ഫെബ്രുവരി ആദ്യം തന്നെ അമേരിക്കന്‍ സന്ദര്‍ശനത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി ബ്രിട്ടണ്‍

ലണ്ടന്‍: ഈ മാസം ഇരുപതിന് അമേരിക്കന്‍ പ്രസിഡന്റായി സ്ഥാനമേല്‍ക്കുന്ന ഡൊണാള്‍ഡ് ട്രംപിന്‍റെ ആദ്യ വിശിഷ്ടാതിഥി ബ്രിട്ടന്‍റെ തെരേസ മേ ആയിരിക്കുമെന്ന് സൂചന. അമേരിക്കയുടെ എക്കാലത്തെയും അടുത്ത സുഹൃത്തായ ബ്രിട്ടണ്‍ അധികാര മാറ്റം വന്നാലും ഊഷ്മള ബന്ധം തുടരുമെന്ന് വ്യക്തമാക്കാനാണ് തെരേസ മേയുടെ സന്ദര്‍ശനം. ട്രംപിന്‍റെ പല നിലപാടുകളോടും എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നെങ്കിലും അദ്ദേഹം പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ തെരേസ മേ ഫോണിലൂടെ വിളിച്ച് അഭിനന്ദനം അറിയിച്ചിരുന്നു. ഫെബ്രുവരി ആദ്യം തന്നെ അമേരിക്കന്‍ സന്ദര്‍ശനത്തിനുള്ള ഒരുക്കങ്ങളെല്ലാം ബ്രിട്ടണ്‍ പൂര്‍ത്തിയാക്കി കഴിഞ്ഞു. കൂടികാഴ്ചയ്ക്കായി ട്രംപ് അപ്പോള്‍ തന്നെ തെരേസ മേയെ ക്ഷണിക്കുകയും ചെയ്യ്തിരുന്നു. ബ്രക്‌സിറ്റ് ചൂടു പിടിക്കുന്ന സാഹചര്യത്തില്‍ ഈ കൂടികാഴ്ച ഏറെ പ്രാധാന്യമര്‍ഹിക്കുന്നു. ബ്രക്‌സിറ്റിന് എതിരായിരുന്നു ബറാക് ഒബാമ. ബ്രിട്ടണ്‍ യൂറോപ്യന്‍ യൂണിയനില്‍ തുടരണമെന്ന് ഒബാമ പല തവണ ആവശ്യപ്പെട്ടിരുന്നു. ഇതിനായി ബ്രിട്ടണില്‍ പരോക്ഷ പ്രചരണം പോലും നടത്താന്‍ ഒബാമ തയ്യാറായി. എന്നാല്‍ ബ്രക്‌സിറ്റിനെ ട്രംപ് അനുകൂലിക്കുന്നു. അതിനാല്‍ പുതിയ പ്രസിഡന്റിന്‍റെ നിലപാടുകള്‍ അമേരിക്ക ബ്രിട്ടണ്‍ ബന്ധം കൂടുതല്‍ ശക്തമാക്കും.

Comments are closed, but trackbacks and pingbacks are open.