സൊഹ്റാബുദ്ദീന്‍ ഷെയ്ഖ് കേസ് : ജഡ്ജിയെ സ്വാധീനിക്കാന്‍ കൈക്കൂലി വാഗ്ദാനം ചെയ്തെന്ന് വെളിപ്പെടുത്തല്‍
മുംബൈ: സൊഹ്റാബുദ്ദീന്‍ ഷെയ്ഖ് വ്യാജ ഏറ്റുമുട്ടല്‍ കേസിലെ വിധിയെ സ്വാധീനിക്കാന്‍ ഉന്നത ഇടപെടല്‍ ഉണ്ടായിരുന്നുവെന്നു വെളിപ്പെടുത്തല്‍. അന്തരിച്ച മുന്‍ സി.ബി.ഐ. ജഡ്ജി ഹര്‍കിഷന്‍ ലോയയുടെ സഹോദരിയാണു വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുന്നത്.
കോടതി വിധിയെ സ്വാധീനിക്കാന്‍ അന്നത്തെ ബോംബെ ഹൈക്കോടതി ചീഫ് ജസ്റ്റിസ് മോഹിത് ഷാ പ്രത്യേക സി.ബി.ഐ. കോടതി ജഡ്ജി ആയിരുന്ന തന്റെ സഹോദരന് 100 കോടി രൂപ വാഗ്ദാനം നല്‍കിയിരുന്നുവെന്ന് സഹോദരി അനുരാധ ബിയാനി അവകാശപ്പെട്ടത്. ഇംഗ്ലീഷ് പ്രസിദ്ധീകരണം കാരവന് ആണ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടത്.
കേസിലെ പ്രധാന പ്രതികളില്‍ ഒരാള്‍ ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷായാണ്. സൊഹറാബുദ്ദീന്‍ ഷെയ്ഖ് കൊല്ലപ്പെട്ട ഏറ്റുമുട്ടല്‍ നടക്കുമ്ബോള്‍ ഷായായിരുന്നു ഗുജറാത്ത് ആഭ്യന്തര മന്ത്രി. നീതിന്യായ വകുപ്പും അദ്ദേഹത്തിന്റെ കൈയിലായിരുന്നു. ലോയയുടെ മരണം നടന്നു മൂന്നു വര്‍ഷത്തിനു ശേഷമാണ് നിര്‍ണായക വെളിപ്പെടുത്തലുമായി ബന്ധുക്കള്‍ രംഗത്ത് വന്നിരിക്കുന്നത്. 2014 ഡിസംബര്‍ ഒന്നിനു നാഗ്പൂരിലായിരുന്നു ലോയയുടെ അന്ത്യം. ഹൃദയാഘാതമാണ് മരണകാരണമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പറയുന്നു. എന്നാല്‍, മരണവിവരം ഭാര്യയേയോ ബന്ധുക്കളേയോ അറിയിക്കാതെ തിടുക്കം കൂട്ടി പോസ്റ്റ്മോര്‍ട്ടം നടത്തിയതില്‍ ദുരൂഹത ഉണ്ടെന്നാണു സഹോദരിയുടെയും പിതാവിന്റേയും വാദം. ലോയയുടെ മൃതദേഹത്തില്‍ കണ്ട മുറിപ്പാടുകളും ചോരപ്പാടുകളും സംശയം വര്‍ധിപ്പിക്കുന്നുണ്ട്, ലോയയുടെ ഭാര്യയും മക്കളും മൗനം തുടരുന്നത് ഭയം കാരണമാണെന്നും കാരവാന് റിപ്പോര്‍ട്ട് ചെയ്യുന്നു.
സൊഹറാബുദ്ദീന്‍ ഷെയ്ഖിനെയും ഭാര്യ കൗസര്‍ബിയെയും ഗുജറാത്ത് ഭീകരവിരുദ്ധ സ്ക്വാഡ് (എ.ടി.എസ്.) ഹൈദരാബാദില്‍ നിന്നു തട്ടിക്കൊണ്ടുപോയി ഗുജറാത്തിലെ ഗാന്ധിനഗറിനു സമീപം 2005 നവംബറില്‍ വ്യാജ ഏറ്റുമുട്ടലില്‍ വധിച്ചെന്നാണു കേസ്. ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോഡിയെ വധിക്കാന്‍ ഇവര്‍ പദ്ധതിയൊരുക്കിയെന്നാണു ഭീകരവിരുദ്ധസേന പറഞ്ഞിരുന്നത്.
തുടര്‍ന്ന് 2012 ലാണ് രാഷ്ട്രീയ സ്വാധീനങ്ങള്‍ ഒഴിവാക്കാന്‍ സൊഹറാബുദ്ദീന്‍ വ്യാജഏറ്റമുട്ടല്‍ കേസ് സുപ്രീം കോടതി ഗുജറാത്തില്‍ നിന്നും മുംബൈയിലേക്ക് മാറ്റിയത്. തുടക്കം മുതല്‍ ഒടുക്കം വരെ കേസ് ഒരേ ജഡ്ജി കേള്‍ക്കണമെന്നും സുപ്രീം കോടതി നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ ഇതിന് വിരുദ്ധമായി കേസ് ആദ്യം കേട്ടിരുന്ന ജഡ്ജി ഉത്പത്തിനെ സ്ഥലം മാറ്റി. പിന്നീട് നിയമിതനായത് ഹര്‍കിഷന്‍ ലോയയായിരുന്നു.
അമിത് ഷാ കോടതിയില്‍ ഹാജരാവാതിരുന്നത് ചോദ്യം ചെയ്തതിനു പിന്നാലെയായിരുന്നു ലോയയുടെ മരണവും. ഇത് അന്വേഷിക്കണമെന്ന് ആവശ്യമുയര്‍ന്നിരുന്നെങ്കിലും പിന്നീട് നടപടി ഉണ്ടായില്ല. 2014 ഡിസംബര്‍ അവസാനം കേസില്‍ അമിത് ഷായെ കുറ്റവിമുക്തനാക്കി കൊണ്ട് മുംബൈ പ്രത്യേക സി.ബി.ഐ. കോടതി ഉത്തരവ് പുറത്തുവന്നു.