റെക്കോര്‍ഡ് വിലയുമായി ചുവന്നുള്ളി : കിലോയ്ക്ക് 200 രൂപ
അങ്കമാലി: മലയാളികളുടെ പാചകവിഭവങ്ങളില് ഒഴിച്ചുകൂടാനാകാത്ത ഉള്ളിയുടെ വില കേട്ടാല്‍ കണ്ണു തള്ളും. ചില്ലറ വ്യാപാര സ്ഥാപനങ്ങളില്‍ ചെറിയ ഉള്ളിയുടെ വില 200 രൂപയാണ്. സവാളയുടെ വിലയും കുത്തനെ ഉയര്‍ന്നിരിക്കുകയാണ്.
കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ വില 30 ശതമാനത്തോളമാണ് വര്‍ധിച്ചത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഉത്പാദനം കുറഞ്ഞതോടെയാണ് ഇത്തരത്തിലൊരു പ്രതിസന്ധിയുണ്ടായതെന്ന് വ്യാപാരികള്‍ പറയുന്നു. മുംബൈയിലെ മൊത്തവ്യാപാര കേന്ദ്രങ്ങളില്‍ ചെറിയ ഉള്ളി കിലോയ്ക്ക് 150 രൂപയില്‍ നിന്നും 180 രൂപ വരെ എത്തിയിരുന്നു. തമിഴ്നാട്ടില്‍ നിന്നുമെത്തിയിരുന്ന ചെറിയ ഉള്ളിയുടെ ലോഡ് ഗണ്യമായി കുറഞ്ഞിരിക്കുകയാണ്. മഴ ചതിച്ചതാണ് കര്‍ണാടക, മഹാരാഷ്ട്ര, ആന്ധ്ര എന്നിവിടങ്ങളിലെ ഉള്ളി ഉത്പാദനത്തിനു തിരിച്ചടിയായതെന്ന് കച്ചവടക്കാര്‍ പറയുന്നു.
സവാള ഉത്പാദനത്തില്‍ മൂന്നാം സ്ഥാനത്തുള്ള മധ്യപ്രദേശിലെ പാടങ്ങളില്‍ വെള്ളം കയറിയതും ഖാരിഫ് സീസണില്‍ സവാള കൃഷി കര്‍ഷകര്‍ ഉപേക്ഷിച്ചതുമാണ് ഉത്തരേന്ത്യന്‍ വിപണിയിലെ പ്രതിസന്ധിക്കു പ്രധാന കാരണം. മധ്യപ്രദേശിലെ ഗ്വാളിയോര്‍, മഹാരാഷ്ട്രയിലെ നാസിക്, രാജസ്ഥാനിലെ അല്‍വാര്‍ എന്നിവിടങ്ങളില്‍ പ്രത്യേക സംഭരണകേന്ദ്രങ്ങള്‍ നിര്‍മിക്കുമെന്നു ഭക്ഷ്യമന്ത്രി രാം വിലാസ് പാസ്വാന് നേരത്തെ പറഞ്ഞിരുന്നു. എന്നാല്‍ ഖാരിഫ് സീസണ് അവസാനിച്ചിട്ടും യാതൊരു നടപടിയുമില്ലെന്നും ആക്ഷേപമുണ്ട്. ഈ വില വര്‍ധന രണ്ടാഴ്ചവരെ നീളുമെന്നാണ് വിലയിരുത്തല്‍.