പാര്‍ലമെന്റ് ശൈത്യകാലസമ്മേളനം ഇന്ന് മുതല്‍:39 ബില്ലുകള്‍ അവതരിപ്പിക്കപ്പെടും
ഡല്‍ഹി: പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തിന് ഇന്ന് തുടക്കമാകും. മുത്തലാഖിനെതിരായ കേന്ദ്ര നിയമമുള്‍പ്പടെ 39 ബില്ലുകള്‍ ഈ സമ്മേളനത്തില്‍ അവതരിപ്പിക്കും. മന്മോഹന് സിങിനെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പരാമര്‍ശം, ജിഎസ്ടി നടപ്പാക്കിയതിലെ പാളിച്ച എന്നിവ സഭയില്‍ ചൂടേറിയ ചര്‍ച്ചകള്‍ക്ക് വഴിവെക്കും.
പാര്‍ലമെന്റിന്റെ ശൈത്യകാലസമ്മേളനത്തില്‍ ജനുവരി 5 വരെ നീണ്ടുനില്‍ക്കും. 14 ദിവസങ്ങളാണ് ഇത്തവണ സഭ സമ്മേളിക്കുന്നത്. മുടങ്ങികിടക്കുന്ന 25 ബില്ലുകളും പുതിയ 14 ബില്ലുകളും ഈ സമ്മേളനത്തില്‍ അവതരിപ്പിക്കും. മുത്തലാഖ് നിയമവിരുദ്ധമായി പ്രഖ്യാപിക്കുന്നതിന് ലക്ഷ്യമിട്ടുള്ള മുസ്ലീം സ്ത്രീ വിവാഹാവകാശ സംരക്ഷണ ബില്ലാണ് ഈ സമ്മേളനത്തില്‍ അവതരിപ്പിക്കുന്നതിലെ ഏറ്റവും പ്രധാനപ്പെട്ടത്.
ഇതിനുപുറമെ സംസ്ഥാനങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നത് ലക്ഷ്യമിട്ടുള്ള ജിഎസ്ടി ഭേദഗതി ബില്‍, പാപ്പരത്ത നിയമഭേദഗതി ബില്‍, എന്നിവയും ഈ സമ്മേളനത്തില്‍ അവതരിപ്പിക്കും. വാടകഗര്‍ഭധാരണം നിയന്ത്രണ ഭേദഗതി ബില്‍, അഴിമതി നിരോധനനിയമം ഭേദഗതി ബില്‍ എന്നിവയുള്‍പ്പടെയുള്ളവയും പാര്‍ലമെന്റില്‍ അവതരിപ്പിക്കും. ഗുജറാത്ത് തിരഞ്ഞെടുപ്പ് കാലത്ത് മന്‍മോഹന്‍സിങിനെതിരെ പ്രധാനമന്ത്രി നടത്തിയ പരാമര്‍ശങ്ങള്‍ ഈ സമ്മേളനകാലത്തെ പ്രക്ഷുബ്ധമാക്കും ജിഎസ്ടി നടപ്പാക്കിയതിലെ അപാകതകളും ഓഖി ദുരന്തവും സഭയില്‍ ചര്‍ച്ചയാകും.
സമ്മേളനത്തിന് മുന്നോടിയായി സ്പീക്കറിന്റെ അധ്യക്ഷതയില്‍ സര്‍വ്വകക്ഷിയോഗം ചേര്‍ന്നു. സഭാനടപടികള്‍ സുഗമമായി നടത്തുന്നതിന് പ്രതിപക്ഷകക്ഷികളുടെ സഹകരണം സ്പീക്കര്‍ അഭ്യര്‍ത്ഥിച്ചു. സമ്മേളനത്തിന് മുന്നോടിയായി പ്രതിപക്ഷപാര്‍ട്ടികളുടെ യോഗവും ചേര്‍ന്നിരുന്നു.