ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പ്; ജിഗ്നേഷ് മേവാനി സ്വതന്ത്ര സ്ഥാനാര്‍ത്ഥി
ഗുജറാത്ത്: ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പില്‍ ദലിത് നേതാവ് ജിഗ്നേഷ് മേവാനി സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കും. കോണ്‍ഗ്രസിന്റെ സിറ്റിംഗ് സീറ്റായ വദ്ഗാം മണ്ഡലത്തിലാണ് മേവാനി മത്സരിക്കുന്നത്. ട്വിറ്ററിലൂടെയാണ് മത്സരിക്കുന്ന കാര്യം ജിഗ്നേഷ് മേവാനി വെളിപ്പെടുത്തിയത്.
കോണ്‍ഗ്രസിന് പരസ്യ പിന്തുണ നല്‍കിയിരുന്നില്ലെങ്കിലും ബിജെപിയെ പരാജയപ്പെടുത്തുകയാണ് തങ്ങളുടെ ലക്ഷ്യമെന്നാണ് മേവാനി ഇതുവരെ പറഞ്ഞിരുന്നത്. പട്ടേല്‍ സമര നേതാവ് ഹര്‍ദിക് പട്ടേലിനും ഒബിസി വിഭാഗ നേതാവ് അല്‍പേഷ് താക്കൂറിനുമൊപ്പം മേവാനി കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിക്കുമെന്നാണ് കരുതപ്പെട്ടിരുന്നത്. രാഹുല്‍ ഗാന്ധിയുമായി നേരത്തെ ചര്‍ച്ച നടത്തുകയും ചെയ്തിരുന്നു.
എന്നാല്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കോണ്‍ഗ്രസുമായി വിലപേശല്‍ നടത്തിയിട്ടില്ലെന്നാണ് ഏറ്റവും ഒടുവില്‍ മേവാനി വ്യക്തമാക്കിയത്. കോണ്‍ഗ്രസിന്റെ കീഴിലല്ല സ്വതന്ത്രമായി മത്സരിക്കാനാണ് തീരുമാനം. ഗുജറാത്തില്‍ 22 വര്‍ഷത്തെ ബിജെപി ഭരണത്തിന് അറുതിവരുത്തണം. ആര്‍ക്ക് വോട്ട് ചെയ്യണമെന്ന് ജനങ്ങളോട് പറയില്ല. ആര്‍ക്ക് വോട്ട് ചെയ്യണമെന്ന് ഗുജറാത്തിലെ ജനങ്ങള്‍ക്ക് അറിയാമെന്നും മേവാനി വ്യക്തമാക്കി.