നോട്ടു നിരോധനം; ഇന്നു മുതല്‍ കോണ്‍ഗ്രസ്സിന്‍റെ രാജ്യ വ്യാപക പ്രതിഷേധം, കളക്‌ട്രേറ്റുകള്‍ ഉപരോധിക്കും

ന്യുഡല്‍ഹി: ഇന്നു മുതല്‍ നോട്ടു നിരോധനത്തിനെതിരെ കോണ്‍ഗ്രസ്സിന്‍റെ രാജ്യ വ്യാപക പ്രതിഷേധം‍. ഒരു മാസം നീണ്ടു നില്‍ക്കുന്ന പ്രക്ഷോഭമാണ് കോണ്‍ഗ്രസ് ആസൂത്രണം ചെയ്തിട്ടുള്ളത്. ആദ്യഘട്ട പ്രതിഷേധം ജനുവരി പത്തിന് അവസാനിക്കും. ആദ്യ ഭാഗമായി രാജ്യത്തെ എല്ലാ കളക്‌ട്രേറ്റുകളും ഇന്ന് ഉപരോധിക്കും. ബ്ലോക്ക്തലം മുതല്‍ ദേീയതലം വരെ നീണ്ടു നില്‍ക്കുന്ന പ്രതിഷേധം മൂന്നു ഘട്ടങ്ങളായാണ്. ഒന്‍പതാം തീയതി മഹിളാ കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ്, എന്‍എസ്‌യുഐ എന്നീ സംഘടനകളുടെ നേതൃത്വത്തില്‍ ബ്ലോക്ക്തലത്തില്‍ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിക്കും.

ഈ മാസം 11ന് ദില്ലിയില്‍ നടക്കുന്ന ദേശീയ കണ്‍വെന്‍ഷനോടെയാകും രണ്ടാം ഘട്ടത്തിന്‍റെ തുടക്കം. മൂന്നാം ഘട്ട പ്രക്ഷോഭങ്ങള്‍ ഈ മാസം 20 മുതല്‍ 30 വരെ നടക്കും. എല്ലാ സംസ്ഥാനങ്ങളിലും നിന്നുമുള്ള ക്ഷണിക്കപ്പെട്ട പ്രതിനിധികള്‍ കണ്‍വെന്‍ഷനില്‍ പങ്കെടുക്കും. നേരത്തേ പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നിച്ച് പ്രക്ഷോഭങ്ങള്‍ നടത്തിയിരുന്നു. പ്രതിപക്ഷത്തിന്‍റെ പ്രക്ഷോഭത്തില്‍ ശീതകാല സമ്മേളനം പൂര്‍ണ്ണമായും തടസ്സപ്പെട്ടിരുന്നു. എന്നാല്‍ ഇതിനിടെ രാഹുല്‍ ഗാന്ധി നരേന്ദ്ര മോദിയുമായി കൂടികാഴ്ച നടത്തിയത് പ്രതിപക്ഷ ഐക്യത്തില്‍ വിള്ളല്‍ വരുത്തി.

Comments are closed, but trackbacks and pingbacks are open.