ഓഹരി വിപണി: സൂചികയ്ക്ക് വീണ്ടും കനത്ത തിരിച്ചടി
വിദേശ ഫണ്ടുകള്‍ വില്പനക്കാരായതോടെ ഓഹരി സൂചികയ്ക്ക് വീണ്ടും തിരിച്ചടി നേരിട്ടു. ഫ്യൂച്ചേഴ്സ് ആന്‍ഡ് ഒപ്ഷന്‍സില്‍ നവംബര്‍ സെറ്റില്‍മെന്റ് മുന്നില്‍ക്കണ്ട് ഓപ്പറേറ്റര്‍മാര്‍ പൊസിഷനുകള്‍ വെട്ടിക്കുറയ്ക്കാന്‍ നടത്തിയ തിരക്കിട്ട നീക്കങ്ങള്‍ വിപണിയെ ബാധിച്ചു. ധനകാര്യസ്ഥാപനങ്ങള്ക്കൊപ്പം പ്രദേശിക ഇടപാടുകാരും വില്പനയിലേക്ക് തിരിഞ്ഞത് പ്രമുഖസൂചികകളെ പോയവാരം ഏതാണ്ട് രണ്ടര ശതമാനം തളര്‍ത്തി. ബി.എസ്.ഇ. സൂചിക 846 പോയിന്റും നിഫ്റ്റി 267 പോയിന്റും താഴ്ന്നു. കഴിഞ്ഞ രണ്ടാഴ്ചകളിലെന്നപോലെ സ്റ്റീല്‍, പൊതുമേഖല ഓഹരികള്‍ വില്പന സമ്മര്‍ദത്തിലാണ് ഇടപാടുകള്‍ തുടങ്ങിയത്.
ടെക്നോളജി, ബാങ്കിങ്, ഓയില്‍ ആന്‍ഡ് ഗ്യാസ്, ഓട്ടോമൊെബെല്, പവര്‍, എഫ്.എം.സി.ജി, ഹെല്‍ത്ത്കെയര്‍, കാപ്പിറ്റല്‍ ഗുഡ്സ് വിഭാഗങ്ങള്‍ വില്‍പ്പനക്കാരുടെ നിയന്ത്രണത്തില്‍ തളര്‍ന്നപ്പോള്‍ റിയാലിറ്റി വിഭാഗങ്ങളില്‍ നിക്ഷേപ താല്പര്യം ദൃശ്യമായി. മുന്‍നിരയിലെ 31 ഓഹരികളില്‍ 28 എണ്ണത്തിന്റെ നിരക്ക് ഇടിഞ്ഞപ്പോള്‍ മൂന്ന് ഓഹരികള്‍ മികവ് കാണിച്ചു. ടാറ്റാ മോട്ടേഴ്സ് ഓഹരി വില ആറ് ശതമാനം ഇടിഞ്ഞപ്പോള്‍ എസ്.ബി.ഐ 5.93 ശതമാനം താഴ്ന്നു. റിലയന്‍സ് ഇന്‍ഡസ്ട്രീസ്, സണ്‍ ഫാര്‍മ്മ, പവര്‍ ഗ്രിഡ്, ടാറ്റ സ്റ്റീല്‍, ഐ.സി.ഐ.സി.ഐ. ബാങ്ക് തുടങ്ങിയവയുടെ നിരക്ക് കുറഞ്ഞു. അതേ സമയം മാരുതി സുസുക്കി, കോള്‍ ഇന്ത്യ, എന്‍.ടി.പി.സി. തുടങ്ങിയവ ശ്രദ്ധിക്കപ്പെട്ടു.
ആഭ്യന്തര മ്യൂച്വല്‍ ഫണ്ടുകള്‍ 1614 കോടി രൂപ നിക്ഷേപിച്ചപ്പോള്‍ വിദേശ ഫണ്ടുകള്‍ 2772 കോടി രൂപയുടെ നിക്ഷേപം തിരിച്ചുപിടിച്ചു. വര്‍ഷാന്ത്യമായതിനാല്‍ അവര്‍ വീണ്ടും ബാധ്യതകള്‍ കുറയ്ക്കാന്‍ ഇടയുണ്ട്. ബി.എസ്.ഇ. സൂചികവാരത്തിന്റെ തുടക്കത്തില്‍ 33,733 പോയിന്റ് വരെ ഉയര്‍ന്നശേഷം ഏതാണ്ട് 900 പോയിന്റ് താഴ്ന്നു. മാര്‍ക്കറ്റ് ക്ലോസിങില്‍ സൂചിക 32,832 ലാണ്.
ഈവാരം സെന്‍സെക്സിന്റെ താങ്ങ് 32,508-32,184 പോയിന്റിലാണ്. താഴ്ന്ന റേഞ്ചില്‍ പുതിയ നിക്ഷേപങ്ങള്‍ക്കുള്ള സാധ്യതകള്‍ വിപണിയെ 33,444-ലേക്കും തുടര്‍ന്ന് 34,056 ലേക്കും ഉയര്‍ത്താം. പാരാബോളിക്ക് എസ്.എ.ആര്. സെല്ലിങ് മൂഡിലാണ്. ഫാസ്റ്റ് സ്റ്റോക്കാസ്റ്റിക്ക്, സ്ലോ സ്റ്റോക്കാസ്റ്റിക്ക്, എം.എ.സി.ഡി. തുടങ്ങിയവ തളര്‍ച്ചയിലാണ്. നിഫ്റ്റി സൂചിക വാരാന്ത്യം 10,121 പോയിന്റിലാണ്.
മുന്‍വാരം സൂചിപ്പിച്ച 10,442 പ്രതിരോധം ഭേദിക്കാനാവാതെ 10,404 ല്‍ സൂചിക വില്‍പ്പന സമ്മര്‍ദത്തില്‍ അകപ്പെട്ടു. ഒരുവേള 10,108 വരെ ഇടിഞ്ഞശേഷം ക്ലോസിങ്ങില്‍ 10,121 പോയിന്റിലാണ്. ഈ വാരം സപ്പോര്‍ട്ട് 10,018-9915 ലാണ്. തിരിച്ചുവരവ് അനുഭവപ്പെട്ടാല്‍ 10,314-10,507 ലെ പ്രതിരോധത്തിലേക്ക് ഉയരാം.
കേന്ദ്രബാങ്ക് ബുധനാഴ്ച വായ്പാ അവലോകനം നടത്തും. പലിശനിരക്കില്‍ ദേഭഗതികള്‍ക്ക് ഇടയുണ്ട്. പോയവാരം ഇടപാടുകളുടെ വ്യാപ്തി ചുരുങ്ങി. ബി.എസ്.ഇയില്‍ 21,642 കോടി രൂപയില്‍നിന്ന് 21,385 കോടി രൂപയായി താഴ്ന്നു.
അതേസമയം എന്‍.എസ്.ഇയില്‍ വ്യാപാരം 1,49,893 കോടി രൂപയില്‍നിന്ന് 1,66,518 കോടി രൂപയായി. വിനിമയ വിപണിയില്‍ അമേരിക്കന്‍ ഡോളറിന് മുന്നില്‍ രൂപയുടെ മുല്യം 32 െപെസ മെച്ചപ്പെട്ടു. 64.70 ല്‍ ഇടപാടുകള്‍ തുടങ്ങിയ രൂപ വാരാന്ത്യം 64.47-ലാണ്.
ഏഷ്യന്‍ മാര്‍ക്കറ്റുകള്‍ പലരും നേരിയ റേഞ്ചില്‍ വാരാന്ത്യം ചാഞ്ചാടി. യൂറോപ്യന്‍ ഓഹരി സൂചികകളില്‍ വാരാന്ത്യം അനുഭവപ്പെട്ട തളര്‍ച്ച യു.എസ്. മാര്‍ക്കറ്റുകളെ തളര്‍ത്തി.
രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയില്‍ ബാരലിന് 58 ഡോളറിലാണ്. ന്യൂയോര്‍ക്കില്‍ സ്വര്‍ണം ട്രോയ് ഔണ്‍സിന് 1279 ഡോളറില്‍ ക്ലോസിങ് നടന്നു.