ഫ്രാന്‍സിസ് മാര്‍പാപ്പയുടെ മ്യാന്‍മര്‍ സന്ദര്‍ശനം ഇന്ന് ആരംഭിക്കും

0

യാങ്കോണ്‍: ലോകം ഉറ്റുനോക്കുന്ന ഫ്രാന്‍സിസ് മാര്‍പാപ്പയുടെ മ്യാന്‍മര്‍ സന്ദര്‍ശനം ഇന്ന് തുടങ്ങും. റോഹിംഗ്യന്‍ മുസ്ലിംകള്‍ക്കെതിരായ സൈനിക ആക്രമണങ്ങളുടെ പേരില്‍ ലോകരാഷ്ട്രങ്ങളുടെ വിമര്‍ശനമേറ്റുവാങ്ങിയ മ്യാന്‍മറിനും പുറമെ, ലക്ഷക്കണക്കിന് മ്യാന്‍മര്‍ അഭയാര്‍ഥികള്‍ കഴിയുന്ന അയല്‍ രാജ്യമായ ബംഗ്ലാദേശും മാര്‍പ്പാപ്പ സന്ദര്‍ശിക്കുന്നുണ്ട്. തിങ്കളാഴ്ച യാങ്കൂണ്‍ വിമാനത്താവളത്തിലിറങ്ങുന്ന മാര്‍പാപ്പ, താമസസ്ഥലത്തേക്കുള്ള യാത്രാമധ്യേ ആറിടങ്ങളില്‍ ജനക്കൂട്ടത്തെ ആശീര്‍വദിച്ചാണു നീങ്ങുക.
മ്യാന്‍മര്‍ നേതാക്കളുമായി ചൊവ്വാഴ്ചയാണ് കൂടിക്കാഴ്ച. മ്യാന്‍മര്‍ നേതാവ് ആങ് സാന്‍സൂചി, പ്രസിഡന്റ് തിന്‍ ക്യോ, മ്യാന്‍മാര്‍ സേനാമേധാവി മിന്‍ ആങ് ലൈംഗ് എന്നിവരുമായാണ് കൂടിക്കാഴ്ച നടത്തുക. ബുദ്ധമതനേതാക്കളെയും അദ്ദേഹം കാണും. ഭൂരിപക്ഷവും ബുദ്ധമതവിശ്വാസികളായ മ്യാന്‍മാറില്‍ ഒരുശതമാനം മാത്രമാണ് റോമന്‍ കത്തോലിക്കര്‍. ഇവിടെ ക്രിസ്ത്യന്‍ വിശ്വാസികള്‍ ജനസംഖ്യയുടെ ആറ് ശതമാനം വരും. എന്നാല്‍ ഭൂരിപക്ഷ ബുദ്ധമതവിശ്വാസികളുടെയും സൈന്യത്തിന്റെയും അതിക്രമങ്ങള്‍ക്ക് വിധേയരായ റോഹിംഗ്യന്‍ മുസ്ലിംകളുടെ പ്രതിനിധികളെ കാണാന്‍ സാധ്യതയില്ലെന്നാണ് വിലയിരുത്തപ്പെടുന്നത്.
അതേസമയം, റോഹിംഗ്യന്‍ പ്രശ്നത്തെക്കുറിച്ച്‌ മ്യാന്‍മറില്‍ വെച്ച്‌ എന്തെങ്കിലും പറയാന്‍ അദ്ദേഹം തയ്യാറാവുമോ എന്നാണ് ലോകം ഉറ്റുനോക്കുന്നത്. പ്രത്യേകിച്ച്‌ റോഹിംഗ്യ എന്ന വാക്ക് അദ്ദേഹം ഉപയോഗിക്കുമോ എന്നതും കണ്ടറിയണം. റോഹിംഗ്യക്കാരെ പൗരന്‍മാരായി അംഗീകരിക്കാത്ത മ്യാന്‍മാര്‍ ഭരണകൂടം ഈ പേര് ഉപയോഗിക്കാറില്ല. പകരം ബംഗ്ലാദേശില്‍ നിന്ന് കുടിയേറിപ്പാര്‍ത്തവര്‍ എന്ന അര്‍ഥത്തില്‍ ബംഗാളികള്‍ എന്നാണ് റോഹിംഗ്യന്‍ മുസ്ലിംകളെ മ്യാന്‍മര്‍ അധികൃതര്‍ വിശേഷിപ്പിക്കാറ്.
അതേസമയം ആറ് ദിവസത്തെ ഏഷ്യന്‍ സന്ദര്‍ശനത്തിന്റെ ഭാഗമായി മ്യാന്‍മറില്‍ നിന്ന് 30ന് ബംഗ്ലാദേശിലെത്തുന്ന മാര്‍പാപ്പ, ഇവിടത്തെ റോഹിംഗ്യന്‍ അഭയാര്‍ഥി ക്യാമ്ബുകളില്‍ സന്ദര്‍ശനം നടത്തുമെന്നാണ് കരുതുന്നത്. മാര്‍പാപ്പയുടെ ആദ്യ ദക്ഷിണേഷ്യ സന്ദര്‍ശനമാണിത്.

Leave A Reply

Your email address will not be published.