കേസുകൾ റദ്ദാക്കാനുള്ള സ്വപ്നയുടെ ഹർജി തള്ളി കോടതി

0

കൊച്ചി: കേസുകൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് നൽകിയ ഹർജി ഹൈക്കോടതി തള്ളി. ഗൂഢാലോചന, കലാപാഹ്വാന കേസുകള്‍ റദ്ദാക്കണമെന്ന ആവശ്യപ്പെട്ടാണ് സ്വപ്ന ഹൈക്കോടതിയെ സമീപിച്ചത്. അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്നു ചൂണ്ടിക്കാട്ടിയാണ്, ജസ്റ്റിസ് സിയാദ് റഹ്മാൻ സ്വപ്നയുടെ ഹർജി തള്ളിയത്. മുന്‍മന്ത്രി കെ ടി ജലീലിന്റെ പരാതിയില്‍ തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസ് എടുത്ത ഗൂഢാലോചന കേസും പാലക്കാട് കസബ പൊലീസ് എടുത്ത കലാപാഹ്വാന കേസും റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് സ്വപ്ന കോടതിയെ സമീപിച്ചത്.

സ്വര്‍ണക്കടത്തിലും ഡോളർ കടത്തിലും മുഖ്യമന്ത്രിക്കും കുടുംബത്തിനും പങ്കുണ്ടെന്ന് സ്വപ്ന സുരേഷ് ആരോപിച്ചതിന് പിന്നാലെയാണ് അവർക്കെതിരെ പൊലീസ് കേസ് എടുത്തത്. ഇത് പ്രതികാര നടപടിയാണെന്ന് ആരോപിച്ചാണ് സ്വപ്ന സുരേഷ് ഹൈക്കോടതിയിൽ ഹർജി നൽകിയത്.

യാതൊരു തെളിവും ഇല്ലാതെയാണ് സ്വപ്ന ആരോപണം ഉന്നയിച്ചതെന്നും ഇതിനു പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും സര്‍ക്കാര്‍ അഭിഭാഷകൻ കോടതിയിൽ വാദിച്ചു. അന്വേഷണം തുടരുന്ന ഈ ഘട്ടത്തില്‍ കോടതി ഇടപെടരുതെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടു. ഹൈക്കോടതി സർക്കാരിന്‍റെ ആവശ്യം പരിഗണിക്കുകയും സ്വപ്നയുടെ ഹർജി തള്ളുകയുമായിരുന്നു.

Leave A Reply

Your email address will not be published.