ജിഷ കേസ്: ജഡ്ജിമാര്‍ക്കെതിരെ വിമര്‍ശനവുമായി ബിഎ ആളൂര്‍

0

കൊച്ചി: ജഡ്ജിമാര്‍ക്കെതിരെ വിമര്‍ശനവുമായി ബിഎ ആളൂര്‍ രംഗത്ത്.സര്‍ക്കാരിനെയും ജനങ്ങളെയും പേടിച്ചാണ് ജഡ്ജിമാര്‍ വിധി പ്രസ്താവിക്കുന്നതെന്ന് ജിഷ കേസിലെ പ്രതിഭാഗം അഭിഭാഷകന്‍ ബിഎ ആളൂര്‍. ഇത്തരത്തില്‍ വികാരത്തിന് അടിമപ്പെട്ട് ജഡ്ജിമാര്‍ വിധി പുറപ്പെടുവിച്ചാല്‍ നിയമസംവിധാനം അപകടത്തിലാകുമെന്നും ആളൂര്‍ പറഞ്ഞു.
താന്‍ പറുന്നത് വിചാരണക്കോടതികളുടെ അവസ്ഥയെക്കുറിച്ചാണെന്നും പരമോന്നത കോടതിയുള്‍പ്പെടെയുള്ള മേല്‍ക്കോടതികള്‍ ഇക്കാര്യം പരിഗണിച്ച്‌ തെറ്റുകള്‍ തിരുത്തുമെന്നാണ് ഉറച്ചുവിശ്വസിക്കുന്നതെന്നും ആളൂര്‍ പറഞ്ഞു. സൗമ്യ കേസില്‍ പ്രോസിക്യൂഷന്റെ മൗത്ത് പീസായി വിചാരണക്കോടതി മാറിയാണ് പ്രതിക്ക് വധശിക്ഷ വിധിച്ചത്.
എല്ലാവരെയും സമന്‍മാരായി കാണേണ്ട കോടതികള്‍ പക്ഷപാതത്തോടെ പെരുമാറാന്‍ പാടില്ല. ട്രയല്‍കോടതി വധശിക്ഷ വിധിച്ച സൗമ്യകേസിലെ പ്രതി ഗോവിന്ദച്ചാമിയുടെ വധശിക്ഷ സുപ്രിംകോടതി റദ്ദ് ചെയ്ത കാര്യം ആളൂര്‍ ചൂണ്ടിക്കാട്ടി. ഗോവിന്ദച്ചാമിക്ക് വേണ്ടി സുപ്രിംകോടതിയില്‍ ഹാജരായത് ആളൂരായിരുന്നു.
ജിഷ കേസിലെ പ്രതി പശ്ചിമബംഗാള്‍ സ്വദേശി അമിറുള്‍ ഇസ്ലാമിന് പരമാവധി ശിക്ഷയായ വധശിക്ഷ നല്‍കരുതെന്നും കേസില്‍ ഇപ്പോഴും സംശയങ്ങള്‍ ബാക്കിയാണെന്നും തുടരന്വേഷണം വേണമെന്നുമുള്ള പ്രതിയുടെ അഭിഭാഷകന്‍ ബിഎ ആളൂരിന്റെ വാദങ്ങളൊന്നും എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി പരിഗണിച്ചില്ല. ജിഷ വധക്കേസില്‍ ചൊവ്വാഴ്ച കോടതി, ഏക പ്രതി പശ്ചിമബംഗാള്‍ സ്വദേശി അമിറുള്‍ ഇസ്ലാം കുറ്റക്കാരനെന്ന് കണ്ടെത്തിയിരുന്നു. ശിക്ഷ പ്രതിയുടെ വാദം കൂടി കേട്ടശേഷം അറിയിക്കുമെന്ന് പ്രഖ്യാപിച്ച്‌ കോടതി ഇന്നലെ പ്രതിയുടെ വാദവും കേട്ടിരുന്നു.
ഇന്നലെ, പ്രതിയുടെ വാദം കേള്‍ക്കാന്‍ ആരംഭിച്ചപ്പോള്‍തന്നെ തന്റെ കക്ഷി നിരപരാധിയാണെന്നും കുറ്റകൃത്യത്തില്‍ ഏര്‍പ്പെട്ടിട്ടില്ലെന്നുമായിരുന്നു അഭിഭാഷകനായ ബിഎ ആളൂരിന്റെ വാദം. കേസില്‍ പുനരന്വേഷണം വേണമെന്നും മറ്റൊരു ഏജന്‍സിയുടെ അന്വേഷണം പ്രഖ്യാപിക്കണമെന്നും ആളൂര്‍ വാദിച്ചെങ്കിലും കോടതി ഇത് തള്ളിക്കളഞ്ഞു. കേസില്‍ പ്രതി കുറ്റക്കാരനാണെന്ന് നേരത്തെ തന്നെ വിധിച്ചുകഴിഞ്ഞതാണെന്നും ഇക്കാര്യം കോടതിയില്‍ ഇനി വാദം വേണ്ടെന്നും വ്യക്തമാക്കുകയായിരുന്നു. തുടര്‍ന്ന് തന്റെ കക്ഷിക്ക് മാനുഷിക പരിഗണന നല്‍കി പ്രായമടക്കമുള്ള കാര്യങ്ങള്‍ പരിഗണിച്ച്‌ പരമാവധി ശിക്ഷ നല്‍കുന്നത് ഒഴിവാക്കണമെന്നായിരുന്നു ആളൂരിന്റെ വാദം. എന്നാല്‍ ഇക്കാര്യവും കോടതി പരിഗണിച്ചില്ലെന്നാണ് പ്രതിക്ക് പരമാവധി ശിക്ഷയായ വധശിക്ഷ നല്‍കിയതിലൂടെ തെളിയുന്നത്.

Leave A Reply

Your email address will not be published.