ദേശീയ ഹോക്കി താരത്തെ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി : കൊലപാതകമെന്ന് സംശയം

0

ന്യൂഡല്‍ഹി:ദേശീയ ഹോക്കി താരത്തെ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ജാമിയ മില്യ ഇസ്ലാമിക് കോളജ് വിദ്യാര്‍ത്ഥിയും ഡല്‍ഹിയിലെ സരോജിനി നഗര്‍ സ്വദേശിയുമായ റിസ്വാന്‍ ഖാന്‍ (22) ആണ് മരിച്ചത്. ചൊവ്വാഴ്ചയാണ് സ്വന്തം കാറില്‍ വെടിയേറ്റ നിലയില്‍ യുവാവിനെ കണ്ടത്. സംഭവം ആത്മത്യയാണെന്ന് പോലീസ് പറഞ്ഞു. അതേസമയം കൊലപാതകമാണെന്ന് ബന്ധുക്കള്‍ ആരോപിച്ചു.യുവാവിന് റോഹ്താക് കോളജില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥിനിയുമായി പ്രണയമുണ്ടായിരുന്നതായി ബന്ധുക്കള്‍ പോലീസിനോട് പറഞ്ഞു. പെണ്‍കുട്ടിയുടെ കുടുംബം റിസ്വാനെ കൊലപ്പെടുത്തിയതാണെന്നും അവര്‍ വ്യക്തമാക്കി.രാവിലെ 10 മണിയോടെയാണ് പൊലീസിന് വിവരം ലഭിക്കുന്നത്. സംഭവ സ്ഥലം സന്ദര്‍ശിച്ചപ്പോള്‍ രക്തത്തില്‍ കുളിച്ചു കിടക്കുന്ന റിസ്വാനെയാണ് കണ്ടത്. യുവാവിനടുത്തായി തോക്കും ഉണ്ടായിരുന്നതായി പോലീസ് പറഞ്ഞു. പ്രാഥമിക അന്വേഷണത്തില്‍ ആത്മഹത്യയാണെന്ന് ഡി സി പി റോമില്‍ ബാനിയാ പറഞ്ഞു. പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം കൂടുതല്‍ വ്യക്തത വരുമെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ തിങ്കളാഴ്ച വീട്ടില്‍ നിന്നുമിറങ്ങിയ റിസ്വാന്‍ പെണ്‍കുട്ടിയുടെ വീട്ടില്‍ പോയിരുന്നതായും രണ്ട് ലക്ഷം രൂപയും ഫോണും അടങ്ങിയ ബാഗ് വീട്ടുകാര്‍ക്ക് കൈമാറിയതായും പോലീസ് പറഞ്ഞു. അതേസമയം യുവാവിന് പെണ്‍കുട്ടിയെ കാണാന്‍ കഴിഞ്ഞിരുന്നില്ല. സംഭവ ദിവസം റിസ്വാന്‍ ഒരു ബാഗ് ഏല്പിച്ചെന്നും പറഞ്ഞ് ആരോ യുവാവിന്റെ വീട്ടില്‍ വിളിച്ചിരുന്നതായും പോലീസ് പറഞ്ഞു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കാറിനുള്ളില്‍ മരിച്ച നിലയില്‍ റിസ്വാന്‍ കണ്ടെത്തിയത്.

Leave A Reply

Your email address will not be published.