ഐ.എസ്.എല്‍ : ചെന്നൈയിന് എഫ്.സിയെ തോല്‍പ്പിച്ച് മുംബൈ സിറ്റി എഫ്.സിയ്ക്ക് ജയം
മുംബൈ: വിജയം ലക്ഷ്യമിട്ടെത്തിയ ചെന്നൈയിന് എഫ്.സിയെ ഏകപക്ഷീയമായ ഒരു ഗോളിന് വീഴ്ത്തി മുംബൈ സിറ്റി എഫ്.സിക്ക് ഐ.എസ്.എല്‍ സീസണിലെ രണ്ടാം ജയം. 60ാം ല്‍ ലഭിച്ച പെനാല്‍റ്റി മനോഹരമായി ഗോള്‍വലയുടെ ഇടത് മൂലയിലേക്ക് തട്ടിയിട്ട് കാമറൂണ്‍ താരം അഖിലെ എമാനയാണ് മുംബൈക്ക് വിജയം സമ്മാനിച്ചത്. പലകുറി തങ്ങളുടെ മലയാളി താരം മുഹമ്മദ് റാഫിയുടെ തലയോളമെത്തിയ അവസരങ്ങള്‍ വലയിലാക്കാന്‍ കഴിയാതെ നിര്‍ഭാഗ്യ വലയില്‍ കുരുങ്ങുകയായിരുന്നു ചെന്നൈയിന്. ആദ്യ പകുതിയില്‍ മൂന്നോളം സുവര്‍ണാവസരങ്ങളാണ് റാഫി നഷ്ടമാക്കിയത്.
60ാം മിനിറ്റില്‍ ലക്ഷ്യത്തിലേക്ക് കുതിച്ച ബല്‍വന്ത് സിങ്ങിനെ ചെന്നൈയിന് പ്രതിരോധക്കാരന് മില്സന് അല്‍വെസ് ഫൗള്ചെയ്തിട്ടതിനാണ് റഫറി രഞ്ജിത് ബക്ഷി പെനാല്‍റ്റി വിധിച്ചത്. കരണ്‍ജിത് സിങ്ങിനെ ഇടത്തോട്ട് ചാടിച്ചശേഷം കൂളായി പന്ത് വലയുടെ ഇടത്മൂലയിലേക്ക് തട്ടിയിടുകയായിരുന്നു അഖിലെ എമാന (1-0).
ജാംഷഡ്പുരിനെ തോല്പിച്ച് പുണെ
ജാംഷഡ്പുര്‍: അഞ്ചാം മത്സരത്തിനിറങ്ങിയ ജാംഷഡ്പുരിന് സ്വന്തം തട്ടകത്തില്‍ തോല്‍വി. പുണെ സിറ്റിയാണ് ടാറ്റ സ്റ്റീല്‍ സംഘത്തെ ഒരു ഗോളിന് തോല്പിച്ചത്. കളിയുടെ 30ാം മിനിറ്റില്‍ മാഴ്സലീന്യോയെടുത്ത ഫ്രീകിക്ക് മുന്‍ ചര്‍ച്ചില്‍ ബ്രദേഴ്സ് താരം ആദില്‍ ഖാന് ഹെഡറിലൂടെ ഗോളാക്കുകയായിരുന്നു. മലയാളി താരം ആഷിഖ് കുരുണിയന് പുണെക്കായി അരങ്ങേറ്റം കുറിച്ചു.