ഗോകുലം ഗോപാലൻ നിർമ്മിച്ചു ഉണ്ണി മുകുന്ദൻ നായകനാകുന്ന ബ്രൂസ് ലീ വലിയ ക്യാൻവാസിൽ ഒരുങ്ങുന്നു

0

ഉണ്ണി മുകുന്ദൻ നായകനായി ഗോകുലം മൂവീസിൻ്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ‘ബ്രൂസ് ലീ’ ഒരുങ്ങുക വമ്പൻ ക്യാൻവാസിൽ. ചിത്രത്തിൻ്റെ പ്രഖ്യാപനമാണ് തിങ്ങിനിറഞ്ഞ പ്രേക്ഷക സാന്നിധ്യത്തിൽ നടന്നത്. മലയാള സിനിമയിലെ എക്കാലത്തേയും മെഗാഹിറ്റായ ‘പുലി മുരുകൻ്റെ’ അണിയറ ശിൽപികളായ വൈശാഖും -ഉദയ് കൃഷ്ണയുമാണ് ഈ ചിത്രത്തിൻ്റെ സംവിധായകനും തിരക്കഥാകൃത്തും.

പാൻ ഇൻഡ്യൻ സിനിമയായി വലിയ മുതൽ മുടക്കോടെ ഒരുക്കുന്ന ഈ ചിത്രത്തിലൂടെ മലയാളത്തിലെ യുവനായകനും അക്ഷൻ രംഗങ്ങളിൽ അതീവ മികവു പുലർത്തുന്നതുമായ ഉണ്ണി മുകുന്ദനാണ് ‘ബ്രൂസ് ലീ’ എന്ന ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ട് മുൻ നിരയിലേക്കു കടന്നു വരുന്നത്. സൂപ്പർ താരപരിവേഷത്തിന് ഏറ്റവും അനുയോജ്യമായ
ഒരു കഥാപാത്രമായിരിക്കും ‘ബ്രൂസ് ലീ’. കോഴിക്കോട്ടു നടന്ന ചടങ്ങിൽ ഗോകുലം മൂവി സ് ഉടമ ഗോകുലം ഗോപാലനാണ് ടൈറ്റിൽ ലോഞ്ച് നടത്തിയത്.

ഉണ്ണി മുകുന്ദനെ നായകനാക്കി മല്ലു സിംഗ് ഒരുക്കി 12 വർഷങ്ങൾക്കു ശേഷമാണ് ഒന്നിച്ചൊരു ചിത്രം സംവിധാനം ചെയ്യുന്നതെന്ന് വൈശാഖ് ഓർമ്മപ്പെടുത്തി. ഉണ്ണി മുകുന്ദനു പുറമേ ബോളിവുഡ്, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലെ അഭിനേതാക്കളാണ് ഈ ചിത്രത്തിൽ അണിനിരക്കുന്നത്. മലയാളത്തിൽ നിന്നും ഉണ്ണി മുകുന്ദൻ മാത്രമേ അഭിനയിക്കുന്നുള്ളൂ.

ആക്ഷൻ രംഗങ്ങളിൽ ലോകമെമ്പാടും ജനങ്ങൾ ഹീറോ ആയി കാണുന്ന ബ്രൂസ് ലീയുടെ ആക്ഷൻ രംഗങ്ങളോട് കിടപിടിക്കും വിധത്തിലുള്ള ഒരു സമ്പൂർണ്ണ ആക്ഷൻ ചിത്രമായിരിക്കുമിതെന്ന് തിരക്കഥാകൃത്ത് ഉദയ് കൃഷ്ണ പറഞ്ഞു. ഇൻഡ്യൻ സിനിമയിലെ വൻകിട ചിത്രങ്ങൾക്ക് സംഘട്ടനമാരുക്കി പ്രശസ്തി നേടിയ രാം ലഷ്മണന്മാരാണ് ഈ ചിത്രത്തിൻ്റെ സംഘട്ടനം കൈകാര്യം ചെയ്യുന്നത്. ‘EVERY ACTION HAS CONSEQUENCES’ എന്ന ടാഗ് ലൈനോടെയാണ് ചിത്രം എത്തുക.

Leave A Reply

Your email address will not be published.