മഹാരാഷ്ട്രയില്‍ തെരഞ്ഞെടുപ്പിന് തയാറാകാന്‍ ബിജെപിയെ വെല്ലുവിളിച്ച്‌ ശിവസേന

0

മുംബൈ: മഹാരാഷ്ട്രയില്‍ തെരഞ്ഞെടുപ്പിന് തയാറാകാന്‍ ബിജെപിയെ വെല്ലുവിളിച്ച്‌ ശിവസേന.ഗുജറാത്തിലും ഹിമാചല്‍പ്രദേശിലും ബിജെപി വന്‍വിജയം നേടുമെന്ന എക്സിറ്റ് പോളുകള്‍ പുറത്തുവന്നതിനു പിന്നാലെ മഹാരാഷ്ട്രയില്‍ തെരഞ്ഞെടുപ്പിന് തയാറാകാന്‍ വെല്ലുവിളിച്ച്‌ ശിവസേന. ഒരു വര്‍ഷത്തിനുള്ളില്‍ ഭരണത്തില്‍നിന്ന് ബിജെപിയെ പുറത്താക്കുമെന്നാണ് ശിവസേനയുടെ വെല്ലുവിളി. ശിവസേന യുവജനവിഭാഗം നേതാവ് ആദിത്യ താക്കറെയാണ് വെല്ലുവിളിയുമായി രംഗത്തെത്തിയത്. അധികം താമസിയാതെ തന്നെ തനിച്ച്‌ അധികാരത്തിലെത്താന്‍ ശിവസേനക്ക് സാധിക്കും. ഒരുവര്‍ഷത്തിനുള്ളില്‍ ബിജെപിയെ മാറ്റി പാര്‍ട്ടിക്ക് അധികാരത്തിലെത്താനാവും. അക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് ഉദ്ധവ് സാഹബും നിങ്ങളുമാണ്. എന്തൊക്കെ സംഭവിച്ചാലും തനിച്ച്‌ അധികാരത്തിലെത്തുന്നതിനായിട്ട് ആകണം നാം പ്രവര്‍ത്തിക്കേണ്ടതെന്നും ആദിത്യ പറഞ്ഞു.വ്യാഴാഴ്ച അഹമ്മദ് നഗറിലെ റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മഹാരാഷ്ട്രയിലെ രാഷ്ട്രീയ സാഹചര്യം അല്‍പം മോശമാണ്. ഈ സാഹചര്യത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പ് എന്ന് നടക്കുമെന്ന് അറിയില്ല. എന്നാല്‍ ഒരു വര്‍ഷത്തിനുള്ളില്‍ തന്നെ നടക്കുമെന്നാണ് പ്രതീക്ഷയെന്നും ആദിത്യ പറഞ്ഞു. മുംബൈ പ്രാദേശിക തെരഞ്ഞെടുപ്പിലാണ് ശിവസേന ബിജെപിയുമായുള്ള ബന്ധം അവസാനിപ്പിച്ചത്.
മഹാരാഷ്ട്രയില്‍ മുന്നണി രൂപീകരിച്ച്‌ ഭരിക്കുന്ന ശിവസേനയും ബി.ജെ.പിയും തമ്മില്‍ വിവിധ വിഷയങ്ങളില്‍ തര്‍ക്കമുണ്ടായിരുന്നു. നോട്ട് നിരോധന സമയത്തും വിളനാശം സംഭവിച്ച സമയത്തും പ്രതിപക്ഷത്തിനൊപ്പം ചേര്‍ന്ന് സേന നടത്തിയ പ്രസ്താവനകള്‍ ബി.ജെ.പിയെ വെട്ടിലാക്കി. വോട്ടെടുപ്പ് അവസാനിച്ച ഗുജറാത്തില്‍ മികച്ച പ്രചാരണം കാഴ്ച വച്ച കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ ശിവസേന പ്രശംസിക്കുകയും ചെയ്തു.

Leave A Reply

Your email address will not be published.