ജിഷ്ണു പ്രണോയ് കേസ് അന്വേഷണചുമതല സി.ബി.ഐയ്ക്ക്

0

ന്യുഡല്‍ഹി: ജിഷ്ണു പ്രണോയ് കേസില്‍ അന്വേഷണം ഒടുവില്‍ സി.ബി.ഐയ്ക്ക്. അന്വേഷണം ഏറ്റെടുക്കാന്‍ സി.ബി.ഐയ്ക്ക് കഴിയുമെന്ന് കേന്ദ്രസര്‍ക്കാര്‍ ചൊവ്വാഴ്ച സുപ്രീം കോടതിയില്‍ അറിയിച്ചു. മുന്‍പ് രണ്ടു തവണ കേസ് പരിഗണിക്കുമ്പോഴും അന്വേഷണത്തിന് തയ്യാറല്ലെന്ന നിലപാടിലായിരുന്നു സി.ബി.ഐ. ഇതിന്റെ പേരില്‍ കോടതിയില്‍ നിന്ന് രൂക്ഷവിമര്‍ശനവും ഏറ്റുവാങ്ങിയിരുന്നു.
അന്വേഷണത്തിനുള്ള തീരുമാനം അഞ്ചു മാസം വൈകിയതില്‍ കോടതി ഇന്ന് അതൃപ്തി പ്രകടിപ്പിച്ചു. അന്വേഷണത്തിലെ കാലതാമസം കാരണം തെളിവുകള്‍ നഷ്ടമായേക്കുമെന്ന ആശങ്കയും കോടതി പ്രകടിപ്പിച്ചു. ഇത്തരം കേസുകളില്‍ ഉടന്‍ അന്വേഷണം ഏറ്റെടുക്കേണ്ടതായിരുന്നു. പ്രതികളുടെ ജാമ്യം റദ്ദാക്കുന്നതിന് സി.ബി.ഐയ്ക്ക് വേണമെങ്കില്‍ ഹൈക്കോടതിയെ സമീപിക്കാം. കേസ് സി.ബി.ഐ ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കേന്ദ്രം നിലപാട് അറിയിച്ചത്.
ജിഷ്ണുക്കേസില്‍ അന്വേഷണം സി.ബി.ഐയ്ക്ക് വിട്ടുകൊണ്ടുള്ള വിജ്ഞാപനം കഴിഞ്ഞ ജൂണ്‍ പതിനഞ്ചിനാണ് കേരളം പുറപ്പെടുവിച്ചത്. ഇതില്‍ തീരുമാനമെുക്കാന്‍ നാലു മാസത്തിലേറെ സമയം സി.ബി.ഐ എടുത്തതിനെ കോടതി വിമര്‍ശിച്ചിരുന്നു. സി.ബി.ഐയ്ക്ക് കേസുകളുടെ ബാഹുല്യമുണ്ടെന്നും കേരള പോലീസിന് തന്നെ അന്വേഷിക്കാവുന്നതാണെന്നുമാണ് സി.ബി.ഐ ഇതുവരെ സ്വീകരിച്ച നിലപാട്. കേസ് സി.ബി.ഐ ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് ജിഷ്ണുവിന്റെ അമ്മ മഹിജയും കോടതിയെ സമീപിച്ചിരുന്നു.

Leave A Reply

Your email address will not be published.