രാകേഷ് അസ്താനയുടെ സി.ബി.ഐ ഡയറക്ടര്‍ നിയമനം: യാതൊരു വിധ നിയമലംഘനവും നടന്നിട്ടില്ലെന്ന് കോടതി
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അടുപ്പക്കാരന് രാകേഷ് അസ്താനയെ സി.ബി.ഐ പ്രത്യേക ഡയറക്ടറാക്കിയ കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം റദ്ദാക്കാന്‍ സുപ്രീം കോടതി വിസമ്മതിച്ചു. അസ്താനയെ നിയമിച്ചതില്‍ യാതൊരു വിധ നിയമലംഘനവും നടന്നിട്ടില്ലെന്ന് കോടതി പറഞ്ഞു.
1984 ബാച്ചിലെ ഗുജറാത്ത് കേഡര്‍ ഐ.പി.എസ് ഉദ്യോഗസ്ഥനായ അസ്താനയെ ഒക്ടോബറിലാണ് കേന്ദ്ര സര്‍ക്കാര്‍ സി.ബി.ഐ പ്രത്യേക ഡയറക്ടറായി നിയമിച്ചത്. എന്നാല്‍, ഇതിനെതിരെ കോമണ്‍ കോസ് എന്ന എന്‍.ജി.ഒ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. അസ്താനയെ നിയമിച്ചത് നിയമവിരുദ്ധവും ഏകപക്ഷീയവുമാണെന്നായിരുന്നു ഹര്‍ജിക്കാരുടെ വാദം. ആദായ നികുതി വകുപ്പുമായി ബന്ധപ്പെട്ട റെയ്ഡില്‍ കണ്ടെടുത്ത ഡയറിയില്‍ അസ്താനയുടെ പേര് ഉണ്ടായിരുന്നെന്ന് ഹര്‍ജിക്കാര്‍ക്കു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന് പ്രശാന്ത് ഭൂഷണ് വാദിച്ചു. ഒരു കന്പനിയില്‍ നിന്ന് അനധികൃതമായി പണം ലഭിച്ചുവെന്നും ഭൂഷണ് ആരോപിച്ചു.
കാലിത്തീറ്റ കുംഭകോണ കേസില്‍ ബിഹാര്‍ മുന്‍ മുഖ്യമന്ത്രി ലാലു പ്രസാദ് യാദവിനെ അറസ്റ്റു ചെയ്യുന്നതില്‍ പ്രധാന പങ്ക് വഹിച്ചത് അസ്തനായാണ്. സി.ബി.ഐ ഡയറക്ടറായിരുന്ന അനില്‍ സിന്‍ഹ വിരമിച്ചപ്പോള്‍ ഇടക്കാല ഡയറക്ടറായി അസ്താന സേവനം അനുഷ്ഠിച്ചിരുന്നു.