ഷെറിന് മാത്യൂസ് കൊലപാതകം : പ്രതികള്‍ക്ക് സ്വന്തം മകളെ കാണാനുള്ള അനുവാദം നിഷേധിച്ച് അമേരിക്കന്‍ കോടതി
ഹൂസ്റ്റണ്‍ : അമേരിക്കയിലെ ടെക്സസില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച മൂന്നു വയസ്സുകാരി ഷെറിന് മാത്യൂസിന്റെ രക്ഷിതാക്കള്‍ക്ക് സ്വന്തം മകളെ കാണാനുള്ള അനുവാദം എടുത്തു കളഞ്ഞ് അമേരിക്കന്‍ കോടതി. വളര്‍ത്തു മകളായ ഷെറിന് മാത്യൂസിന്റെ മരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ വളര്‍ത്തമ്മ സിനി മാത്യൂസിനും വളര്ത്തച്ഛന് വെസ്ലി മാത്യൂസിനുമാണ് തങ്ങളുടെ സ്വന്തം കുട്ടിയെ കാണാനുള്ള അവകാശം നഷ്ടപ്പെട്ടത്.
ഷെറിന്റെ മരണത്തില്‍ ഉത്തരവാദിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഇവര്‍ക്ക് രക്ഷിതാവെന്ന നിലയിലുള്ള ഉത്തരവാദിത്വം നിറവേറ്റാന്‍ കഴിയില്ലെന്ന് കോടതി നിരീക്ഷിച്ചു. അറസ്റ്റിന് ശേഷം ഇവരുടെ ബന്ധുക്കള്‍ക്ക് ഒപ്പമാണ് സ്വന്തം മകള്‍ കഴിയുന്നത്. കഴിഞ്ഞ ഒക്ടോബര്‍ ഏഴിനായിരുന്നു ഡാലളിലെ വീട്ടില്‍ നിന്നും മൂന്നു വയസ്സുകാരി ഷെറിന് മാത്യൂസിനെ കാണാതാകുന്നത്. ഒക്ടോബര്‍ 22 ന് വീടിന് ഒരു കിലോമീറ്റര്‍ അപ്പുറത്ത് നിന്നും ഷെറിന്റെ മൃതദേഹം കണ്ടെടുക്കുകയും ചെയ്തു.കഴിഞ്ഞ വര്‍ഷം ഇന്ത്യയിലെ ഒരു ഓര്‍ഫനേജില്‍ നിന്നുമാണ് ദമ്ബതികള്‍ ഷെറിനെ ദത്തെടുത്തത്. കുട്ടിയെ അപായപ്പെടുത്തിയെന്ന കേസിലാണ് ദമ്ബതികളെ പോലീസ് അറസ്റ്റു ചെയ്തത്. മരണത്തിന് മുന്‍പ് ഷെറിന് ശാരീരിക ഉപദ്രവം ഏല്‍ക്കേണ്ടി വന്നതായും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ഇക്കാര്യങ്ങളെല്ലാം കണക്കിലെടുത്താണ് സ്വന്തം മകളെ കാണാനുള്ള അവകാശം കോടതി എടുത്തു കളഞ്ഞത്.