ആരാധകര്‍ക്ക് ആവേശമായി പോലിസ് വോളി താരങ്ങള്‍

0

നാദാപുരം: വോളിബോള്‍ കളത്തിലെ മിന്നും താരങ്ങളായ അഞ്ചുപേര്‍ക്ക് പോലീസ് ഉദ്യോഗസ്ഥരായി നിയമനം ലഭിച്ചപ്പോള്‍ അവര്‍ മറുത്തൊന്നും ആലോചിച്ചില്ല. ക്രമസമാധാനപാലനത്തോടൊപ്പം അവരുടെ മനംനിറയെ ജീവനുതുല്യം സ്നേഹിച്ച വോളിബോളായിരുന്നു. ഇന്ന് തലമുറകള്‍ക് ആവേശമാകുകയാണ് ഈ പോലിസ് വോളി താരങ്ങള്‍.
25 വര്‍ഷംമുമ്ബ് വോളിബോളിനെ സ്നേഹിക്കുന്നവര്‍ ചേര്‍ന്ന് രൂപവത്കരിച്ച വാണിമേലിലെ ബ്രദേഴ്സ് ക്ലബ്ബിന് സംസ്ഥാന ഇന്റര്‍ക്ലബ്ബ് വോളിക്ക് ആതിഥ്യമരുളാന്‍ ഭാഗ്യം ലഭിച്ചപ്പോള്‍ അവരുടെ മനസ്സുനിറഞ്ഞു.
ഇപ്പോഴത്തെ അവരുടെ കൂട്ടായപ്രവര്‍ത്തനം സംഘാടക വേഷത്തിലാണ്.കണ്ണൂര്‍ ടൗണ്‍ സി.ഐ. എം.പി. ആസാദ്, കോഴിക്കോട് ടൗണ്‍ സി.ഐ. ടി.കെ. അഷ്റഫ്, കോഴിക്കോട് വിജിലന്‍സ് സി.ഐ. വി.എം. അബ്ദുല്‍വഹാബ്, വൈത്തിരി സി.ഐ. എ.പി. ചന്ദ്രന്‍, ബാലുശ്ശേരി എസ്.ഐ. എന്‍. യൂസഫ് എന്നിവരാണ് ഇന്റര്‍ക്ലബ്ബ് വോളിബോള്‍ മേളയുടെ വിജയത്തിനായി സജീവമായി രംഗത്തുള്ളത്. നാലുപേരും വാണിമേല്‍ ഗ്രാമപ്പഞ്ചായത്ത് സ്വദേശികളാണ്. യൂസഫും സി.ഐ.മാരായ ആസാദും അഷ്റഫും വഹാബും ബ്രദേഴ്സ് ക്ലബ്ബിന്റെ ആദ്യകാല പ്രധാന ഭാരവാഹികളുമായിരുന്നു.
കണ്ണൂര്‍ ടൗണ്‍ സി.ഐ.യായ ആസാദ് ഡിഗ്രിക്ക് തലശ്ശേരി ബ്രണ്ണന്‍ കോളേജില്‍ പഠിക്കുന്ന സമയത്ത് കോളേജിന്റെ വോളിബോള്‍ ക്യാപ്റ്റനായിരുന്നു. പി.ജി.ക്ക് പഠിക്കുന്ന സമയത്ത് കോഴിക്കോട് യൂണിവേഴ്സിറ്റിക്കുവേണ്ടി നിരവധിതവണ ജേഴ്സി അണിഞ്ഞിട്ടുണ്ട്. വിജിലന്‍സ് സി.ഐ.യായ വി.എം. അബ്ദുല്‍വഹാബ് വടകര മടപ്പള്ളി കോളേജില്‍ പ്രീഡിഗ്രി, ഡിഗ്രി എന്നിവയ്ക്ക് പഠിക്കുമ്ബോള്‍ കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ കളിക്കാരനായിരുന്നു. 94-ല്‍ കേരളാ പോലീസ് ടീമില്‍ അംഗമായിരുന്നു.
ഡിഗ്രിക്ക് മൊകേരി കോളേജില്‍ പഠിക്കുന്ന സമയത്ത് കോളേജ് ക്യാപ്റ്റനായിട്ടാണ് ടി.കെ. അഷ്റഫ് വോളിബോള്‍ രംഗത്തെത്തുന്നത്. പി.ജി.ക്ക് മലബാര്‍ ക്രിസ്ത്യന്‍ കോളേജില്‍ പഠിക്കുമ്ബോള്‍ കോളേജ് ടീമിന്റെ ക്യാപ്റ്റനായിരുന്നു. കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ കളിക്കാരനുമായിരുന്നു. അതിനിടയില്‍ നിരവധി വിഷയങ്ങളില്‍ പോസ്റ്റ് ഗ്രാജ്വേഷനും നിയമബിരുദവും അഷ്റഫ് നേടിയിട്ടുണ്ട്.
ബ്രദേഴ്സ് ക്ലബ്ബിന്റെ പ്രധാന ഭാരവാഹിയായ എസ്.ഐ. എന്‍. യൂസഫ് പ്രദേശത്തെ വോളിബോളിന്റെ ഉയര്‍ച്ചയ്ക്കായി ആനുകാലികങ്ങളില്‍ നിരവധി ലേഖനങ്ങള്‍ എഴുതിയിട്ടുണ്ട്. എം.ഫില്‍, പി.എച്ച്‌.ഡി. എന്നിവ കരസ്ഥമാക്കിയ യൂസഫ് കോളേജ് അധ്യാപകനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. വാണിമേലില്‍ വോളിബോളിന്റെ പുതിയ തലമുറയുടെ ഉന്നമനത്തിനുവേണ്ടി നിരവധി പ്രവര്‍ത്തനങ്ങള്‍ നടത്തി ശ്രദ്ധേയനായ വ്യക്തിയാണ് സി.ഐ. എ.പി. ചന്ദ്രന്‍.

Leave A Reply

Your email address will not be published.