ഓഖി ദുരന്തം: സര്‍ക്കാര്‍ പാക്കേജ് പ്രായോഗികമല്ലെന്ന് ചൂണ്ടികാട്ടി ആര്‍ച്ച് ബിഷപ് സൂസെപാക്യം
തിരുവനന്തപുരം: ഓഖി ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ഇടഞ്ഞുനില്‍ക്കുന്ന ലത്തീന്‍ സഭയുമായി അനുരഞ്ജന നീക്കങ്ങള്‍ സര്‍ക്കാര്‍ സജീവമാക്കി. സഭയുടെ പരാതികളെ കുറിച്ച് പരിശോധിക്കുമെന്നും സര്‍ക്കാര്‍ ഉറപ്പു നല്കി. അതേസമയം, സര്‍ക്കാര്‍ പ്രഖ്യാപിച്ച പാക്കേജ് പ്രായോഗികമല്ലെന്ന് ചൂണ്ടിക്കാട്ടി മേജര്‍ ആര്‍ച്ച് ബിഷപ്പ് സുസെപാക്യം സര്‍ക്കാരിനെതിരെ വീണ്ടും രംഗത്തെത്തി.
ഓഖി ചുഴലിക്കാറ്റില്‍ തുടങ്ങിയ പ്രതിഷേധം അനുരഞ്ജന ചര്‍ച്ചകള്‍ക്കിടയിലും കൂടുതല്‍ മൂര്‍ച്ഛിക്കുന്നതിന്റെ സൂചനകളാണ് കാണുന്നത്. സര്‍ക്കാരിനെതിരെ പ്രത്യക്ഷസമരം പ്രഖ്യാപിച്ച് സഭ രംഗത്തെത്തിയതോടെ സര്‍ക്കാര്‍ സമവായ ചര്‍ച്ചകള്‍ സജീവമാക്കി. സഭാ നേതൃത്വവുമായി മന്ത്രിമാരും ഇടതുപക്ഷ നേതൃത്വവും തിരക്കിട്ട കൂടിയാലോചനകളാണ് തലസ്ഥാനത്ത് നടത്തുന്നത്.
അതിനിടെയാണ് നിലപാട് കൂടുതല്‍ കടുപ്പിച്ച് ലത്തീന്‍ സഭ സര്‍ക്കാരിനെതിരെ രംഗത്തുവന്നിരിക്കുന്നത്. സര്‍ക്കാര്‍ പ്രഖ്യാപിച്ച പാക്കേജ് പ്രായോഗികമല്ലെന്നും മത്സ്യതൊഴിലാളികളുടെ പ്രതിഷേധം സ്വാഭാവികം മാത്രമാണെന്നും ലത്തീന്‍ കത്തോലിക്ക സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് സൂസെപാക്യം പറഞ്ഞു. സര്‍ക്കാര്‍ നടത്തുന്ന തെരച്ചിലിലും സഭയ്ക്ക് അതൃപ്തിയുണ്ട്. കണാതായവരുടെ എണ്ണം സംബന്ധിച്ച് അവ്യക്തതയും തുടരുകയാണ്.
ഇതിനിടയില്‍ ബിഷപ്പ് ഹൗസില്‍ എത്തിയ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി സഭാ നേതൃത്വവുമായി കൂടിക്കാഴ്ച നടത്തി. തുടര്‍നടപടികളെ കുറിച്ച് തനിക്ക് വ്യക്തമായ ധാരണകള്‍ ഉണ്ടെന്നും വിവാദത്തിനില്ലെന്നും ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി. അതേസമയം, പൊഴിയൂരില്‍ നിന്ന് കാണാതായ 45 പേരെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് മത്സ്യത്തൊഴിലാളികള്‍ കരമന-കളിയിക്കാവിള ദേശീയപാത ഉപരോധിച്ചു.