ഡെപ്യൂട്ടി കളക്ടറെ അപമാനിച്ച എംഎല്‍എ ഹരീന്ദ്രനാഥ് മാപ്പ് പറയണം”-വനിത കമ്മീഷന്
തിരുവനന്തപുരം; ഡെപ്യൂട്ടി കളക്ടര്‍ എസ് ജെ വിജയയെ പരസ്യമായി അധിക്ഷേപിച്ച സികെ ഹരീന്ദ്രനാഥ് എംഎല്‍എക്കെതിരെ സംസ്ഥാന വനിതാ കമ്മീഷന്.ഡെപ്യൂട്ടി കളക്ടറോട് സംസാരിച്ച വാക്കുകള്‍ ഒരു തരത്തിലും അംഗീകരിക്കാനാവില്ലെന്ന് കമ്മീഷന് അധ്യക്ഷ എംസി ജോസഫൈന് എംഎല്‍എയെ ഫോണില്‍ വിളിച്ച് അറിയിച്ചു.എസ് ജെ വിജയയോട് ക്ഷമ പറയണണെന്നും കമ്മീഷന് സികെ ഹരീന്ദ്രനാഥിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
പാറശ്ശാല എംഎല്‍എ സികെ ഹരീന്ദ്രനാഥിനേയും,ഡെപ്യൂട്ടി കളക്ടര്‍ എസ് ജെ വിജയേയും ഫോണില്‍ വിളിച്ച് സംസാരിച്ചതിന് ശേഷമാണ് കമ്മീഷന് എംഎല്‍എക്കെതിരായ നിലപാട് എടുത്തത്.പ്രകോപിതരായി നിന്ന ജനങ്ങളെ കൂടുതല്‍ പ്രകോപിതരാക്കുന്നതായിരുന്ന നിലപാടായിരുന്നു ഡെപ്യൂട്ടി കളക്ടര്‍ എടുത്തതെന്നാണ് എംഎല്‍എയുടെ വാദം.ഈ സാഹചര്യത്തില്‍ രംഗം ശാന്തമാക്കുന്നതിന് വേണ്ടിയാണ് കടുത്ത വാക്കുകള്‍ ഉപയോഗിക്കേണ്ടി വന്നതെന്നും എംഎല്‍എ വിശദീകരിച്ചു.പക്ഷെ എത്ര പ്രകോപനം ഉണ്ടായാലും ഉപയോഗിക്കേണ്ട വാക്കുകളല്ല എംഎല്‍എയുടെ ഭാഗത്ത് നിന്നുണ്ടായതെന്ന് കമ്മീഷന് മറുപടി നല്കി.അതുകൊണ്ട് ഡെപ്യൂട്ടി കളക്ടറോട് ക്ഷമ പറയണമെന്നും സികെ ഹരീന്ദ്രനാഥിനോട് കമ്മീഷന് ആവശ്യപ്പെട്ടു.
എംഎല്‍എ നിലപാട് തിരുത്തിയില്ലെങ്കില്‍ കൂടുതല്‍ നടപടികളിലേക്ക് കടക്കുമെന്ന് കമ്മീഷന് അധ്യക്ഷ എംസി ജോസഫൈന് അറിയിച്ചു.സംഭവം ഉണ്ടായി രണ്ട് ദിവസം കഴിഞ്ഞിട്ടും കമ്മീഷന് വിഷയത്തില്‍ ഇടപെട്ടില്ലന്ന ആക്ഷേപം ഉയര്‍ന്നിരുന്നു.