പള്ളിയില്‍ പ്രാർത്ഥനയ്ക്കിടെ വന്‍ സ്ഫോടനം; 21 പേര്‍ കൊല്ലപ്പെട്ടു

0

കാബൂള്‍: അഫ്ഗാൻ തലസ്ഥാനമായ കാബൂളില്‍ വൻ സ്ഫോടനം. പ്രാർത്ഥനയ്ക്കിടെ പള്ളിക്കുള്ളില്‍ നടന്ന സ്ഫോടനത്തിൽ 21 പേര്‍ കൊല്ലപ്പെട്ടു. വടക്കുപടിഞ്ഞാറൻ കാബൂളിലെ കോട്ടാലെ ഖർഖാനക്ക് സമീപത്തെ പള്ളിയിലാണ് വൻ സ്ഫോടനം ന‌ടന്നത്. മരണനിരക്ക് ഉയരാൻ സാധ്യതയുണ്ടെന്ന് അധികൃതര്‍ പറയുന്നു.

സ്ഫോടനത്തിൽ 21 പേർ കൊല്ലപ്പെടുകയും 40 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. വൈകുന്നേരത്തെ പ്രാര്‍ഥന ചടങ്ങുകള്‍ നടക്കുന്നതിനിടെയാണ് വലിയ സ്‌ഫോടനമുണ്ടായത്. സമീപത്തെ കെട്ടിടങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. അഫ്ഗാനിസ്ഥാനില്‍ താലിബാൻ ഭരണം ഏറ്റെടുത്ത് ഒരു വർഷം തികയുന്ന ആഴ്ചയിലാണ് സ്ഫോടനവും നടന്നിരിക്കുന്നത്.

കഴിഞ്ഞയാഴ്ച അഫ്ഗാനില്‍ താലിബാന്‍റെ മുതിര്‍ന്ന പുരോഹിതനായ ഷെയ്ഖ് റഹീമുള്ള ഹഖാനി ചാവേറാക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. കൃത്രിമ കാലില്‍ ബോംബ് ഒളിപ്പിച്ചെത്തിയാണ് ചാവേർ സ്‌ഫോടനം നടത്തിയത്. ഐഎസ് ഭീകരര്‍ ഏറെ നാളായി ഈ മതനേതാവിനെ ലക്ഷ്യം വെച്ചിരുന്നു. താലിബാന്‍ അധികാരത്തില്‍ തിരിച്ചെത്തിയ ശേഷം രാജ്യത്ത് കൊല്ലപ്പെടുന്ന ഏറ്റവും പ്രമുഖനായ വ്യക്തികളില്‍ ഒരാളാണ് അദ്ദേഹം.

ഐ.എസിനെതിരേ നിരന്തം പ്രസംഗിച്ചിരുന്ന ആളായിരുന്നു ഹഖാനി. ചാവേറാക്രമണത്തിന്‍റെ ഉത്തരവാദിത്തം പിന്നീട് ഐ.എസ് ഏറ്റെടുത്തിരുന്നു. ഷെയ്ഖ് ഹഖാനി മുമ്പ് രണ്ട് വധശ്രമങ്ങളില്‍ നിന്ന് രക്ഷപ്പെട്ടിരുന്നു. ഏറ്റവും ഒടുവില്‍ 2020 ല്‍ പാകിസ്ഥാന്‍ നഗരമായ പെഷവാറിലെ ഒരു സ്‌കൂളിനു നേരെ ആക്രമണം നടക്കുമ്പോള്‍ ഹഖാനിയും അവിടെയുണ്ടായിരുന്നു. സംഭവത്തില്‍ ഏഴ് പേര്‍ കൊല്ലപ്പെട്ടിരുന്നു. എങ്കിലും ഹഖാനി അതില്‍ നിന്നും രക്ഷപ്പെടുകയായിരുന്നു. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം പിന്നീട് ഐഎസ് ഏറ്റെടുത്തിരുന്നു.

Leave A Reply

Your email address will not be published.