ഉണ്ണി മുകുന്ദന്‍റെ പുതിയ ചിത്രം ചാണക്യതന്ത്രത്തിന് കൊച്ചിയില്‍ തുടക്കമായി

0

കൊച്ചി: ഉണ്ണി മുകുന്ദന്‍, അനൂപ് മേനോന്‍, ശിവദ, ശ്രുതി രാമചന്ദ്രന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്യുന്ന ‘ചാണക്യതന്ത്രം’ എന്ന ചിത്രത്തിന്റെ പൂജയും സ്വിച്ചോണ്‍ കര്‍മ്മവും ഇടപ്പള്ളി അഞ്ചുമന ദേവി ക്ഷേത്രത്തില്‍ വെച്ച്‌ നടന്നു. സംവിധായകന്‍ സിദിഖ് സ്വിച്ച്‌ ഓണ്‍ ചെയ്ത് ആദ്യ തിരി തെളിയിച്ചു. തിരക്കഥാകൃത്തും സംവിധായകനുമായ സേതു ആദ്യ ക്ലാപ് അടിച്ചു സിനിമയ്ക്കു തുടക്കം കുറിച്ചു.
സംവിധായകന്‍ കണ്ണന്‍ താമരക്കുളം, തിരക്കഥാകൃത്ത് ദിനേശ് പളളത്ത്, പ്രൊഡ്യൂസര്‍ മുഹമ്മദ് ഫൈസല്‍, അഭിനേതാക്കളായ അനൂപ് മേനോന്‍, ശ്രുതി രാമചന്ദ്രന്‍, സോഹന്‍ സീനുലാല്‍, ഡ്രാക്കുള സുധീര്‍, മുഹമ്മദ് ഫൈസല്‍, നിയാസ് , ബാലാജി ശര്‍മ, ജയകൃഷ്ണന്‍, തുടങ്ങി ചെറുതും വലുതുമായ താരങ്ങളും സംവിധായകരായ എം പദ്മകുമാര്‍, അരുണ്‍ഗോപി, അജയ് വാസുദേവ്, നാദിര്‍ഷ, വിനോദ് വിജയന്‍, ആരിഫ് എംഎല്‍ എ, തിരക്കഥാകൃത്തുക്കളായ പി എഫ് മാത്യൂസ്, ബെന്നി പി നായരമ്ബലം, ഉദയ് കൃഷ്ണ, സേതു, നിര്‍മ്മാതാക്കളായ സുബൈര്‍ വര്‍ണചിത്ര, സുനില്‍ സൂര്യ ഫിലിംസ്, ജോണി സാഗരിക, ഉള്ളാട്ടില്‍ ശശി തുടങ്ങി ഒട്ടേറെ പ്രമുഖര്‍ പങ്കെടുത്തു.
തന്ത്രങ്ങളുടെ സൂക്ഷ്മതയും കൃത്യതയും കൊണ്ടു ചരിത്രത്തില്‍ വീരപരിവേഷം നല്‍കുന്ന ചാണക്യന്‍ ശത്രുപക്ഷത്തെ ചടുലവേഗതയില്‍ നിലംപരിശാക്കുന്ന തന്ത്രശാലിയായ പോരാളിയാണ്. സിനിമയില്‍ ചാണക്യനായി എത്തുന്നത് യുവനിരയിലെ മുന്‍നിര നായകന്‍ ഉണ്ണിമുകുന്ദനാണ്.
തമിഴ്, തെലുങ്ക്, മലയാളം എന്നീ ഭാഷകളിലായി പുറത്തിറങ്ങിയ കണ്ണന്റെ സൂപ്പര്‍ഹിറ്റ് ചിത്രമായ ‘ആടുപുലിയാട്ട’ത്തിന്റെ തിരക്കഥാകൃത്തായ ദിനേശ് പളളത്താണ് തന്നെയാണ് ചാണക്യതന്ത്രത്തിനും തിരക്കഥ എഴുതിയിരിക്കുന്നത്. ശ്രുതി രാമചന്ദ്രന്‍ സായ്കുമാര്‍, സമ്ബത്ത്, ജയന്‍ ചേര്‍ത്തല, രമേഷ് പിഷാരടി, ഹരീഷ് കണാരന്‍, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, സോഹന്‍ സീനുലാല്‍, ഡ്രാക്കുള സുധീര്‍, മുഹമ്മദ് ഫൈസല്‍, അരുണ്‍ ,നിയാസ് , തുടങ്ങിയ വന്‍ താരനിരയും ചിത്രത്തിലുണ്ട്.
അച്ചായന്‍സിനു ശേഷം ഉണ്ണി മുകുന്ദനും കണ്ണന്‍ താമരക്കുളവും വീണ്ടും ഒന്നിക്കുന്ന ക്രൈം ത്രില്ലറാണ് ചാണക്യതന്ത്രം. മിറക്കിള്‍ റെയ്സിന്റെ ബാനറില്‍ മുഹമ്മദ് ഫൈസല്‍ നിര്‍മിക്കുന്ന ചിത്രം ഉള്ളാട്ടില്‍ വിഷ്വല്‍ മീഡിയാസാണ് വിതരണത്തിന് എത്തിക്കുന്നത്. ആടുപുലിയാട്ടത്തിനു ശേഷം ദിനേശ് പള്ളത്തും കണ്ണന്‍ താമരക്കുളവും ഒന്നിക്കുന്ന സിനിമ കൂടിയാണിത്.
പ്രദീപ് നായരാണ് ചിത്രത്തിന്റെ ക്യാമറ ചെയ്യുന്നത്. കൈതപ്രത്തിന്റെ വരികള്‍ക്ക് ഷാന്‍ രഹ്മാനാണ് സംഗീതം നല്‍കിയിരിക്കുന്നത്. രജത്ത് (എഡിറ്റിംഗ്), സഹസ് ബാല(കല), പ്രദീപ് രംഗന്‍ (മേക്കപ്പ്), അരുണ്‍ മനോഹരന്‍(കോസ്റ്റിയൂംസ്), മനീഷ് ഭാര്‍ഗ്ഗവന്‍ (അസോസിയേറ്റ് ഡയറക്ടര്‍), സഞ്ജു വൈക്കം (പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍) എന്നിവരാണ് സിനിമയുടെ മറ്റ് അണിയറ പ്രവര്‍ത്തകര്‍.

Leave A Reply

Your email address will not be published.