ലായ്പോഴും ഭയന്നുകൊണ്ട് സ്ത്രീക്കു ജീവിക്കാനാകില്ല. ഗാർഹിക പീഡനത്തെ തുടർ‌ന്നു വിവാഹമോചനം തേടുന്ന അഭിഭാഷക സമർപ്പിച്ച ഹർജിയിലാണ് ജസ്റ്റിസ് ആർ.എൻ.മഞ്ജുളയുടെ സുപ്രധാന ഉത്തരവും നിരീക്ഷണവും.വിവാഹമോചന നടപടികൾ പൂർത്തിയാകും വരെ ഒരേ വീട്ടിൽ തുടരാനും എന്നാൽ ഭാര്യയെ ശല്യം ചെയ്യാൻ പാടില്ലെന്നും നിർദേശിച്ച കുടുംബ കോടതി വിധിയെ ഹൈക്കോടതി വിമർശിച്ചു. മോശമായി പെരുമാറുന്ന ഭർത്താവിനെ വീട്ടിൽ കഴിയാൻ അനുവദിച്ച ശേഷം വീട്ടുകാരെ ശല്യം ചെയ്യരുതെന്നു പറയുന്നത് അപ്രായോഗികമാണെന്നു ജസ്റ്റിസ് മഞ്ജുള അഭിപ്രായപ്പെട്ടു. നല്ല സ്ത്രീ എന്നാൽ കുട്ടികളെ നോക്കി വീട്ടമ്മയായി കഴിയണമെന്നാണു കുറ്റാരോപിതൻ വാദിക്കുന്നത്. വീട്ടമ്മയെന്നതിന് അപ്പുറം ജോലി ചെയ്തു ജീവിക്കാൻ ആഗ്രഹിക്കുന്ന ഭാര്യയെ അംഗീകരിക്കാത്ത ഭർത്താവ് അവരുടെ ജീവിതത്തിൽ വലിയ പ്രശ്നങ്ങളുണ്ടാക്കും.

ദാമ്പത്യ ജീവിതം സുഖകരമല്ലെങ്കിൽ കൂടി പല ദമ്പതികളും ഒരുമിച്ചു താമസിക്കാറുണ്ട്. പക്ഷേ, ഒരാൾ വളരെ ക്രൂരവും മോശവുമായാണു പെരുമാറുന്നതെങ്കിൽ ഭാര്യയെയും കുട്ടികളെയും ഒരുമിച്ചു താമസിക്കാൻ നിർബന്ധിക്കാനാകില്ലെന്നു കോടതി പറഞ്ഞു.

Leave A Reply

Your email address will not be published.