ഹാദിയ കേസ്; സുപ്രിംകോടതി വാദം തുടങ്ങി

0

ദില്ലി: ഹാദിയ കേസില്‍ സുപ്രിംകോടതിയില്‍ നടപടി ക്രമങ്ങള്‍ തുടങ്ങി. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ മൂന്നംഗബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. എഎം ഖാന്‍വില്‍ക്കര്‍, ഡിവൈ ചന്ദ്രചൂഢ് എന്നിവരാണ് ഡിവിഷന്‍ ബെഞ്ചിലെ മറ്റ് ജഡ്ജിമാര്‍.
കേസില്‍ ഹാദിയയുടെ അച്ഛന്‍ അശോകന്റെ അഭിഭാഷകന്‍ ശ്യാം ദിവാന്റെ വാദം തുടങ്ങി. തുറന്ന കോടതിയിലെ വാദം പുനഃപരിശോധിക്കണമെന്നും ജഡ്ജിമാര്‍ നേരിട്ട് ഹാദിയയുമായി സംസാരിക്കണമെന്നും അഭിഭാഷകന്‍ ആവശ്യപ്പെട്ടു. ഷെഫിന്‍ ജഹാന്റെ തീവ്രവാദ ബന്ധത്തിന് തെളിവുണ്ടെന്ന് അശോകന്റെ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു.
ഇത് തെളിയിക്കുന്ന വീഡിയോയും ശബ്ദസന്ദേശങ്ങളും കൈവശമുണ്ടെന്നും അഭിഭാഷകന്‍ പറഞ്ഞു. ഐഎസ് റിക്രൂട്ടര്‍ മന്‍സിയോട് ഷെഫീന്‍ ജഹാന്‍ സംസാരിച്ചിട്ടുണ്ട്. ഒരാളെ ഐഎസില്‍ ചേര്‍ത്താല്‍ എത്ര പണം കിട്ടുമെന്ന് ഷെഫിന്‍ ജഹാന്‍ ചോദിച്ചുവെന്നും അഭിഭാഷകന്‍ കോടതിയില്‍ അറിയിച്ചു. വര്‍ഗീയ പ്രത്യാഘാതങ്ങള്‍ക്ക് ഇടയാക്കുന്ന കേസാണിതെന്നും അഭിഭാഷകന്‍ കോടതിയില്‍ വ്യക്തമാക്കി.
സുരക്ഷ പരിഗണിച്ച്‌ ബുള്ളറ്റ് പ്രൂഫ് കാറിലാണ് ഹാദിയയെ കേരള ഹൗസില്‍ നിന്നും കോടതിയിലെത്തിച്ചത്. മാതാപിതാക്കള്‍ക്കൊപ്പമാണ് ഹാദിയ കോടതിയില്‍ എത്തിയത്. വാദം അടച്ചിട്ട മുറിയില്‍ വേണമെന്ന് ഹാദിയയുടെ അച്ഛന്‍ അശോകന്റെ ആവശ്യം കോടതി അംഗീകരിക്കാന്‍ ഇടയില്ല. നേരത്തെ ഇക്കാര്യം അശോകന്‍ വാക്കാല്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും കോടതി അംഗീകരിച്ചിരുന്നില്ല.
വലിയ തോതില്‍ ആശയം അടിച്ചേല്‍പ്പിക്കപെട്ട ഹാദിയയുടെ മൊഴി കണക്കിലെടുക്കാനാവില്ലെന്നാണ് എന്‍ഐഎ നിലപാട് ഇക്കാര്യം ചൂണ്ടിക്കാട്ടി എന്‍ഐഎ കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. കേരളത്തില്‍ മതം മാറ്റത്തിന് വിധേയരായ നിരവധി ആളുകളില്‍ ഇത്തരത്തില്‍ ആശയങ്ങള്‍ അടിച്ചേല്‍പ്പിച്ചിട്ടുണ്ട്. ഇതിനു തെളിവായി അത്തരം ആളുകളുടെ മൊഴികളും സുപ്രിംകോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ എന്‍ഐഎ ഉള്‍പെടുത്തിയിട്ടുണ്ട്.
എന്‍ഐഎ വാദങ്ങളെ അശോകനും പിന്തുണയ്ക്കും. ദുര്‍ബല മാനസികാവസ്ഥയുളള ഹാദിയയുടെ വാദങ്ങള്‍ കണക്കിലെടുക്കരുതെന്ന് അശോകനും ആവശ്യപ്പെടും. ഹാദിയയുടെ ഭാഗം കേട്ട് മാത്രം തീരുമാനത്തിലെത്തില്ലെന്ന് കോടതി നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്.

Leave A Reply

Your email address will not be published.