രണ്ടാം ഏകദിനം: ടോസ് നേടി ശ്രീലങ്ക ഇന്ത്യയ്ക്ക് ബാറ്റിംഗ്
ഇന്ത്യ-ശ്രീലങ്ക ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ടോസ് നേടി ശ്രീലങ്ക ഇന്ത്യയെ ബാറ്റിംഗിന് അയച്ചു.ഇന്ത്യക്കായി യുവ ഓള്‍റൌണ്ടര്‍ വാഷിങ്ടണ്‍ സുന്ദര്‍ അരങ്ങേറ്റും കുറിച്ചു. ധര്‍മശാലയിലെ നാണംകെട്ട തോല്‍വി മറികടക്കാനാണ് ഇന്ത്യ രോഹിത് ശര്‍മയുടെ കീഴിലിറങ്ങുന്നത്. 112 റണ്‍സിന് ധര്‍മശാലയില്‍ തകര്‍ന്നടിഞ്ഞ ഇന്ത്യന്‍ നിര മൊഹാലിയില്‍ വലിയ തിരിച്ചുവരവാണ് പ്രതീക്ഷിക്കുന്നത്. ഇന്ത്യക്കിത് മരണപ്പോരാട്ടം കൂടിയാണ്. തോറ്റാല്‍ പരമ്പര കൈവിടും. ജയിച്ചാല്‍ മൂന്നാം മത്സരം വിജയികളെ നിര്‍ണയിക്കും. ലങ്കന്‍ ബൌളര്‍മാരുടെ പേസാക്രമണം പ്രതിരോധിക്കാനാകാതെ വന്നതാണ് ഇന്ത്യക്ക് കഴിഞ്ഞ മത്സരത്തില്‍ വലിയ തോല്‍വി സമ്മാനിച്ചത്. എം.എസ് ധോണിയുടെ ഒറ്റയാള്‍ പോരാട്ടംകൂടിയില്ലായിരുന്നുവെങ്കില് ഇന്ത്യ റെക്കോര്‍ഡ് തോല്‍വിയിലേക്ക് കൂപ്പുകുത്തുമായിരുന്നു. അജിങ്ക്യ രാഹനെ രണ്ടാം മത്സരത്തില്‍ തിരിച്ചെത്തിയേക്കും. തോല്‍വിയില്‍ നിന്ന് പാഠമുള്‍ക്കൊണ്ട് തിരിച്ചുവരുമെന്ന് ഇന്ത്യന്‍ നായകന് രോഹിത് ശര്‍മയും വ്യക്തമാക്കി കഴിഞ്ഞു. മികച്ച ഓപ്പണിങ്ങ് കൂട്ടുകെട്ടിന് പുറമെ ശക്തമായൊരു മധ്യനിരയും ഇന്ത്യക്ക് വേണം. പലപ്പോഴും തിരിച്ചടിയാകുന്നത് മധ്യനിരയിലാണ്. ഹാര്‍ദിക് പാണ്ഡ്യ കൂടി ഫോമിലെത്തിയാല്‍ ആശ്വാസമാണ്. കാലാവസ്ഥയും പിച്ചിന്റെ സ്വഭാവവും കണക്കിലെടുത്താല്‍ ടോസ് ലഭിക്കുന്നവര്‍ ആദ്യം ഫീല്‍ഡിങ്ങ് തെരഞ്ഞെടുക്കാനാകും ശ്രമിക്കുക. മറുവശത്ത് ലങ്ക ആത്മവിശ്വാസത്തോടെയാണ് ഇറങ്ങുന്നത്. സുറങ്ക ലക്മല്‍, എയ്ഞ്ചലോ മാത്യൂസ്, ഉപ്പുള്‍ തരംഗ തുടങ്ങി ലങ്കന്‍ നിരയിലുള്ളവര്‍ പ്രതീക്ഷ പ്രകടിപ്പിക്കുന്നു. ടെസ്റ്റ് പരമ്പര നഷ്ടം ഏകദിനത്തിലൂടെ നികത്താനാണ് ശ്രീലങ്കന്‍ ശ്രമം.