ക്രിക്കറ്റ് ജീവിതത്തിനു വിരാമം കുറിക്കനൊരുങ്ങി കെവിന് പീറ്റേഴ്സണ്
ഇംഗ്ലണ്ട് ക്രിക്കറ്റ് താരം കെവിന് പീറ്റേഴ്സണ് വിരമിക്കാനൊരുങ്ങുന്നുവെന്ന് സൂചന. ഉടന്‍ തുടങ്ങാനിരിക്കുന്ന ബിഗ് ബാഷ് ലീഗ് ആകും തന്റെ ക്രിക്കറ്റ് കരിയറിലെ അവസാന പോരാട്ടമെന്ന സൂചന കെവിന് പീറ്റേഴ്സണ് നല്‍കിക്കഴിഞ്ഞു.
ഇംഗ്ലണ്ടിന്റെ ബാറ്റിങ്ങ് ഇതിഹാസം ക്രിക്കറ്റ് ഡോട്ട് കോമിനോട് സംസാരിക്കവെയാണ് കരിയര്‍ അവസാനിപ്പിക്കുമെന്ന സൂചനകള്‍ നല്‍കിയത്. ക്രിക്കറ്റ് കളത്തിലെ തന്റെ അവസാന സമയത്തോട് അടുക്കുകയാണ്. അതിനാല്‍ തന്നെ കളിക്കളത്തിലെ അവസാന നിമിഷങ്ങള്‍ ഞാന്‍ ആസ്വദിക്കാന്‍ പോകുന്നു. ആ നിമിഷങ്ങള്‍ അടുത്തു കഴിഞ്ഞുവെന്നും പീറ്റേഴ്സണ് പറഞ്ഞു.
എന്നാണ് വിമരിക്കല്‍ എന്ന ചോദ്യം നേരിട്ടതോടെ ‘തന്റെ കരിയറിന്റെ അവസാന ഘട്ടത്തിലേയ്ക്ക് താന്‍ കടക്കുകയാണെന്ന് പീറ്റേഴ്സണ് വ്യക്തമാക്കി. ഇനി വരുന്ന ബിഗ് ബാഷ് ലീഗില്‍ താന്‍ എങ്ങനെ കളിക്കുമെന്ന് ആശ്രയിച്ചല്ല തന്റെ കരിയര്‍ നിര്‍വചിക്കേണ്ടതെന്നും, ക്രിക്കറ്റ് കളത്തിലെ ദീര്‍ഘയാത്രയില്‍ തന്റെ ഉയര്‍ച്ചയും, താഴ്ചയേയും കേന്ദ്രീകരിച്ച് തന്റെ കരിയര്‍ നേരത്തെ തന്നെ നിര്‍വചിച്ചു കഴിഞ്ഞുവെന്നും പീറ്റേഴ്സണ് കൂട്ടിച്ചേര്‍ത്തു.
ടിട്വന്റിയില്‍ ബൗളര്‍മാരുടെ പേടിസ്വപ്നമാണ് കെവിന് പീറ്റേഴ്സണ് എന്ന വെടിക്കെട്ടു ബാറ്റ്സ്മാന്. 37 ടിട്വന്റി മത്സരങ്ങളില്‍ നിന്ന് താരം 1176 റണ്‍സ് നേടിയിട്ടുണ്ട്. ഇംണ്ടിനായി 104 ടെസ്റ്റ് മത്സരങ്ങളില്‍ നിന്ന് 8181 റണ്‍സും, 136 ഏകദിനങ്ങളിലും പാഡ് അണിഞ്ഞിട്ടുണ്ട്.