” ബഫർസോൺ ” ഉത്തരവ് പുനഃപരിശിധിക്കണം, നടപ്പാക്കിയാൽ പ്രത്യാഘാതം ഗുരുതരം, കേരളം സുപ്രീം കോടതിയിൽ

0

ന്യൂഡല്‍ഹി: ബഫര്‍സോണ്‍ ഉത്തരവിനെതിരെ കേരളം സുപ്രീംകോടതിയില്‍ പുനഃപരിശോധനാ ഹര്‍ജി നല്‍കി. ചീഫ് സെക്രട്ടറിയാണ് റിവ്യൂ ഹര്‍ജി നല്‍കിയത്. സംരക്ഷിത വനമേഖലക്ക് ചുറ്റും ഒരു കിലോമീറ്റര്‍ ബഫര്‍ സോണ്‍ നിര്‍ണയിച്ച സുപ്രീം കോടതി വിധിക്കെതിരെയാണ് സംസ്ഥാന സര്‍ക്കാര്‍ പുനഃപരിശോധനാ ഹര്‍ജി ഫയല്‍ ചെയ്തത്. ഭരണഘടനയുടെ 137-ാം അനുച്ഛേദപ്രകാരമാണ് ഹര്‍ജി ഫയല്‍ ചെയ്തിരിക്കുന്നതെന്ന് വനം മന്ത്രി എ കെ ശശീന്ദ്രന്‍ അറിയിച്ചു.

വിധി നടപ്പാക്കി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയാല്‍ വലിയ പ്രത്യാഘാതം ഉണ്ടാകുമെന്നും ഹര്‍ജിയില്‍ കേരളം ചൂണ്ടിക്കാട്ടുന്നു. ബഫര്‍സോണില്‍പ്പെടുന്ന ആളുകളെ മറ്റു സ്ഥലങ്ങളിലേക്ക് പുനരധിവസിപ്പിക്കാന്‍ കഴിയില്ലെന്നും സര്‍ക്കാര്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി.  സുപ്രീംകോടതി പുറപ്പെടുവിച്ച ഉത്തരവ് പുനഃപരിശോധിക്കണമെന്നും കേരളം ആവശ്യപ്പെടുന്നു.

ഈ വർഷം ജൂൺ മൂന്നിലെ വിധി കേരളത്തിന്റെ പൊതുതാല്‍പര്യം പരിഗണിച്ച് സ്റ്റേ ചെയ്യണമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയോട് ആവശ്യപ്പെട്ടത്. കേസ് തുറന്ന കോടതിയില്‍ വാദം കേള്‍ക്കേണ്ടതുണ്ട് എന്ന് കോടതിയോട് അപേക്ഷിച്ചിട്ടുണ്ട്.

സുപ്രീംകോടതി വിധി നേരത്തെയുള്ള ഗോവ ഫൗണ്ടേഷന്‍ കേസുമായി ബന്ധപ്പെട്ട വിധിയുമായി യോജിക്കുന്നില്ല. മാത്രമല്ല 2011 ല്‍ കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിച്ച മാർഗ നിർദേശങ്ങളും പ്രായോഗികമല്ല. ബഫർ സോണില്‍ ഉള്‍പ്പെട്ട പലപ്രദേശങ്ങളും ഇപ്പോള്‍ ടൗണ്‍ ഷിപ്പുകള്‍ കൂടിയാണ്.അവിടെ ആളുകളെ മാറ്റി പാര്‍പ്പിക്കുക പ്രായോഗികമല്ലെന്നും ഹര്‍ജിയിലൂടെ കോടതിയെ അറിയിച്ചു. ഇക്കോ സെന്‍സിറ്റീവ് സോണില്‍ വിവിധ മതസ്ഥരുടെ ആരാധനാലയങ്ങളും സ്‌കൂളുകളും മറ്റ് പൊതുസ്ഥാപനങ്ങളും സ്ഥിതി ചെയ്യുന്നുണ്ട്. പരിസ്ഥിതിയും ജനജീവിതവും ഒരേപോലെ സംരക്ഷിക്കുന്ന നിലപാടാണ് ഈ കാര്യത്തില്‍ സംസ്ഥാനം സ്വീകരിക്കുന്നത്.

വന്യജീവി സങ്കേതങ്ങള്‍ക്കും ദേശീയ സംരക്ഷിത ഉദ്യാനങ്ങള്‍ക്കും ചുറ്റുമുള്ള ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ ബഫര്‍സോണ്‍ എന്ന ഉത്തരവ് കേരളത്തില്‍ നടപ്പിലാക്കുക പ്രായോഗികമായി ബുദ്ധിമുട്ടുണ്ട്. രാജ്യത്തെ ജനസാന്ദ്രതയുടെ രണ്ടിരട്ടിയിലധികമാണ് കേരളത്തിലെ ജനസാന്ദ്രത. ഈ മേഖലയില്‍ നിന്നുള്ളവരെ മാറ്റി താമസിപ്പിക്കുക പ്രായോഗികമല്ല. ജീവിക്കാനുള്ള അവകാശത്തെ ബാധിക്കുന്ന വിഷയമാണെന്നും കേരളം ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.

Leave A Reply

Your email address will not be published.