ഉപഗ്രഹനിര്‍മാണം; സ്വകാര്യമേഖലയക്ക് അവസരമൊരുക്കി ഐ.എസ്.ആര്.ഒ
ന്യൂഡല്‍ഹി: ഉപഗ്രഹനിര്‍മാണത്തിന് സ്വകാര്യമേഖലക്ക് അവസരമൊരുക്കി ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ സംഘടന (ഐ.എസ്.ആര്.ഒ). മൂന്ന് വര്‍ഷം കൊണ്ട് 30 മുതല്‍ 35 ഉപഗ്രഹങ്ങള്‍ വരെ നിര്‍മിക്കാനുള്ള ടെന്‍ഡര്‍ ഐ.എസ്.ആര്.ഒ സ്വകാര്യമേഖലക്ക് നല്കി. അടുത്ത മൂന്നുനാല് വര്‍ഷങ്ങള്‍ക്കുള്ളില്‍ 58 ഉപഗ്രഹവിക്ഷേപണങ്ങളാണ് ഐ.എസ്.ആര്.ഒയുടെ ലക്ഷ്യം. ഇതിന്റെ ഭാഗമായാണ് നിര്‍മാണത്തിന്റെ 40 ശതമാനം സ്വകാര്യമേഖലക്ക് കൈമാറുന്നത്.
താല്പര്യമുള്ളവരില് നിന്ന് മികച്ച നാലോ അഞ്ചോ കമ്പനികളെ തിരഞ്ഞെടുത്ത് കരാര്‍ നല്‍കുമെന്നും, തുടര്‍ന്ന് ഉപഗ്രഹങ്ങളുടെ നിര്‍മാണം, സംയോജനം, വിക്ഷേപണം എന്നിവയില്‍ പങ്കാളികളാക്കുമെന്നും ഐ.എസ്.ആര്.ഒ ഉപഗ്രഹവിഭാഗം ഡയറക്ടര്‍ ഡോ. എം. അണ്ണാദുരൈ പറഞ്ഞു. ഇന്ത്യന്‍ ബഹിരാകാശ പരിപാടിയെക്കുറിച്ചുള്ള അന്താരാഷ്ട്ര സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇത്തരത്തില്‍ രണ്ട് ഉപഗ്രഹങ്ങള്‍ ഐ.എസ്.ആര്.ഒ നേരേത്ത നിര്‍മിച്ചിരുന്നു. ഒരു ഉപഗ്രഹം നിര്‍മിക്കാന്‍ ബംഗളൂരുവിലുള്ള സ്വകാര്യസ്ഥാപനമായ ആല്‍ഫ ഡിസൈന്‍ ടെക്നോളജീസിന്റെ സാമഗ്രികള്‍ ഉപയോഗിച്ചതായും രണ്ടാമേത്തത് ഐ.എസ്.ആര്.ഒയുടെ സൗകര്യമുപയോഗിച്ച് പൂര്‍ണമായും ആല്‍ഫ തന്നെ നിര്‍മിച്ചുവെന്നും ഒരു ഉദ്യോഗസ്ഥന് പറഞ്ഞു.